ഇന്നു പട്ടാഭിഷേകം

കോഴിക്കോട്: തുടര്‍ച്ചയായി 19ാം തവണയും സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ കേരളം ഇന്നു ചക്രവര്‍ത്തി പദത്തില്‍ അവരോധിക്കപ്പെടും. ഇന്നലെ തന്നെ കിരീടത്തില്‍ ഒരു കൈ ഉറപ്പിച്ച ആതിഥേയര്‍ക്ക് ഇന്നു രണ്ടു കൈകളോടെയും ഇത് ഉയ ര്‍ത്താം. മീറ്റിന്റെ നാലാംദിനമായ ഇന്നലെ ആറു പുതിയ റെക്കോഡുകളാണ് കുറിക്കപ്പെട്ടത്. ആറു റെക്കോഡുകളില്‍ നാ ലും ഒരേ ഇനത്തില്‍ തന്നെയാണെന്നതാണ് ശ്രദ്ധേയം.
കേരളം എട്ടു സ്വര്‍ണവും ഏ ഴു വെള്ളിയും അഞ്ച് വെങ്കലവുമടക്കം 20 മെഡലുകള്‍ കൂടി തങ്ങളുടെ സമ്പാദ്യത്തിലേക്കു കൂട്ടിച്ചേര്‍ത്തു. 28 സ്വര്‍ണവും 18 വെള്ളിയും 11 വെങ്കലവുമടക്കം 220 പോയിന്റോടെയാണ് കേരളം തലപ്പത്തു നില്‍ക്കുന്നത്. ആറു സ്വര്‍ണവും എട്ടു വെള്ളിയും 10 വെങ്കലവുമുള്‍പ്പെടെ 73 പോയിന്റുമായി മഹാരാഷ്ട്രയാണ് രണ്ടാംസ്ഥാനത്ത്. ആറു സ്വര്‍ണ വും നാലു വെള്ളിയും അഞ്ചു വെങ്കലവുമടക്കം 63 പോയിന്റുമായി തമിഴ്‌നാട് മൂന്നാമതുണ്ട്.
ഇവര്‍ റെക്കോഡ് ജേതാക്കള്‍
സ്വര്‍ണമെഡലുകള്‍ വാരിക്കൂട്ടിയെങ്കിലും റെക്കോഡ് പുസ്തകത്തില്‍ ഇന്നലെ കേരളത്തിന്റെ പേര് കൂട്ടിച്ചേര്‍ത്തത് ഒരാള്‍ മാത്രമാണ്. രാവിലെ നടന്ന സീനിയര്‍ പെണ്‍കുട്ടികളുടെ ഹൈജംപില്‍ എന്‍ പി സംഗീതയാണ് നാലാംദിനത്തില്‍ കേരളത്തിന്റെ ഏക റെക്കോഡിന് ഉടമ. സ്വര്‍ണമെഡല്‍ ഡല്‍ഹിയുടെ വന്‍ശിക സെജ്‌വാള്‍ കൊണ്ടു പോയെങ്കിലും രണ്ടാമതെത്തി വെള്ളി കരസ്ഥമാക്കിയ സംഗീതയുടെ പ്രകടനവും ദേ ശീയ റെക്കോഡിനെ മറികടന്നതായിരുന്നു.
സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ ലോങ്ജംപില്‍ ഡല്‍ഹിയുടെ ദേവേഷ് 6.62 മീറ്റര്‍ ചാടിയാണ് റെക്കോഡ് കരസ്ഥമാക്കിയത്. 2006ലെ പൂനെ മീറ്റില്‍ മഹാരാഷ്ട്രയുടെ സഭ ഭഗത്ത് സ്ഥാപിച്ച 6.60 മീറ്ററെന്ന ദൂരമാണ് ദേവേഷ് പഴങ്കഥയാക്കിയത്.
പെണ്‍കുട്ടികളുടെ 600 മീറ്ററി ല്‍ മഹാരാഷ്ട്രയുടെ ബംഹാനെ തായ് 1.34.11 സെക്കന്റില്‍ ഫിനിഷ് ചെയ്ത് റെക്കോഡിന് അവകാശിയായി. 2011ല്‍ പൂനെ ആതിഥേയത്വം വഹിച്ച മീറ്റില്‍ നാട്ടുകാരിയായ അഞ്ജന ദേവലു താംകെ കുറിച്ച 1.35.67 സെക്കന്റെന്ന സമയം ബംഹാനെ തകര്‍ക്കുകയായിരുന്നു.
ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹാമര്‍ത്രോയില്‍ ഡല്‍ഹിയുടെ ഹര്‍ഷിത സെഹ്‌റാവത്താണ് മറ്റൊരു ദേശീയ റെക്കോഡിന് ഉടമ. ഇതേ ഇനത്തില്‍ കേന്ദ്രീയ വിദ്യാലയത്തിനായി മല്‍സരിച്ച മലയാളി താരം എം മേധയും പുതിയ റെക്കോഡോടെയാണ് വെള്ളി കൈക്കലാക്കിയത്.
ഇന്ന് 29 ഫൈനലുകള്‍
മീറ്റിന്റെ അവസാനദിവസമായ ഇന്ന് 29 ഇനങ്ങളിലാണ് ഫൈനലുകള്‍ നടക്കുന്നത്. കേരളത്തിനു മെഡല്‍ പ്രതീക്ഷയുള്ള 800 മീറ്റര്‍, ഹര്‍ഡില്‍സ്, 4-400 മീ റിലേ എന്നിവയില്‍ ഇന്നു ഫൈനലുകളുണ്ട്.
Next Story

RELATED STORIES

Share it