ഇന്ധനസെസ് ഉപയോഗിച്ച്  ഭവനരഹിതര്‍ക്കു വീട്

തിരുവനന്തപുരം: ഇന്ധനസെസില്‍നിന്നുള്ള വരുമാനമുപയോഗിച്ച് ഭവനരഹിതര്‍ക്ക് വീടുവച്ചു നല്‍കുന്ന പദ്ധതി ഏതാനും ദിവസത്തിനുള്ളില്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചു. എ കെ ബാലന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
ഇന്ധനത്തിന് ഏര്‍പ്പെടുത്തിയ ഒരു രൂപ സെസിലൂടെ പ്രതിവര്‍ഷം 200 കോടി രൂപയാണു ലഭിക്കുക. ഇതില്‍ പകുതി വീടില്ലാത്തവര്‍ക്ക് വീടുവയ്ക്കുന്നതിനും ബാക്കി സംസ്ഥാനത്തെ 21 പ്രധാന റോഡുകളുടെ വികസനത്തിനുമാണ്. വീടില്ലാത്തവര്‍ക്കായി ഒരുലക്ഷം വീടുകളാണു പണിയുന്നത്. പദ്ധതിയുടെ നടത്തിപ്പു സംബന്ധിച്ച കാര്യങ്ങള്‍ അവസാനഘട്ടത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലക്ഷംവീട് നവീകരണ പദ്ധതിയില്‍പ്പെടുത്തി നാശോന്മുഖമായ വീടുകള്‍ പുനരുദ്ധരിക്കുന്നതിനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവുമായി നടത്തിയ ചര്‍ച്ചയില്‍ ഒരുലക്ഷം രൂപ വീതം വീടൊന്നിന്ന് സഹായം നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ 30,308 ഭവനരഹിതരായ പട്ടികവര്‍ഗക്കാരുണ്ടെന്നാണ് കണക്കാക്കിയിരുന്നത്. ഇതില്‍ 30,106 പേര്‍ക്കും വീടുകള്‍ അനുവദിക്കുകയും അതനുസരിച്ചുള്ള നിര്‍മാണം നടന്നുവരുകയുമാണ്.
വേഗത്തില്‍തന്നെ ഇതു പൂര്‍ത്തീകരിക്കും. ഇന്ദിരാ ആവാസ് പദ്ധതി പ്രകാരമുള്ള വീടുനിര്‍മാണവും പുരോഗമിക്കുകയാണ്. ഭവനനിര്‍മാണ ബോര്‍ഡിന്റെ ഗൃഹശ്രീ, സാഫല്യം പദ്ധതികളും നല്ല രീതിയില്‍ നടന്നുവരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ദിരാ ആവാസ് യോജന പദ്ധതിയില്‍ ഗുണഭോക്താള്‍ക്കുള്ള കുടിശ്ശിക കൊടുത്തുതീര്‍ത്തതായി മന്ത്രി കെ സി ജോസഫ് വ്യക്തമാക്കി.
Next Story

RELATED STORIES

Share it