ഇന്ത്യ- വെസ്റ്റിന്‍ഡീസ്; ഏകദിനം ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിച്ചു

തിരുവനന്തപുരം: നവംബര്‍ ഒന്നിന് തിരുവനന്തപുരം സ്‌പോര്‍ട്‌സ് ഹബ്ബില്‍ നടക്കുന്ന ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിന ക്രിക്കറ്റ് മല്‍സരത്തിന്റെ ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിച്ചു. 1000, 2000, 3000, 6000 എന്നിങ്ങനെയാണ് നിരക്കുകള്‍. തിരുവനന്തപുരത്ത് ചേര്‍ന്ന കേരള ക്രിക്കറ്റ് അസോസിയേഷന്‍ സ്‌പെഷ്യല്‍ ജനറല്‍ബോഡി യോഗമാണ് നിരക്കുകള്‍ തീരുമാനിച്ചത്. സ്‌പോര്‍ട്ട്‌സ് ഹബ്ബിന്റെ മുകളിലത്തെ നിരയിലെ ടിക്കറ്റ് നിരക്ക് 1000 രൂപയാണ്. ഇവിടെ വിദ്യാര്‍ഥികള്‍ക്കും ക്ലബ്ബുകള്‍ക്കും ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ് നല്‍കും. താഴത്തെ നിരയില്‍ 2000, 3000, 6000 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇതില്‍ 6000 രൂപയുടെ ടിക്കറ്റുകള്‍ ഭക്ഷണമുള്‍പ്പടെയാണ്. മല്‍സര വരുമാനത്തില്‍ നിന്നു നിശ്ചിത തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്നും കെസിഎ സെക്രട്ടറി അഡ്വ. ശ്രീജിത്ത് വി നായര്‍ അറിയിച്ചു. മല്‍സരത്തിന്റെ ജനറല്‍ കണ്‍വീനറായി ബിസിസിഐ അംഗം ജയേഷ് ജോര്‍ജിനെ തിരഞ്ഞെടുത്തു. വിനോദ് എസ് കുമാര്‍, രജിത്ത് രാജേന്ദ്രന്‍ എന്നിവരാണ് ജോയിന്റ് ജനറല്‍ കണ്‍വീനര്‍മാര്‍. സ്റ്റിയറിങ് കമ്മിറ്റി ചെയര്‍മാനായി കെസിഎ പ്രസിഡന്് സജന്‍ കെ വര്‍ഗീസിനെ തിരഞ്ഞെടുത്തു. ലോധ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമുള്ള സുപ്രിം കോടതിയുടെ വിധിക്കനുസൃതമായി ബൈലോ ഭേദഗതി ചെയ്ത് രജിസ്റ്റര്‍ ചെയ്യാനും കെസിഎ പ്രത്യേക ജനറല്‍ബോഡി യോഗം തീരുമാനിച്ചു. ഇംഗ്ലണ്ട് എ- ഇന്ത്യ എ ഏകദിന മല്‍സരങ്ങള്‍ക്കും തിരുവനന്തപുരം വേദിയാവും. ജനുവരി 13ന് ഇംഗ്ലണ്ട് എ ടീം തിരുവനന്തപുരത്തെത്തും. ജനുവരി 23, 25, 27, 29, 31 തിയ്യതികളിലാണ് ഇന്ത്യ എ- ഇംഗ്ലണ്ട് എ ഏകദിന മല്‍സരങ്ങള്‍. ഇതിന് മുന്നോടിയായി ജനുവരി 19നും 21നും ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവനെതിരേ വാം അപ്പ് മല്‍സരങ്ങളും നടക്കും.

Next Story

RELATED STORIES

Share it