kannur local

ഇന്ന് അന്താരാഷ്ട്ര മയക്കു മരുന്ന് ലഹരിവിരുദ്ധ ദിനം: ഒരുവര്‍ഷത്തിനിടെ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് 1562 കേസ്

കണ്ണൂര്‍: ഇന്ന് അന്താരാഷ്ട്ര മയക്കു മരുന്ന് ലഹരി വിരുദ്ധ ദിനം. ഓരോ വര്‍ഷം കഴിയുമ്പോഴും ജില്ലയില്‍ ലഹരിയുമായി ബന്ധപ്പെട്ട കേസുകള്‍ കൂടി വരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കഞ്ചാവ് വില്‍പന, മയക്ക് മരുന്ന് വില്‍പന, നിരോധിത പുകയില ഉല്‍പന്നങ്ങളുടെ വിതരണം, മദ്യ ഉപഭോഗം കൂടിവരികയാണെന്നാണ് റിപോര്‍ട്ടുകള്‍.
ജില്ലയില്‍ ഈ വര്‍ഷം ലഹരികളുമായി ബന്ധപ്പെട്ട് 1562 കേസുകളാണ് എക്‌സൈസ് രജിസ്റ്റര്‍ ചെയ്തത്. കണ്ണൂര്‍, തളിപ്പറമ്പ്, കൂത്തുപറമ്പ് സര്‍ക്കിള്‍ പരിധിയില്‍ റിപോര്‍ട്ട് ചെയ്ത കേസുകളാണിത്. കണ്ണൂര്‍ സര്‍ക്കിളില്‍ കണ്ണൂര്‍, പാപ്പിനിശ്ശേരി റെയ്ഞ്ചുകളും തളിപ്പറമ്പ് സര്‍ക്കിളില്‍ തളിപ്പറമ്പ്, ശ്രീകണ്ഠപുരം, പയ്യന്നൂര്‍, ആലക്കോട് റെയ്ഞ്ചുകളും, കൂത്തുപറമ്പ് സര്‍ക്കിളില്‍ കൂത്തുപറമ്പ്, തലശ്ശേരി, പിണറായി, മട്ടന്നൂര്‍, പേരാവൂര്‍, ഇരിട്ടി റെയ്ഞ്ചുകളുമാണുള്ളത്. റെയ്ഞ്ച് പരിധിയില്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍, അബ്കാരി കേസ്, മയക്ക് മരുന്ന് ഇടപാടുകള്‍ പിടികൂടിയ സംഭവങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്.
നിരോധിത പുകയില ഉല്‍പന്നങ്ങളുമായി ബന്ധപ്പെട്ട കേസാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ റിപോര്‍ട്ട് ചെയ്തത്. 810 കേസുകളാണ് ഇത്തരത്തില്‍ എക്‌സൈസ് സംഘം പിടികൂടിയത്. അബ്കാരി കേസുമായി ബന്ധപ്പെട്ട് 703 കേസുകളും റിപോര്‍ട്ട് ചെയ്തു. കള്ളവാറ്റും, വിദേശ മദ്യക്കടത്തും ഇതില്‍പെടും.
മദ്യ ലോബികളുടെ അഴിഞ്ഞാട്ടം തന്നെ ജില്ലയില്‍ പലപ്രദേശങ്ങളിലും സജീവമാണ്. ജില്ലയില്‍ മലയോര മേഖലകളില്‍ കള്ള വാറ്റും കൂടുതലായിട്ടുണ്ട്. മയക്ക് മരുന്നുമായി ബന്ധപ്പെട്ട് 49 കേസാണ് രജിസ്റ്റര്‍ ചെയ്തത്. കൂത്തുപറമ്പ് സര്‍ക്കിളില്‍ തലശ്ശേരി റെയ്ഞ്ചാണ് മയക്കുമരുന്നുകളുടെ കേന്ദ്രമായി മാറുന്നത്.
മിഠായികളിലും മറ്റു പദാര്‍ഥങ്ങളിലുമായിട്ടാണ് മയക്ക് മരുന്നു പോലുള്ള ലഹരി വസ്തുക്കള്‍ ആവശ്യക്കാരുടെ മുന്നിലെത്തുന്നത്. സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികള്‍പോലും ഇതില്‍ കണ്ണികളാവുന്നുണ്ട്.
ജില്ലയെ ലഹരി വിമുക്ത സമൂഹമായി മാറ്റാനുള്ള പരിശ്രമത്തിലാണ് എക്‌സൈസ് അധികൃതര്‍. ലോക ആരോഗ്യ സംഘടന 2020 ആകുമ്പോഴേക്കും പൂര്‍ണ ലഹരി വിമുക്ത ലോകമായി മാറ്റാനുള്ള പ്രവര്‍ത്തനത്തിലാണ്. ഇതിന് അനുബന്ധമായ പ്രവര്‍ത്തനങ്ങളാണ് എക്‌സൈസ് വകുപ്പും നടത്തുന്നത്.
സമീപദിവസങ്ങളില്‍ ഇരിട്ടി, മട്ടന്നൂര്‍, പഴയങ്ങാടി പ്രദേശങ്ങളില്‍ നിന്ന് പുകയില ഉല്‍പന്നം, കഞ്ചാവ് എന്നിവ വന്‍തോതില്‍ പിടികൂടിയിരുന്നു.
Next Story

RELATED STORIES

Share it