ഇന്ധന വിലവര്‍ധന: എസ്ഡിപിഐ റോഡ് നിശ്ചലമാക്കല്‍ സമരം ഇന്ന്‌

കോഴിക്കോട്: ഇന്ധന വിലവര്‍ധനവിനെതിരേ സംസ്ഥാന വ്യാപകമായി എസ്ഡിപിഐ സംഘടിപ്പിക്കുന്ന വേറിട്ട സമരമുഖമായ റോഡ് നിശ്ചലമാക്കല്‍ സമരം ഇന്ന് രാവിലെ 9.30 മുതല്‍ 9.40 വരെ പത്ത് മിനിറ്റ് വാഹനങ്ങളെല്ലാം റോഡില്‍ നിശ്ചലമാക്കി പ്രതിഷേധത്തിന് പാര്‍ട്ടിയുടെ ആഹ്വാനം.
പെട്രോള്‍, ഡീസല്‍ വില നിര്‍ണയാധികാരം ഓയില്‍ കമ്പനികളില്‍ നിന്ന് തിരിച്ച് പിടിക്കുക, കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന ഭീമമായ ഇന്ധന നികുതി കുറയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ വിലയില്‍ ഗണ്യമായ കുറവുണ്ടായിട്ടും രാജ്യത്ത് ഇന്ധനവില ദിനംപ്രതി വര്‍ധിക്കുന്നു.  വിലവര്‍ധനവിനും സാധാരണക്കാരന്റെ ജീവിത ചെലവ് ഉയരുന്നതിനും ഇന്ധനവില വര്‍ധന കാരണമായിട്ടും അമിത നികുതി കുറയ്ക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവുന്നില്ല. കേന്ദ്രം എക്‌സൈസ് നികുതിയായും സംസ്ഥാനം മൂല്യവര്‍ധിത നികുതിയായും ജനങ്ങളെ കൊള്ളയടിക്കുകയാണ്. ഇതിനെതിരേയാണ് എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി 10 മിനിറ്റ് വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തിയിട്ടുള്ള പ്രതിഷേധ സമരത്തിന് നേതൃത്വം നല്‍കുന്നത്.
ജനങ്ങളെ കൊള്ളയടിക്കുന്ന സര്‍ക്കാരുകള്‍ക്കെതിരായ ജനകീയ പ്രതിഷേധത്തില്‍ എല്ലാവരും വാഹനം 10 മിനിറ്റ് നിര്‍ത്തിയിട്ട് സഹകരിക്കണമെന്നും ഈ പ്രതിഷേധസമരം വിജയിപ്പിക്കണമെന്നും എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍ അഭ്യര്‍ഥിച്ചു. പൊതുജന നന്മ ഉദ്ദേശിക്കുന്ന സമരത്തിന്റെ ഭാഗമായി പ്രധാന ഹോസ്പിറ്റല്‍ റോഡുകള്‍ തടസ്സപ്പെടുത്താതെ വാഹനങ്ങള്‍ നിര്‍ത്തിയിടണം, പ്രതിഷേധത്തിനിടെ ആംബുലന്‍സുകള്‍ക്ക് കടന്നുപോവാന്‍ പ്രത്യേകം സൗകര്യമൊരുക്കി സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it