ഇന്ന് അയ്യങ്കാളിയുടെ 75ാം ചരമവാര്‍ഷികം; ജന്മിത്തഗര്‍വിന്റെ നെഞ്ചിലൂടെ വില്ലുവണ്ടിയോടിച്ച യജമാനന്‍'

പി പി ഷിയാസ്

തിരുവനന്തപുരം: ജന്മിത്തഗര്‍വിന്റെ കാല്‍ക്കീഴില്‍ക്കിടന്ന് നരകിച്ചിരുന്ന അധസ്ഥിതനെ സാമൂഹിക സമത്വത്തിന്റെ വഴിത്താരയിലേക്ക് ഉയിര്‍ത്തെഴുന്നേല്‍പിക്കാന്‍ പരിശ്രമിച്ച യജമാനന്‍ അയ്യങ്കാളിയുടെ 75ാം ചരമവാര്‍ഷികം ഇന്ന്. പുലയര്‍ക്ക് ചാണകത്തിന്റെ വില പോലും കല്‍പിക്കാതിരുന്ന ഒരുകാലത്താണ് അയ്യങ്കാളി പിറന്നുവീണത്. വിവേചനങ്ങള്‍ക്കു നടുവില്‍ ജീവിച്ചിരുന്ന പുലയര്‍ക്ക് ജന്‍മിത്തത്തിനെതിരായ തുറന്ന പോരാട്ടത്തിനുള്ള ആത്മവിശ്വാസവും മനോശക്തിയും പകര്‍ന്നുകിട്ടിയത് അയ്യങ്കാളിയില്‍നിന്നായിരുന്നു.
കീഴാളന്റെ ചുമലില്‍ താങ്ങിനിര്‍ത്തിയ പല്ലക്കിലേറി അഹങ്കാരത്തിന്റെ ഉത്തുംഗതയില്‍ വിരാജിച്ച ജന്മികള്‍ക്ക് നാട്ടില്‍ റോഡുകളോ വാഹനങ്ങളോ വരുന്നത് ഉള്‍ക്കൊള്ളാനാവുമായിരുന്നില്ല. എന്നാല്‍, കാളവണ്ടിയില്‍ പ്രമാണിമാര്‍ വരുമ്പോള്‍ കീഴാളര്‍ വഴിമാറി നടക്കേണ്ട അവസ്ഥയ്ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കുകയായിരുന്നു അയ്യങ്കാളി. തലപ്പാവുള്‍പ്പെടെയുള്ള പ്രമാണികളുടെ പതിവുവേഷഭൂഷാദികളില്‍ അയ്യങ്കാളി വില്ലുവണ്ടിയില്‍ സാഹസികയാത്ര നടത്തി. സവര്‍ണതയുടെ അഹന്തയ്ക്കു മുകളിലൂടെയായിരുന്നു 1863ലെ അയ്യങ്കാളിയുടെ വില്ലുവണ്ടി യാത്ര. മാറുമറയ്ക്കാന്‍ അവകാശമില്ലാത്ത സ്ത്രീവര്‍ഗത്തിന് മുലക്കച്ച ധരിക്കാന്‍ ധൈര്യം നല്‍കിയത് അയ്യങ്കാളിയായിരുന്നു. ജാതിശാസനകളെ ധിക്കരിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു.
അയിത്താചരണത്തിന്റെ വക്താക്കള്‍ ആ സാധുജനങ്ങളെ വേട്ടയാടി. ഇതുകൊണ്ടൊന്നും അയ്യങ്കാളി നല്‍കിയ സമരവീര്യം അവര്‍ കൈവിട്ടില്ല. ജാതിക്കോമരങ്ങളുടെ നെല്ലറകള്‍ നിറയ്ക്കാന്‍ കാലികളെ പോലെ പണിയെടുക്കേണ്ടിവന്നിരുന്ന കീഴാളരെ ഉടമകള്‍ക്കെതിരെ ആദ്യമായി പണിമുടക്കിലൂടെ വിപ്ലവം സൃഷ്ടിക്കാന്‍ പ്രേരിപ്പിച്ചത് അയ്യങ്കാളിയായിരുന്നു. പിന്നീട്, തൊഴിലാളികളുടെ അവകാശങ്ങള്‍ ഒരുപരിധിവരെ അംഗീകരിക്കപ്പെട്ടതോടെ 1905ല്‍ സമരം ഒത്തുതീര്‍പ്പായി.
അയ്യങ്കാളിയുടെ നേതൃത്വത്തില്‍ നടന്ന ഈ പണിമുടക്കുസമരമാണ് പിന്നീട് കേരളത്തിലുടനീളമുള്ള കര്‍ഷകത്തൊഴിലാളി മുന്നേറ്റങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്നത്. ഇതോടൊപ്പം അടിമത്വത്തിന്റെ അടയാളമായി കീഴാളസ്ത്രീകള്‍ക്ക് കഴുത്തിലണിയേണ്ടി വന്ന കല്ലുമാലകള്‍ 1915ല്‍ കൊല്ലം പീരങ്കിമൈതാനത്ത് അയ്യങ്കാളി വിളിച്ചുചേര്‍ത്ത മഹാസഭയില്‍ അവര്‍ പൊട്ടിച്ചെറിഞ്ഞു. അധസ്ഥിത സ്ത്രീജനങ്ങളുടെ സ്വാതന്ത്ര്യ പ്രഖ്യാപനമായിരുന്നു അത്. ഒപ്പം, അക്ഷരസ്വപ്‌നം അന്യമായവര്‍ക്ക് അത് പൂവണിയാന്‍ അദ്ദേഹം സാധുജനപരിപാലന സംഘവും കുടിപ്പള്ളിക്കൂടവും തുറന്നു.
1914ല്‍ പിന്നാക്കക്കാര്‍ക്ക് വിദ്യാലയപ്രവേശം അനുവദിച്ചപ്പോള്‍ അദ്ദേഹം ഒരു പുലയക്കുട്ടിയെ സ്‌കൂളില്‍ ചേര്‍ത്തു. 1911 ഡിസംബര്‍ 5ന് അയ്യങ്കാളിയെ ശ്രീമൂലം പ്രജാസഭയില്‍ അംഗമായി നാമനിര്‍ദേശം ചെയ്തു. 25 വര്‍ഷം അദ്ദേഹം ഈ നിലയില്‍ പ്രവര്‍ത്തിച്ചു. ഇത്തരത്തില്‍ കേരളത്തിന്റെ നവോത്ഥാനചരിത്രത്തിലെ മിന്നുന്ന ഏടാണ് തലസ്ഥാന ജില്ലയിലെ വെങ്ങാനൂര്‍ എന്ന ഉള്‍നാടന്‍ ഗ്രാമത്തില്‍ 1863 ആഗസ്ത് 28ന് ജനിച്ച കാളിയെന്ന അയ്യങ്കാളി. സംസ്ഥാനത്ത് വിവിധ സംഘടനകളുടെയും രാഷ്ട്രീയപ്പാര്‍ട്ടികളുടെയും നേതൃത്വത്തില്‍ ഇന്ന് അയ്യങ്കാളി ചരമവാര്‍ഷികം ആചരിക്കും.
Next Story

RELATED STORIES

Share it