ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്കിനു തുടക്കം

ന്യൂഡല്‍ഹി: ബാങ്കിങ് മേഖലയിലേക്കു തപാല്‍ വകുപ്പിന്റെ സാന്നിധ്യം ഉറപ്പാക്കി ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്കിന്റെ (ഐപിപിബി) ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിച്ചു. ശനിയാഴ്ച തല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ വച്ചായിരുന്നു ഉദ്ഘാടനം. പോസ്റ്റ്മാന്‍മാര്‍ ഇനിമുതല്‍ കത്തുകളും പാഴ്‌സലുകളും മാത്രമല്ല ബാങ്കിങ് സൗകര്യങ്ങളും ജനങ്ങളിലേക്കെത്തിക്കുമെന്ന് മോദി പറഞ്ഞു. ഐപിപിബി ബാങ്കിങ് സേവനങ്ങള്‍ രാജ്യത്തിന്റെ മുക്കിലും മൂലയിലും എത്തിക്കുമെന്നും എല്ലാവരുടെയും വീട്ടുപടിക്കല്‍ ഇനിമുതല്‍ ബാങ്കും ബാങ്കിങ് സേവനങ്ങളും എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തപാല്‍ വകുപ്പിനു കീഴിലുള്ള ഐപിപിബിക്ക് രാജ്യത്ത് 650 ശാഖകളും 3250 ആക്‌സസ് പോയിന്റുകളുമുണ്ടാവും. ഡിസംബര്‍ 31 മുതല്‍ രാജ്യത്തെ 1.55 ലക്ഷം തപാല്‍ ഓഫിസിലും ഐപിപിബിയുടെ സേവനം ലഭ്യമാവും. സേവിങ്‌സ് അക്കൗണ്ട്, കറന്റ് അക്കൗണ്ട്, മണി ട്രാന്‍സ്ഫര്‍, യൂട്ടിലിറ്റി പേമെന്റ് തുടങ്ങിയ ഒട്ടേറെ ബാങ്കിങ് സേവനങ്ങള്‍ ഐപിപിബിയില്‍ ലഭ്യമാണ്. ഒരുലക്ഷം വരെ പേമെന്റ് ബാങ്കുകള്‍ക്ക് നിക്ഷേപം സ്വീകരിക്കാന്‍ അനുമതിയുള്ളപ്പോള്‍ വായ്പ നല്‍കാനോ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കാനോ പേമെന്റ് ബാങ്കുകള്‍ക്ക് അനുമതിയില്ല.650 ശാഖകളില്‍ 14 എണ്ണം കേരളത്തിലാണ്. നിലവില്‍ ഇന്ത്യയില്‍ 1,40,000 ബാങ്ക് ശാഖകളാണുള്ളത്. ഐപിപിബിവരുന്നതോടെ ഇത് 2,95,000 ആവും. രാജ്യത്തെ ഏതാണ്ട് എല്ലാ ഗ്രാമങ്ങളിലും ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാവുമെന്നതാണു മറ്റൊരു നേട്ടം.സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഐപിപിബിക്കു തുടക്കത്തില്‍ത്തന്നെ സാന്നിധ്യമുണ്ടാവും. തിരുവനന്തപുരം, കൊല്ലം, റാന്നി, ആലപ്പുഴ, കട്ടപ്പന, കോട്ടയം, ഇടപ്പള്ളി, തൃശൂര്‍, പാലക്കാട്, പെരിന്തല്‍മണ്ണ, കോഴിക്കോട്, മാനന്തവാടി, കണ്ണൂര്‍, ഉപ്പള എന്നിവിടങ്ങളിലാണ് ഇന്നു പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഈ ശാഖകള്‍ക്കു പുറമെ തപാല്‍ വകുപ്പിന്റെ 74 ഓഫിസുകള്‍ ബാങ്കിന്റെ ആക്‌സസ് പോയിന്റുകളായി പ്രവര്‍ത്തിക്കും. കുടില്‍ വ്യവസായങ്ങള്‍, മുതിര്‍ന്ന പൗരന്മാര്‍, നഗര കുടിയേറ്റക്കാര്‍, ഗ്രാമീണര്‍, വിദ്യാര്‍ഥികള്‍ എന്നിവരെയാണ് ഐപിപിബി ലക്ഷ്യമിടുന്നതെന്ന് ബാങ്ക് എംഡിയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായി സുരേഷ് സേഥി പറഞ്ഞു.

Next Story

RELATED STORIES

Share it