wayanad local

ഇന്നുമുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് സമരം



മാനന്തവാടി: ജില്ലാ ബസ് ഓണേഴ്‌സ് അസോസിയേഷന്‍ പ്രഖ്യാപിച്ച കൂലി-ബത്ത വര്‍ധന നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികള്‍ ഇന്നുമുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തും. സംയുക്ത തൊഴിലാളി യൂനിയന്റെ നേതൃത്വത്തിലാണ് പണിമുടക്ക്. വെള്ളിയാഴ്ച തൊഴിലാളികള്‍ നടത്തിയ മിന്നല്‍പ്പണിമുടക്കിനെ തുടര്‍ന്ന് പ്രൈവറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ തൊഴിലാളികളുടെ വേതനവും ബത്തയും വര്‍ധിപ്പിക്കാമെന്ന് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, വൈകീട്ടോടെ ഇവര്‍ ഉറപ്പ് ലംഘിച്ചതായി ആരോപിച്ച് ശനിയാഴ്ച തൊഴിലാളികള്‍ പണിമുടക്കി. മാനന്തവാടി സിഐ സി കെ മണിയുടെ സാന്നിധ്യത്തില്‍ തൊഴിലാളി യൂനിയന്‍ പ്രതിനിധികള്‍ ബസ് ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഇന്നലെയും മാനന്തവാടിയില്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ പണിമുടക്കി. ഇതോടെ അവധി ദിവസമായിട്ടു കൂടി ഇന്നലെ മാനന്തവാടി ബസ്സ്റ്റാന്റില്‍ വന്‍ തിരക്കനുഭവപ്പെട്ടു. സ്വകാര്യ ബസ്സുകളെ മാത്രം ആശ്രയിക്കുന്ന റൂട്ടുകളിലെ യാത്രക്കാരാണ് സമരത്തെ തുടര്‍ന്ന് ഏറെ വലഞ്ഞത്. ഈ റൂട്ടുകളില്‍ അധിക സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസി തയ്യാറാവാതിരുന്നത് വ്യാപക പ്രതിഷേധത്തിനും ഇടയാക്കി. ഇന്നുമുതല്‍ കണ്ണുര്‍ ജില്ലയില്‍ നിന്നുള്ള ബസ്സുകളും ജില്ലയില്‍ സര്‍വീസ് നടത്താന്‍ അനുവദിക്കില്ലെന്നു തൊഴിലാളികള്‍ പറഞ്ഞു. പ്രിയദര്‍ശിനി ബസ്സുകള്‍ മാനന്തവാടിയില്‍ സര്‍വീസ് നടത്തി. പണിമുടക്കിയ തൊഴിലാളികള്‍ മാനന്തവാടി ബസ്സ്റ്റാന്റ് പരിസരം ശുചീകരിച്ചു. വേതന വര്‍ധനവ് ആവശ്യപ്പെട്ട് പുല്‍പ്പള്ളിയിലെ സ്വാകാര്യ ബസ് തൊഴിലാളികളും ഇന്നലെ പണിമുടക്കി.
Next Story

RELATED STORIES

Share it