ഇന്നു നിര്‍ണായക പി.എല്‍.സി. യോഗം

തിരുവനന്തപുരം: നിര്‍ണായക പി.എല്‍.സി. യോഗം ഇന്നു നടക്കാനിരിക്കെ കൂലി വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച് വീണ്ടും നിലപാട് കടുപ്പിച്ച് തോട്ടം ഉടമകള്‍. മിനിമം വേതനം 500 ആക്കണമെന്ന തൊഴിലാളികളുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് തോട്ടം ഉടമകള്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച നിലപാട് ഇന്നു നടക്കുന്ന  യോഗത്തില്‍ സര്‍ക്കാരിനെ ബോധിപ്പിക്കുമെന്നു പ്ലാന്റേഷന്‍ അസോസിയേഷന്‍ പ്രസിഡന്റ് വിനയരാഘവന്‍ പറഞ്ഞു. നിലവില്‍ 232 രൂപ മാത്രമാണ് ലഭിക്കുന്നതെന്ന വിവരം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.  തോട്ടംതൊഴിലാളികളുടെ വേതനവര്‍ധനയും ബോണസും സംബന്ധിച്ച് മന്ത്രിമാരായ ഷിബു ബേബിജോണ്‍,

ആര്യാടന്‍ മുഹമ്മദ് എന്നിവരുടെ സാന്നിധ്യത്തില്‍ ഇന്ന് രണ്ടാം പി.എല്‍.സി. യോഗം നടക്കാനിരിക്കെയാണ് തോട്ടം ഉടമകള്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നത്. കഴിഞ്ഞയാഴ്ച നടന്ന പി.എല്‍.സി. യോഗം തീരുമാനവുമാവാതെയാണു പിരിഞ്ഞത്. അതേസമയം, പ്ലാന്റേഷന്‍ നികുതിയിലും ചികില്‍സാ സഹായത്തിലും വിട്ടുവീഴ്ച ചെയ്ത് കൂലി കൂട്ടുന്ന കാര്യത്തില്‍ തോട്ടം ഉടമകളെ അനുനയിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇന്നു നടക്കുന്ന പി.എല്‍.സി. യോഗത്തില്‍ ഒത്തുതീര്‍പ്പ് ഉണ്ടാവുന്നില്ലെങ്കില്‍ മാത്രം ഇടക്കാലാശ്വാസം പ്രഖ്യാപിച്ചാല്‍ മതിയെന്നാണ് സര്‍ക്കാര്‍ നിലപാട്. കൂലി വര്‍ധിപ്പിക്കണമെന്ന തൊഴിലാളികളുടെ ആവശ്യത്തോട് പുറംതിരിഞ്ഞുനില്‍ക്കുന്ന തോട്ടം ഉടമകളെ അനുനയിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുന്നത്. പ്ലാന്റേഷന്‍ നികുതി, കാര്‍ഷിക നികുതി എന്നിവ കുറയ്ക്കുകയോ ഒഴിവാക്കുകയോ വേണമെന്നും തൊഴിലാളികള്‍ക്ക് ചികില്‍സയൊരുക്കാന്‍ സര്‍ക്കാര്‍ സഹായം വേണമെന്നും ഉടമകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

മന്ത്രിസഭാ ഉപസമിതിയുടെ നിര്‍ദേശപ്രകാരം റിപോര്‍ട്ട് തയ്യാറാക്കുന്ന അഡീഷനല്‍ ചീഫ് സെക്രട്ടറി കെ എം എബ്രഹാം ഉടമകള്‍ക്കു കൂടി സ്വീകാര്യമായ പുതിയ നിര്‍ദേശം അവതരിപ്പിക്കുമെന്നാണു സൂചന.  ഉടമകള്‍ വഴങ്ങുന്നില്ലെങ്കില്‍ മാത്രമേ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ സര്‍ക്കാര്‍ ഇടക്കാലാശ്വാസം പ്രഖ്യാപിക്കാന്‍ തയ്യാറാവൂ. പ്രതിദിനം 100 രൂപ ആശ്വാസം പ്രഖ്യാപിക്കാനാണ് ആലോചന.
Next Story

RELATED STORIES

Share it