Flash News

ഇന്നറിയാം രാജാവിനെ; ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ റയലും ലിവര്‍പൂളും ഏറ്റുമുട്ടും

ഇന്നറിയാം രാജാവിനെ; ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ റയലും ലിവര്‍പൂളും ഏറ്റുമുട്ടും
X


റയല്‍ ഃ ലിവര്‍പൂള്‍  (രാത്രി 12.15, സോണി ടെന്‍ 1)

കീവ്: യൂറോപ്പിലെ ഫുട്‌ബോള്‍ രാജാക്കന്‍മാരാരാണെന്ന് ഇന്നറിയാം. യുവേഫ ചാംപ്യന്‍സ് ലീഗിന്റെ ആവേശ ഫൈനലില്‍ നിലവിലെ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡും ഇംഗ്ലീഷ് കരുത്തരായ ലിവര്‍പൂളും മുഖാമുഖം എത്തുമ്പോള്‍ ഉക്രയിനില്‍ ഇന്ന് തീപാറും. റയല്‍ മാഡ്രിഡും ലിവര്‍പൂളും തമ്മിലുള്ള പോരാട്ടം എന്നതിലുപരിയായി ലോക ഫുട്‌ബോളര്‍ പട്ടത്തിലേക്ക് ഉറ്റുനോക്കുന്ന ക്രിസ്റ്റിയാനോ റൊണാള്‍ഡോയും മുഹമ്മദ് സലാഹും ഒരേ കളത്തില്‍ ശക്തി പരീക്ഷിക്കുന്നു എന്നതാണ് ആരാധകരെ ആവേശത്തിലാഴ്ത്തുന്നത്.

ഹാട്രിക് കിരീടം തേടി റയല്‍ മാഡ്രിഡ്്


സ്പാനിഷ് ലീഗിന്റെ ഈ സീസണില്‍ കിരീടം നേടാന്‍ കഴിയാത്തതിന്റെ സങ്കടം ചാംപ്യന്‍സ് ലീഗില്‍ ഹാട്രിക്ക് കിരീടം നേടി മായ്ക്കാനുറച്ചാവും സിദാനും ശിഷ്യന്‍മാരും ബൂട്ടണിയുന്നത്. കളിക്കരുത്തില്‍ ഇരു ടീമുകളും ഇഞ്ചോടിഞ്ച് നില്‍ക്കുന്നുണ്ടെങ്കിലും കണക്കുകളില്‍ ആധിപത്യം റയല്‍ മാഡ്രിഡിന് തന്നെയാണ്. ചാംപ്യന്‍സ് ലീഗില്‍ ഇതുവരെ 12 കിരീടങ്ങളാണ് റയല്‍ മാഡ്രിഡ് അക്കൗണ്ടിലാക്കിയിട്ടുള്ളത്. അവസാന രണ്ട് സീസണിലും കണ്ട കളിമികവ് മൂന്നാം തവണയും ആവര്‍ത്തിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ആരാധകരുള്ളത്.ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന സ്റ്റാര്‍ സ്‌ട്രൈക്കര്‍ തന്നെയാണ് റയല്‍ മാഡ്രിഡിന്റെ തുറുപ്പ് ചീട്ട്. നിലവില്‍ 15 ഗോളുകളുമായി ചാംപ്യന്‍സ് ലീഗിന്റെ ഈ സീസണിലും മുന്നിട്ട് നില്‍ക്കുന്ന റൊണാള്‍ഡോ തന്നെയാണ് ചാംപ്യന്‍സ് ലീഗ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരന്‍. ഇതുവരെ 152 മല്‍സരങ്ങളില്‍ നിന്ന് 120 ഗോളുകളാണ് റൊണാള്‍ഡോ അടിച്ചെടുത്തിട്ടുള്ളത്. മുന്നേറ്റത്തില്‍ റൊണാള്‍ഡോയ്ക്ക് പിന്തുണയേകാന്‍ സൂപ്പര്‍ താരങ്ങളായ കരിം ബെന്‍സേമയും ഗാരത് ബെയ്‌ലും റയല്‍ നിരയിലുണ്ട്. ചാംപ്യന്‍സ് ലീഗില്‍ 55 ഗോളുകളുമായി എക്കാലത്തെയും ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തുള്ള താരമാണ് ബെന്‍സേമ. ചാംപ്യന്‍സ് ലീഗിന്റെ ഈ സീസണില്‍ നാല് ഗോളുകളും ബെന്‍സേമ അടിച്ചെടുത്തിട്ടുണ്ട്.

പ്രതീക്ഷയോടെ ലിവര്‍പൂള്‍
ഇത്തവണ ചെമ്പടയും പ്രതീക്ഷയോടെയാണ് ഫൈനല്‍ പോരിനിറങ്ങുന്നത്. കാരണം റയലിന്റെ കളിക്കരുത്തിനെ വെല്ലാന്‍ ത്രാണിയുള്ള സൂപ്പര്‍ താരങ്ങളാണ് ലിവര്‍പൂളിനൊപ്പമുള്ളത്. മുഹമ്മദ് സലാഹ്, സാദിയോ മാനെ, റോബര്‍ട്ടോ ഫിര്‍മിനോ എന്നിവരിലാണ് ലിവര്‍പൂളിന്റെ വിജയപ്രതീക്ഷകളുള്ളത്. ഫിര്‍മിനോയും സലാഹും ഈ സീസണില്‍ 10 ഗോളുകള്‍ വീതം അക്കൗണ്ടിലാക്കിയപ്പോള്‍ ഒമ്പത് ഗോളുകള്‍ സാനെയും അടിച്ചെടുത്തു. സെര്‍ജിയോ റാമോസ് മാഴ്‌സലോ തുടങ്ങിയവര്‍ അണിനിരക്കുന്ന റയലിന്റെ ശക്തമായ പ്രതിരോധത്തെ കീറിമുറിക്കാന്‍ പോന്ന പ്രഹരശേഷിയുള്ള താരങ്ങളാണ് ഇവര്‍ മൂന്ന് പേരും. അതിനാല്‍ത്തന്നെ കിരീടമുയര്‍ത്തുകയെന്നത് റയലിന് അത്ര എളുപ്പമാവില്ല. ഇതുവരെ അഞ്ച് തവണ ചാംപ്യന്‍സ് ലീഗ് കിരീടം ചൂടിയ ലിവര്‍പൂള്‍ ആറാം കിരീട മോഹവുമായാണ് കലാശക്കളിക്കിറങ്ങുന്നത്. 2005ലാണ് ലിവര്‍പൂള്‍ അവസാനമായി ചാംപ്യന്‍സ് ലീഗില്‍ കിരീടം സ്വന്തമാക്കിയത്.
Next Story

RELATED STORIES

Share it