ഇന്ദ്രാണിയെ ചോദ്യംചെയ്യാന്‍ സി.ബി.ഐക്ക് അനുമതി

മുംബൈ: ഷീനാബോറ വധക്കേസില്‍ ഇന്ദ്രാണിമുഖര്‍ജി അടക്കമുളള പ്രതികളെ ജയിലില്‍ ചോദ്യംചെയ്യാന്‍ സി.ബി.ഐക്ക് മുംബൈ കോടതി അനുമതി നല്‍കി. ഇന്ദ്രാണിയെ കൂടാതെ ഭര്‍ത്താവ് സഞ്ജീവ് ഖന്ന, ഡ്രൈവര്‍ ശ്യാംവര്‍ റായ് എന്നിവരെ ചോദ്യംചെയ്യാന്‍ 12 ദിവസത്തെ സമയമാണ് കോടതി അനുവദിച്ചത്. ഷീനാ ബോറ വധക്കേസ് അന്വേഷണം മഹാരാഷ്ട്ര സര്‍ക്കാര്‍ സി.ബി.ഐക്ക് കൈമാറി ഒരു മാസത്തിനു ശേഷമാണ് ചോദ്യംചെയ്യലിന് അനുമതി നല്‍കിയത്.

കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കിയിരുന്ന മുംബൈ പോലിസ് മേധാവിയെ സ്ഥലംമാറ്റിയതിനെ തുടര്‍ന്നാണ് കേസ് സി.ബി.ഐക്ക് കൈമാറിയത്.കേസിലെ മൂന്നു പ്രതികളെയും ജയിലില്‍ ചോദ്യംചെയ്യാന്‍ അനുമതി നല്‍കണമെന്ന സി.ബി.ഐയുടെ ഹരജി പരിഗണിച്ചാണ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്.

പ്രതികളുടെ ജുഡീഷ്യല്‍ കസ്റ്റഡി അവസാനിക്കുന്ന ഒക്ടോബര്‍ 19വരെ ചോദ്യം ചെയ്യാനാണ് അനുമതി. കൂടുതല്‍ സമയം ആവശ്യമുണ്ടെന്നു തോന്നിയാല്‍ അന്വേഷണ ഏജന്‍സിക്ക് പുതിയ അപേക്ഷ സമര്‍പ്പിക്കാമെന്നും കോടതി വ്യക്തമാക്കി.പ്രതികളെ ചോദ്യംചെയ്യാന്‍ അനുമതി ലഭിച്ചില്ലെങ്കില്‍ ലോക്കല്‍ പോലിസ് നടത്തിയ അന്വേഷണത്തെ ആശ്രയിക്കേണ്ടിവരുമെന്ന് സിബിഐ ഹരജിയില്‍ പറയുന്നു. ചോദ്യംചെയ്യാന്‍ ചുരുങ്ങിയത് മൂന്നുമാസത്തെ സമയം അനുവദിക്കണമെന്നും സി.ബി.ഐ. ആവശ്യപ്പെട്ടിരുന്നു.

ജയിലില്‍ വച്ച് സി.ബി.ഐ. ചോദ്യംചെയ്യുന്നതില്‍ ഇന്ദ്രാണിക്ക് എതിര്‍പ്പില്ലെന്ന് അവരുടെ അഭിഭാഷകന്‍ ഗുജ്ജന്‍മംഗല കോടതിയില്‍ പറഞ്ഞു. സഞ്ജീവ് ഖന്നയുടെ അഭിഭാഷകനും ചോദ്യംചെയ്യലില്‍ എതിര്‍പ്പില്ലെന്ന് കോടതിയെ അറിയിച്ചു.എന്നാല്‍ സി.ബി.ഐ. ഹരജി എതിര്‍ത്ത ശ്യംവര്‍ റായുടെ അഭിഭാഷകന്‍ ശ്രീനിവാസ് ബാവേ കേസ് അന്വേഷണം അവസാനിച്ചതായി കോടതിയില്‍ പറഞ്ഞു. ഈ മാസം 5നാണ് മെട്രോപൊളിറ്റന്‍ കോടതി പ്രതികളുടെ ജുഡീഷ്യല്‍ കസ്റ്റഡി 19 വരെ നീട്ടിയത്.

അമിതമായി മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് അബോധാവസ്ഥയില്‍ ജെ.ജെ. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇന്ദ്രാണിയെ ചൊവ്വാഴ്ച വൈകിട്ടാണ് ജയിലിലേക്ക് മാറ്റിയത്. താന്‍ ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നത് അഭ്യൂഹം മാത്രമാണെന്നും തലചുറ്റി വീണതാണെന്നും ഇന്ദ്രാണി പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച് പുതുതായി നിയമിതനായ ജയില്‍ ഐ.ജി. ബിപിന്‍ കുമാര്‍ അന്വേഷണം നടത്തിവരികയാണ്.
Next Story

RELATED STORIES

Share it