ഇന്നു കൊട്ടിക്കലാശം

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് ഇന്നു കൊട്ടിക്കലാശം. വൈകീട്ട് 5ന് പരസ്യ പ്രചാരണങ്ങള്‍ അവസാനിക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുമ്പുതന്നെ ചെങ്ങന്നൂരില്‍ ആരംഭിച്ച പ്രചാരണം ഇന്ന് അവസാനിക്കുമെന്ന ആശ്വാസമാണ് പൊതുജനങ്ങള്‍ക്കേറെ. മുന്‍ തിരഞ്ഞെടുപ്പുകളില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പിന്നെയും ദിവസങ്ങള്‍ കഴിഞ്ഞാണ് സ്ഥാനാര്‍ഥി പ്രഖ്യാപനവും പ്രചാരണവും തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളും നടക്കുന്നത്.
എന്നാല്‍, ഇക്കുറി ചെങ്ങന്നൂരില്‍ കണ്ടത് മനുഷ്യത്വത്തെ പോലും ചോദ്യം ചെയ്യുന്ന നിലപാടുകളാണ്. മുന്‍ എംഎല്‍എ അന്തരിച്ച കെ കെ രാമചന്ദ്രന്‍ നായരുടെ ചിതയടങ്ങും മുമ്പേ സ്ഥാനാര്‍ഥി പ്രഖ്യാപനവുമായി പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. മൂന്നു മുന്നണികളും ഇതില്‍ പിന്നിലായിരുന്നില്ല. തിരഞ്ഞെടുപ്പ് യോഗങ്ങള്‍, പോസ്റ്റര്‍ പ്രചാരണം ഉള്‍പ്പെടെ നടത്തിക്കഴിഞ്ഞ് പിന്നെയും മാസങ്ങള്‍ കഴിഞ്ഞാണ് പ്രഖ്യാപനമുണ്ടായത്.
തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ആഴ്ചയിലെത്തിയപ്പോഴേക്കും സര്‍വ സീമകളും ലംഘിക്കുന്ന തരത്തിലായി പ്രചാരണ കോലാഹലങ്ങള്‍. ഓരോ സ്ഥാനാര്‍ഥികളുടെയും പേരില്‍ ഉച്ചഭാഷിണി ഘടിപ്പിച്ച നൂറുകണക്കിന് പ്രചാരണ വാഹനങ്ങളാണ് ദിവസവും ഓടിയിരുന്നത്. ഒപ്പം വിവിധ കലാരൂപങ്ങള്‍, നാടകം, സിനിമ, വീഡിയോ ഷോ എന്നിവയെല്ലാം പ്രചാരണത്തിന്റെ ഭാഗമായിരുന്നു.
ഇന്നു വൈകീട്ട് 5 മണിയോടെ പരസ്യ പ്രചാരണം അവസാനിക്കുമ്പോള്‍ ആശ്വാസമാകുന്നത് മണ്ഡലത്തിലെ ജനങ്ങള്‍ക്കു കൂടിയാണ്. പ്രചാരണത്തിനിടയില്‍ തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും വരെ ഉണ്ടായ സാഹചര്യങ്ങളുമുണ്ട്. പരസ്യ പ്രചാരണം അവസാനിക്കുന്നത് കണക്കിലെടുത്ത് മണ്ഡലത്തിലാകെ ശക്തമായ പോലിസ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it