ഇന്ത്യ വിടാന്‍ ഉദ്ദേശ്യമില്ല: ആമിര്‍ഖാന്‍

മുംബൈ: താനോ തന്റെ ഭാര്യയോ ഇന്ത്യ വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അന്നു പറഞ്ഞ അഭിപ്രായങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ബോളിവുഡ് നടന്‍ ആമിര്‍ ഖാന്‍. ഇന്ത്യക്കാരനെന്ന നിലയില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അസഹിഷ്ണുതയ്‌ക്കെതിരേ താന്‍ നടത്തിയ പ്രസ്താവനയെ ബിജെപിയും ചലച്ചിത്ര ലോകത്തെ ചിലരും വിമര്‍ശനവുമായെത്തിയ സാഹചര്യത്തിലാണ് ആമിര്‍ ഖാന്റെ വിശദീകരണം.

താനും തന്റെ ഭാര്യ കിരണ്‍ റാവുവും ഇന്ത്യ വിട്ടുപോവാന്‍ ഉദ്ദേശിക്കുന്നില്ല. തന്റെ അഭിമുഖം കണ്ടിട്ടില്ലാത്തവരോ പ്രസ്താവനയെ മനപ്പൂര്‍വ്വം വളച്ചൊടിക്കാന്‍ ശ്രമിക്കുന്നവരോ ആണ് വിമര്‍ശനമുന്നയിക്കുന്നത്. ഇന്ത്യ തന്റെ രാജ്യമാണ്. താന്‍ ഇന്ത്യയെ സ്‌നേഹിക്കുന്നു. ഇന്ത്യക്കാരനായി ജനിക്കാന്‍ ഭാഗ്യമുണ്ടായതില്‍ അഭിമാനമുണ്ട്. അദ്ദേഹം പറഞ്ഞു. കിരണും താനും ഇന്ത്യയിലാണ് ജീവിച്ചുപോരുന്നത്. ആദ്യമായാണവള്‍ ഇന്ത്യ വിട്ടുപോവണമെന്ന് പറഞ്ഞത്. തങ്ങളുടെ കുട്ടിയെപ്പറ്റിയാണവള്‍ക്കു പേടി.ചുറ്റുമുള്ള അന്തരീക്ഷം എന്താകുമെന്നും അവള്‍ക്ക് ഭയമുണ്ട്. എന്നാല്‍, ഇന്ത്യയില്‍ ജീവിക്കാന്‍ ആരുടെയും അനുവാദം ആവശ്യമില്ല. ആമിര്‍ കൂട്ടിച്ചേര്‍ത്തു.എവിടെ നിര്‍ഭയ മനസ്സും ശിരസ്സും ഉയര്‍ന്നു നില്‍ക്കുന്നുവോ' എന്നു തുടങ്ങുന്ന രവീന്ദ്രനാഥ ടാഗോറിന്റെ പ്രശസ്ത കവിതയോടെയാണ് ആമിര്‍ പ്രസ്താവന അവസാനിപ്പിച്ചത്.
അതേസമയം, ഭാര്യ കിരണ്‍ റാവുവും മകനും മുംബൈയ്ക്കു പുറത്തേക്ക് പോവുന്നില്ലെന്ന് ബോളിവുഡ് താരം ആമിര്‍ ഖാന്‍ അറിയിച്ചതായി അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.സുരക്ഷയെ കരുതി ആമിറിന്റെ കുടുംബത്തെ മുംബൈയ്ക്കു പുറത്തേക്ക് കൊണ്ടുപോവുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. അഭ്യൂഹങ്ങള്‍ വിശ്വസിക്കരുതെന്ന് ആമിര്‍ പറഞ്ഞു. ദംഗല്‍ ചലച്ചിത്രത്തിന്റെ ചിത്രീകരണത്തിനായി ആമിര്‍ ഇപ്പോള്‍ ലുധിയാനയില്‍ തിരിച്ചെത്തിയിട്ടുണ്ട്. എന്നാല്‍, കിരണ്‍ റാവുവും മകനും ഇപ്പോള്‍ മുംബൈയിലാണ് കഴിയുന്നത്.
Next Story

RELATED STORIES

Share it