ഇന്ധനങ്ങളുടെ പ്രതിദിന വിലവര്‍ധനസര്‍ക്കാര്‍ തീരുമാനത്തില്‍ ഇടപെടാനാവില്ല: ഹൈക്കോടതി

ന്യൂഡല്‍ഹി: ഇന്ധനങ്ങള്‍ക്ക് പ്രതിദിനം വില വര്‍ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നയപരമായ തീരുമാനത്തില്‍ ഇടപെടാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. പെട്രോളിന്റെയും ഡീസലിന്റെയും പ്രതിദിന വിലവര്‍ധനവ് കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയപരമായ തീരുമാനമായതിനാല്‍ അതില്‍ ഇടപെടാനാവില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.
കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയവുമായി ബന്ധപ്പെട്ട തീരുമാനമായതിനാല്‍ കോടതി ഇതില്‍ നിന്നു മാറി നില്‍ക്കേണ്ടതാണെന്നും ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോന്‍, ജസ്റ്റിസ് വി കെ റാവു എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന്റെ നയപരമായ കാര്യങ്ങളില്‍ ഇടപെടുന്നത് വലിയ സാമ്പത്തികപ്രശ്‌നങ്ങളുണ്ടാവാന്‍ ഇടയാവുമെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇന്ധന വിലവര്‍ധനവ് സര്‍ക്കാരിനെ സംബന്ധിച്ച് സാമ്പത്തിക നയത്തിന്റെ ഭാഗമാണ്. ഇതുപോലെ മറ്റു വലിയ സാമ്പത്തികപ്രശ്‌നങ്ങളുമുണ്ട്. കോടതികളില്‍ ഇതില്‍നിന്നൊഴിഞ്ഞുനില്‍ക്കുകയാണ് വേണ്ടത്. വില പിടിച്ചുനിര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കേണ്ടത് സര്‍ക്കാര്‍ തന്നെയാണ്. ഇതിനായി ഒരു നിര്‍ദേശം പുറപ്പെടുവിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
ഡല്‍ഹി നിവാസിയായ പൂജാ മഹാജനാണ് പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് ന്യായവില നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. എണ്ണക്കമ്പനികള്‍ക്ക് തോന്നും പോലെ വില വര്‍ധിപ്പിക്കാന്‍ പരോക്ഷമായി അനുമതി നല്‍കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്നും ഹരജിയില്‍ പറയുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ജൂലൈയിലും പൂജാ മഹാജന്‍ ഹരജി നല്‍കിയിരുന്നെങ്കിലും ഹരജിയെ നിവേദനമായി കണക്കാക്കി നടപടിയെടുക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടുകൊണ്ട് കോടതി ഇത് തീര്‍പ്പാക്കുകയായിരുന്നു. എന്നാല്‍, ഇതുവരെ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നടപടിയെടുക്കാത്തതിനാലാണ് വീണ്ടും ഹരജിയുമായി കോടതിയെ സമീപിച്ചത്.

Next Story

RELATED STORIES

Share it