Flash News

ഇന്ത്യ - വിന്‍ഡീസ് ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കം ; ഇന്ത്യക്ക് ഇനി കരീബിയന്‍ പരീക്ഷ



കിങ്‌സ്ടൗണ്‍: ചാംപ്യന്‍സ് ട്രോഫി ഫൈനലിലെ തോല്‍വിയുടെ ആഘാതവും പേറി ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിന് നാളെ തുടക്കം. അഞ്ച് ഏകദിനവും ഒരു ട്വന്റിയും അടങ്ങുന്ന പരമ്പരയാണ് ഇന്ത്യ വിന്‍ഡീസിനെതിരെ കളിക്കുന്നത്. ചാംപ്യന്‍സ് ട്രോഫി കളിച്ച ഇന്ത്യന്‍ ടീമില്‍ നിന്ന് രോഹിത് ശര്‍മയ്ക്കും ജസ്പ്രീത് ബൂംറയ്ക്കും  വിശ്രമം അനുവദിച്ചപ്പോള്‍ പകരം സ്പിന്‍ബൗളര്‍ കുല്‍ദീപ് യാദവിനും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പാന്തിനും ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ചു. ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍നിരയില്‍ സ്ഥാനം പിടിച്ച ദിനേഷ് കാര്‍ത്തികും വിന്‍ഡീസ് പര്യടനത്തിനുണ്ട്. അതേ സമയം സുരേഷ് റെയ്‌നയ്ക്ക് ഇന്ത്യന്‍ നിരയില്‍ അവസരം ലഭിച്ചില്ല. വെസ്റ്റ് ഇന്‍ഡീസിനെതിരേ ഇന്ത്യ പരമ്പര കളിക്കുമ്പോള്‍ ആധിപത്യം ഇന്ത്യക്കൊപ്പമാണ്. ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്താനോട് 180 റണ്‍സിന് പരാജയപ്പെട്ടെങ്കിലും ഐസിസി റാങ്കിങില്‍ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യക്ക് നിലവിലെ വിന്‍ഡീസ് ടീം വെല്ലുവിളി ഉയര്‍ത്താന്‍ സാധ്യത കുറവാണ്. നീണ്ട നാളുകളായി ഇന്ത്യന്‍ ടീമില്‍ നിലനിന്ന വിരാട് കോഹ്‌ലി - അനില്‍ കുംബ്ലെ വാക്‌പോരിന് വിരാമമിട്ട് പരിശീലകസ്ഥാനത്ത് നിന്ന് അനില്‍ കുംബ്ലെ രാജിവച്ചു. നിലവില്‍ പരിശീലകനില്ലാതെയാണ് ഇന്ത്യന്‍ടീം വിന്‍ഡീസ് പര്യടനത്തിന് പോവുന്നത്.ഐസിസി ചാംപ്യന്‍സ് ട്രോഫി കളിക്കാന്‍ അവസരം ലഭിക്കാതിരുന്ന വിന്‍ഡീസ് അവസാനമായി അഫ്ഗാനിസ്താനെതിരെയാണ് പരമ്പര കളിച്ചത്. ട്വന്റി പരമ്പരയില്‍ 3-0ന് അഫ്ഗാനിസ്താനെ വിന്‍ഡീസ് തകര്‍ത്തെങ്കിലും ഏകദിന പരമ്പര 1-1 സമനിലയിലാണ് അവസാനിച്ചത്. അഫ്ഗാനിസ്താന്റെ റാഷിദ് ഖാന്റെ ഏഴ് വിക്കറ്റ് പ്രകടനത്തിനു മുന്നില്‍ ചരിത്ര തോല്‍വിയും വിന്‍ഡീസ് ടീം ഏറ്റുവാങ്ങിയിരുന്നു. ഇന്ത്യന്‍ താരങ്ങളോട് കളിച്ച അനുഭവ സമ്പത്ത് കുറവുള്ള യുവതാരനിരയാണ് വിന്‍ഡീസ് ടീമിനൊപ്പമുള്ളത്.
Next Story

RELATED STORIES

Share it