ഇന്ധനവില നിയന്ത്രണം: നികുതിഇളവ് ഇന്നു തീരുമാനിക്കും

തിരുവനന്തപുരം: തുടര്‍ച്ചയായി ഇന്ധനവില വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനം ഈടാക്കുന്ന അധിക നികുതി ഒഴിവാക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്നു തീരുമാനമെടുക്കും. എത്ര ഇളവ് വേണമെന്ന കാര്യത്തില്‍ ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുക്കുക.
അധിക നികുതി വരുമാനം വേണ്ടെന്നുവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസകും വ്യക്തമാക്കിയിരുന്നു. എന്നാല്‍, എത്ര നികുതിയിളവു വേണമെന്ന കാര്യത്തില്‍ തീരുമാനം എടുത്തിരുന്നില്ല. സംസ്ഥാനം നികുതിയിളവ് പ്രഖ്യാപിക്കുന്നതോടെ ദിനേന വര്‍ധിക്കുന്ന ഇന്ധനവിലയില്‍ ചെറിയൊരു ആശ്വാസമുണ്ടാവും.
സംസ്ഥാനത്ത് വില്‍ക്കുന്ന ഇന്ധനത്തിന് കേന്ദ്ര സര്‍ക്കാരിന്റെ എക്‌സൈസ് തീരുവയും സംസ്ഥാനത്തിന്റെ വാറ്റ് നികുതിയുമാണ് ഈടാക്കുന്നത്. 32 ശതമാനമാണ് വാറ്റ്. ഇത് ഏകദേശം 19 രൂപയോളം വരും.
അതേസമയം, സംസ്ഥാനത്ത് തുടര്‍ച്ചയായി 16ാം ദിവസവും ഇന്ധനവില വര്‍ധിച്ചു. പെട്രോളിന് 17 പൈസയും ഡീസലിന് 15 പൈസയും കൂടി. തിരുവനന്തപുരത്ത് പെട്രോളിന് 82.62 രൂപയും ഡീസലിന് 75.20 രൂപയുമാണ് വില.
Next Story

RELATED STORIES

Share it