kannur local

ഇന്നും നാളെയും പത്രിക സ്വീകരിക്കില്ല

കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും ആദ്യദിനം ജില്ലയില്‍ ഒരു സ്ഥാനാര്‍ഥിയും നാമനിര്‍ദേശ പത്രിക നല്‍കിയില്ല. ജില്ലയിലെ ആകെയുള്ള 11 മണ്ഡലങ്ങളില്‍ ഒരിടത്തുപോലും ഇന്നലെ പത്രികകള്‍ നല്‍കിയിട്ടില്ല.
അവധിദിനമായതിനാല്‍ ഇന്നും നാളെയും പത്രികകള്‍ സ്വീകരിക്കില്ലെന്ന് കലക്ടറേറ്റിലെ ഇലക്ഷന്‍ വിഭാഗം അറിയിച്ചു. രാവിലെ 11 മുതല്‍ വൈകീട്ട് 3 വരെ ബന്ധപ്പെട്ട വരണാധികാരികളാണ് നാമനിര്‍ദേശ പത്രിക സ്വീകരിക്കുക. 29നു വൈകീട്ട് 3 വരെയാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന സമയം. പത്രികകളുടെ സൂക്ഷ്മ പരിശോധന 30നു നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി മെയ് 2 ആണ്. മെയ് 16നു രാവിലെ 7 മുതല്‍ വൈകീട്ട് 6 വരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ 19നു നടക്കും. തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തീകരിക്കേണ്ട തിയ്യതി മെയ് 21 ആണ്.
യുഡിഎഫ് സ്ഥാനാര്‍ഥികളില്‍ അഴീക്കോട്ട് കെ എം ഷാജിയും കണ്ണൂരിലെ സതീശന്‍ പാച്ചേനിയും 25നു പത്രിക നല്‍കും. ബാക്കിയുള്ള ദിവസങ്ങളില്‍ മറ്റു സ്ഥാനാര്‍ഥികള്‍ പത്രിക നല്‍കും. മന്ത്രി കെ സി ജോസഫ് 29ന് ഇരിക്കൂര്‍ ബിഡിഒ മുമ്പാകെ പത്രിക നല്‍കും. എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ 25, 26 തിയ്യതികളിലായി പത്രിക നല്‍കാന്‍ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. 25നു ധര്‍മടം, ഇരിക്കൂര്‍, മട്ടന്നൂര്‍, കല്ല്യാശ്ശേരി, അഴീക്കോട്, പയ്യന്നൂര്‍, തലശ്ശേരി, കൂത്തുപറമ്പ്, കണ്ണൂര്‍ മണ്ഡലങ്ങളിലും 26നു തളിപ്പറമ്പ്, പേരാവൂര്‍ മണ്ഡലങ്ങളിലും പത്രിക നല്‍കും. മാഹിയില്‍ 27നാണു പത്രിക നല്‍കുക.
തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം പഞ്ചായത്ത് റാലികള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. റാലികളില്‍ പങ്കെടുക്കുന്ന അഖിലേന്ത്യാ-സംസ്ഥാന നേതാക്കളുടെ പരിപാടികള്‍ക്ക് യോഗം രൂപം നല്‍കി. ഇപിആര്‍ വേശാല അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ കെ പി സഹദേവന്‍, എം വി ജയരാജന്‍, സി രവീന്ദ്രന്‍, കെ കെ രാമചന്ദ്രന്‍, വി വി കുഞ്ഞികൃഷ്ണന്‍, കെ കെ ജയപ്രകാശ്, കെ സുരേശന്‍, ഹമീദ് ഇരിണാവ്, മാത്യു പുതുപറമ്പില്‍, ജോയ് മണ്ണാര്‍കുളം, സി സത്യന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it