Editorial

ഇന്ദിരയ്ക്കു പകരംസര്‍ദാര്‍ പട്ടേല്‍

ഫാഷിസം സ്വയംപേറുന്ന ആത്മനിന്ദയും അപകര്‍ഷതയുമാണ് അതിനെ വലിയ അളവില്‍ അക്രമോല്‍സുകമാക്കുന്നത്. തങ്ങള്‍ക്കു തന്നെ ബോധ്യമില്ലാത്ത ചരിത്രവികല്‍പങ്ങളുടെ പേരില്‍ കെട്ടിപ്പടുക്കപ്പെടുന്ന ഗര്‍വുകള്‍ക്ക് സാംസ്‌കാരികമായ ഔന്നത്യത്തിന്റെ കരസ്പര്‍ശമുണ്ടാവില്ല. അതെപ്പോഴും അപരന്റെ തകര്‍ച്ചകളിലും വേദനകളിലും അറ്റമില്ലാത്ത ഹിംസകളുടെ പ്രയോഗക്ഷമതയിലുമാണ് തങ്ങളുടെ വിജയസൂത്രങ്ങള്‍ ചികഞ്ഞുകൊണ്ടിരിക്കുക. എടുത്തുപറയാന്‍ മഹത്തായതൊന്നും കൈവശമില്ലാത്തവര്‍ക്ക് മറ്റുള്ളവര്‍ ക്ഷിപ്രശോഭയില്‍ വരഞ്ഞിട്ടുപോയ ചരിത്രമുദ്രകള്‍ അസ്വസ്ഥതയായി മാറുന്നതിന്റെ മനശ്ശാസ്ത്രം അതാണ്. ഫാഷിസത്തിന് ചരിത്രത്തോടുള്ള ഈ ഈര്‍ഷ്യക്ക് കാലഭേദങ്ങളില്ലെന്നാണ് മോദി ഭരണകൂടത്തിന്റെ പല നടപടികളും നമ്മെ ബോധ്യപ്പെടുത്തുന്നത്.

ഏറ്റവുമൊടുവില്‍ ശ്രീമതി ഇന്ദിരാഗാന്ധിയുടെ ചരമദിനത്തില്‍ തന്നെ സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്റെ 140ാം ജന്മവാര്‍ഷികം ആഘോഷിക്കുകയായിരുന്നു കേന്ദ്ര ഭരണകൂടം. ദീര്‍ഘകാലം ഇന്ത്യയുടെ പ്രധാനമന്ത്രിപദം അലങ്കരിച്ച, ഇന്ത്യ കണ്ട ഏറ്റവും ശക്തരായ നേതാക്കളിലൊരാളായിരുന്നു ഇന്ദിരാഗാന്ധി. സ്വന്തം സുരക്ഷാഭടന്മാരുടെ വെടിയേറ്റ് അവര്‍ കൊല്ലപ്പെടുകയായിരുന്നു. ഒരു ഭരണാധികാരി എന്ന നിലയില്‍ അവരുടെ ഭരണനയങ്ങളിലും നടപടികളിലും വിയോജിപ്പുള്ളവര്‍ പോലും അവര്‍ക്കു സംഭവിച്ച അപമൃത്യുവില്‍ അത്യധികം ദുഃഖിച്ചിരുന്നു. ഒരര്‍ഥത്തില്‍ അതു രാജ്യത്തിന്റെ തന്നെ ദുഃഖമായിരുന്നു. രാജ്യം ഇന്നും പങ്കുവയ്ക്കുന്ന ആ ദുഃഖസ്മരണകള്‍ ഫാഷിസ്റ്റുകള്‍ക്ക് അലോസരമാവുന്നത് എന്തുകൊണ്ടായിരിക്കും? പട്ടേലിന്റെ ഓര്‍മകള്‍കൊണ്ട് മറ്റു ചില ഓര്‍മകള്‍ മറക്കാനും മായ്ക്കാനും ശ്രമിക്കുകയാണവര്‍. ജവഹര്‍ലാല്‍ നെഹ്‌റുവും അദ്ദേഹത്തിന്റെ കുടുംബവും ആധുനിക ഇന്ത്യയുടെ ചരിത്രത്തിന്റെ അനിഷേധ്യ ഭാഗമാണ്. വിശദാംശങ്ങളില്‍ വിയോജിപ്പുകളുണ്ടാവാമെങ്കിലും പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാഴ്ചപ്പാടുകളും പുരോഗമന ചിന്തകളും വിഭജനാനന്തരം രൂപപ്പെട്ട അത്യന്തം കലുഷവും നിര്‍ണായകവുമായ ഒരു ചരിത്രസന്ധിയില്‍ രാജ്യത്തിന് മാര്‍ഗദര്‍ശനമേകി എന്നത് നിഷേധിക്കാനാവില്ല. നെഹ്‌റു ഒരു തികഞ്ഞ മതേതരവാദിയായിരുന്നു. ആര്‍എസ്എസിനെ വെകിളിപിടിപ്പിക്കുന്നതും ആ വസ്തുതയാണ്.

നെഹ്‌റുവിന്റെ തന്നെ മന്ത്രിസഭയിലെ ഒരംഗമായിരുന്ന വല്ലഭ്ഭായ് പട്ടേല്‍ കോണ്‍ഗ്രസ്സിനകത്തെ വലതുപക്ഷ ചേരിയുടെ വക്താവായാണ് അറിയപ്പെട്ടിരുന്നത്. അക്കാരണംകൊണ്ടു മാത്രമാണ് ഹിന്ദുത്വര്‍ക്ക് അദ്ദേഹം പ്രിയങ്കരനാവുന്നത്. എന്നാല്‍, വലതു ഹിന്ദുത്വം ഇഷ്ടപ്പെടുന്ന ചരിത്രപുരുഷനല്ല സര്‍ദാര്‍ പട്ടേല്‍. ഗാന്ധിവധത്തിന് വഴിയൊരുക്കിയ ആര്‍എസ്എസിനെ നിരോധിക്കുന്നതിനു മുന്‍കൈയെടുത്തത് സര്‍ദാര്‍ പട്ടേലായിരുന്നു.പട്ടേല്‍ സ്തുതിക്കായി പത്രപരസ്യങ്ങള്‍ക്ക് പൊതുഖജനാവില്‍നിന്ന് കേന്ദ്രഭരണകൂടം രണ്ടുകോടി രൂപ ചെലവഴിച്ചു. കോടികള്‍ മുടക്കി ചൈനയില്‍ നിര്‍മിച്ചൊരുക്കിയ പട്ടേലിന്റെ കൂറ്റന്‍ പ്രതിമ സ്ഥാപിക്കുന്നതാണ് മോദിയുടെ ഒരു വികസനപദ്ധതി. എന്‍ഡിഎ ഭരണകൂടം നടപ്പാക്കാന്‍ ശ്രമിക്കുന്നതൊക്കെ ചരിത്രതമസ്‌കരണത്തിന്റെ പദ്ധതിയജണ്ടകള്‍ തന്നെയാണ്.
Next Story

RELATED STORIES

Share it