ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ഹജ്ജ് ക്യാംപില്‍ ആയിരങ്ങളുടെ പങ്കാളിത്തം

മലപ്പുറം: ഫ്രറ്റേണിറ്റി ഫോറം മലപ്പുറം റോസ്‌ലോഞ്ച് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഹജ്ജ് ക്യാംപില്‍ മലബാറില്‍നിന്നു തീര്‍ത്ഥാടനത്തിനു പുറപ്പെടുന്ന 1000ഓളം പേര്‍ പങ്കെടുത്തു. ഹജ്ജിനു പോവുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള പണ്ഡിതന്മാരുടെ ക്ലാസുകളായിരുന്നു ക്യാംപിന്റെ മുഖ്യ ആകര്‍ഷണം. ധാരാളം വനിതകളും ക്യാംപിനെത്തിയിരുന്നു.
രാവിലെ 10ന് ആരംഭിച്ച ക്യാംപ് വൈകീട്ട് അഞ്ചിനാണു സമാപിച്ചത്. ഹജ്ജ് ക്യാംപ് പോപുലര്‍ ഫ്രണ്ട് ദേശീയ ജന. സെക്രട്ടറി മുഹമ്മദലി ജിന്ന ഉദ്ഘാടനം ചെയ്തു. സമൂഹത്തില്‍നിന്നും ജീവിതത്തില്‍നിന്നും എല്ലാവിധ പൈശാചിക ശക്തികളെയും ആട്ടിയോടിക്കാനുള്ള ആഹ്വാനമാണ് ഹജ്ജിലൂടെ മുഴങ്ങുന്നതെന്ന് അദ്ദേഹം ഉണര്‍ത്തി. സാഹോദര്യവും സ്‌നേഹവും ദൈവപ്രീതിയുമാണ് ഹജ്ജിലെ ആത്മാവ്. പൈശാചികശക്തികള്‍ക്കെതിരേയുള്ള ഹജ്ജിലെ കല്ലെറിയല്‍ ഏതുകാലത്തും വിശ്വാസികള്‍ പിന്തുടരേണ്ട കാര്യമാണ്. ഏകാധിപത്യശക്തികള്‍ക്കും സാമ്പത്തിക മേല്‍ക്കോയ്മയ്ക്കും വഴിതെറ്റിക്കുന്ന പൗരോഹിത്യത്തിനുമെതിരേയും കല്ലെറിയാന്‍ വിശ്വാസികള്‍ പ്രതിജ്ഞയെടുക്കണം.
പ്രിയപ്പെട്ടതെന്തും അല്ലാഹുവിനു വേണ്ടി ബലിയര്‍പ്പിക്കണമെന്നാണ് ഹജ്ജിന്റെ ആഹ്വാനം. ഇന്ത്യന്‍ മുസ്‌ലിംകള്‍ തിരിച്ചറിവോടെ ഖുര്‍ആനിലേക്കും ഇസ്‌ലാമിലേക്കും മടങ്ങണം. ഇസ്‌ലാംവിരുദ്ധ ശക്തികള്‍ നിരന്തരം അവരെ വേട്ടയാടുകയാണ്. മുസ്‌ലിം നേതാക്കള്‍ക്കും സംഘടനകള്‍ക്കും എതിരേയുള്ള നുണപ്രചാരണങ്ങളെ തള്ളിക്കളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം സോണല്‍ സെക്രട്ടറി ഇസ്മായില്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
കബീര്‍ കൊണ്ടോട്ടി, അബ്ദുറഹ്മാന്‍ ദാരിമി ക്ലാസുകള്‍ക്കു നേതൃത്വം നല്‍കി. ഈ വര്‍ഷത്തെ ഹജ്ജ് സുരക്ഷാ ഗൈഡ് മുഹമ്മദലി ജിന്ന മലപ്പുറം റിട്ട. എഇഒ പി പി ഷൗക്കത്തലിക്കു നല്‍കി പ്രകാശനം ചെയ്തു. സത്യസരണി ട്രസ്റ്റ് ചെയര്‍മാന്‍ ടി അബ്ദുറഹ്മാന്‍ ബാഖവി, വോളന്റിയര്‍ ക്യാപ്റ്റന്‍ സിറാജ് വാണിയമ്പലം, ഹജ്ജ് വോളന്റിയര്‍ കോ-ഓഡിനേറ്റര്‍ റഊഫ് ചേറൂര്‍, അബ്ദുല്‍ ഹമീദ് അന്‍വരി, പോപുലര്‍ ഫ്രണ്ട് മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പി പി റഫീഖ്, ജില്ലാ സെക്രട്ടറി പി അബ്ദുല്‍ അസീസ് പങ്കെടുത്തു.
Next Story

RELATED STORIES

Share it