malappuram local

ഇന്ധന വില കുറയ്ക്കല്‍; ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നെന്ന് ബസ്സുടമകള്‍



മഞ്ചേരി: പെട്രോളിയം ഇന്ധനവില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൊക്കൊണ്ട നടപടി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ളതെന്ന് സ്വകാര്യ ബസുടമകള്‍. നികുതിയിനത്തില്‍ അശാസ്ത്രീയമായ വര്‍ധനവുണ്ടാക്കിയതാണ് നിലവിലെ പ്രതിസന്ധിക്കാധാരം. ഇക്കാര്യം തുറന്നു സമ്മതിയ്ക്കുന്നതിനു പകരം അധികാര രാഷ്ട്രീയത്തില്‍ ലക്ഷ്യമിടുന്ന ഭരണ മുന്നണികള്‍ സാധാരണക്കാരെ കൊല്ലാക്കൊല ചെയ്യുകയാണെന്നും ബസുടമകള്‍ ആരോപിയ്ക്കുന്നു. ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്‍ നടത്തുന്ന പ്രതിഷേധ മാര്‍ച്ചില്‍ ജില്ലയിലെ മുഴുവന്‍ ബസുടമകളെയും പങ്കെടുപ്പിക്കുമെന്ന് മലപ്പുറം ജില്ലാ ബസ് ഓപറേറേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.ക്രൂഡോയിലിന് അന്താരാഷ്ട്ര വിപണിയില്‍ 156 ഡോളറുണ്ടായിരുന്നപ്പോള്‍ 54 രൂപ വിലയുണ്ടായിരുന്ന ഒരു ലിറ്റര്‍ ഡീസലിന് ക്രൂഡോയില്‍ വില 46 ഡോളറായി കുറഞ്ഞിട്ടും ഇപ്പോള്‍ ഒരു ലിറ്റര്‍ ഡീസലിന് 64 രൂപയിലെത്തി നില്‍ക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ ഒരു ലിറ്റര്‍ ഡീസലിന്3.46 രൂപ ഈടാക്കിയിരുന്ന എക്‌സൈസ് നികുതി പതിനേഴ് രൂപ മുപ്പത്തിമൂന്നു പൈസയായും, ഒരു ലിറ്റര്‍ പെട്രോളിന്ഒമ്പത് രൂപ ഇരുപത് പൈസ ഈടാക്കിയിരുന്നത് ഇരുപത്തി ഒന്നു രൂപ 48 പൈസയായും വര്‍ദ്ധിപ്പിച്ചതിന് ശേഷം ഇപ്പോള്‍ രണ്ടു രൂപ കുറച്ചത് കണ്ണില്‍ പൊടിയിടലാണ്. എണ്ണ കമ്പനികള്‍ 9.45 ശതമാനം ലാഭം ഈടാക്കിയിരുന്നത് 15.45 ശതമാനമായി വര്‍ദ്ധിപ്പിച്ചിരിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ എക്‌സൈസ് നികുതിക്കു കൂടി സംസ്ഥാനം വില്‍പന നികുതി ഈടാക്കുന്നതിനാല്‍ വര്‍ദ്ധിപ്പിച്ച എക്‌സൈസ് നികുതിയുടെയും ഓയില്‍ കമ്പനികള്‍ അധിക ലാഭമെടുക്കുന്നതിന്റെയും വില്‍പന നികുതി സംസ്ഥാന സര്‍ക്കാരിന് അധികമായി ലഭിച്ചു കൊണ്ടിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ച എക്‌സൈസ് നികുതിയും സംസ്ഥാനം വര്‍ദ്ധിപ്പിച്ച വില്‍പന നികുതിയും ഓയല്‍ കമ്പനികള്‍ അധികമായി ലാഭമെടുക്കുന്നതും കുറവ് വരുത്തി ക്രൂഡോയില്‍ വില യി ല്‍ വന്ന കുറവിന്റെ ആനുകൂല്യം പൊതുജനങ്ങള്‍ക്കും ലഭ്യമാക്കിയാല്‍ നിലവിലെ പ്രതിസന്ധി പരിഹരിയ്ക്കാനാവുമെന്ന് യോഗം വിലയിരുത്തി. ബ്രൈറ്റ് നാണി അദ്ധ്യക്ഷത വഹിച്ചു. പക്കീസ കുഞ്ഞിപ്പ, റഫീഖ് കുരിക്കള്‍, അബ്ദുള്‍ റസാഖ്, കെ പി അബ്ദുറഹിമാന്‍, എം ജലീല്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it