kannur local

ഇന്ധനവില വര്‍ധന: എസ്ഡിപിഐ റോഡ് നിശ്ചലസമരം നാളെ

കണ്ണൂര്‍: സാധാരണക്കാരെ പ്രതികൂലമായി ബാധിക്കുന്ന പെട്രോള്‍-ഡീസല്‍ വില വര്‍ധനയ്‌ക്കെതിരേ വേറിട്ട ജനകീയ പ്രതിഷേധവുമായി എസ്ഡിപിഐ. പെട്രോളിയം ഉല്‍പന്നങ്ങളുടെ വില നിര്‍ണായധികാരം കോര്‍പറേറ്റുകളില്‍നിന്ന് തിരിച്ചുപിടിക്കുക, എക്‌സൈസ് തീരുവ കുറയ്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാന പ്രക്ഷോഭത്തിന്റെ ഭാഗമായി നാളെ ജില്ലയിലെ 10 കേന്ദ്രങ്ങളില്‍ രാവിലെ 9.30 മുതല്‍ 10 മിനുട്ട് നേരം റോഡില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ട് പ്രതിഷേധിക്കും.
തളിപ്പറമ്പ്, പഴയങ്ങാടി, പുതിയതെരു, കണ്ണൂര്‍ കാല്‍ടെക്‌സ്, മുഴപ്പിലങ്ങാട്, തലശ്ശേരി, മട്ടന്നൂര്‍, കൂത്തുപറമ്പ്, ഇരിട്ടി, 19ാം മൈല്‍ എന്നിവിടങ്ങളിലാണ് പ്രതിഷേധം. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വിലയില്‍ ഗണ്യമായ കുറവുണ്ടായിട്ടും രാജ്യത്ത് ഇന്ധനവില കുതിച്ചുയരുകയാണെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ബഷീര്‍ പുന്നാട് പറഞ്ഞു. ഇതു ഭക്ഷ്യോല്‍പന്നങ്ങളുടെ വിലവര്‍ധനയ്ക്കും കുടുംബബജറ്റ് താളംതെറ്റാനും കാരണമായി.
ജനജീവിതം ദുസ്സഹമായിട്ടും പെട്രോളിയം ഉല്‍പന്നങ്ങളുടെ അമിതനികുതി കുറയ്ക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവുന്നില്ല. ജനങ്ങളെ കൊള്ളടയടിക്കുന്ന ജനവിരുദ്ധ നയങ്ങള്‍ക്കെതിരേയാണ് ഈ പ്രതിഷേധം. പൊതുജനങ്ങളുടെ പിന്തുണ ഉണ്ടാവണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, ജില്ലാ സെക്രട്ടറി പി കെ ഫാറൂഖ് പങ്കെടുത്തു.
Next Story

RELATED STORIES

Share it