ഇന്ത്യ-പാക് ബന്ധം മെച്ചപ്പെടുന്നു

ഇസ്‌ലാമാബാദ്: ഇന്ത്യ-പാക് ബന്ധത്തില്‍ മഞ്ഞുരുക്കത്തിന്റെ സൂചന നല്‍കി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ നല്ല അയല്‍പക്കബന്ധത്തിന് പ്രതിജ്ഞാബദ്ധമാണെന്ന് സുഷമ ശരീഫിനെ അറിയിച്ചു. ഇരുരാജ്യങ്ങളും സമഗ്രമായ ഉഭയകക്ഷിചര്‍ച്ച പുനരാരംഭിക്കാന്‍ തീരുമാനിച്ചതായി സുഷമയും പാകിസ്താന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസും സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ചര്‍ച്ചയുടെ വിഷയങ്ങളും സമയവും പിന്നീട് തീരുമാനിക്കും. സമഗ്ര ചര്‍ച്ചയ്ക്ക് മുന്നോടിയായി വിദേശകാര്യ സെക്രട്ടറിമാര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തുമെന്നു വിദേശ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച ഇരുരാജ്യങ്ങളുടെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ ബാങ്കോക്കില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. സമാധാനം, സുരക്ഷ, ഭീകരത, ജമ്മു-കശ്മീര്‍ എന്നിവയായിരുന്നു അവരുടെ വിഷയം.
ബന്ധം മെച്ചപ്പെടുത്തുന്നതിനും സ്തംഭനാവസ്ഥയിലായ ചര്‍ച്ചകള്‍ പുനരുജ്ജീവിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ക്കിടയില്‍ നടന്ന കൂടിക്കാഴ്ച പ്രതീക്ഷയുയര്‍ത്തിയിട്ടുണ്ട്. 'ഏഷ്യയുടെ ഹൃദയം' എന്ന തലക്കെട്ടില്‍ അഫ്ഗാന്‍ വിഷയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കൂടിയാണ് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനു സുഷമ പാകിസ്താനിലെത്തിയത്. നവാസ് ശരീഫുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍, പാകിസ്താന്‍ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് എന്നിവരും സന്നിഹിതരായിരുന്നു.
പാകിസ്താനു നേര്‍ക്ക് ഇന്ത്യ സഹകരണത്തിന്റെ കരങ്ങള്‍ നീട്ടുന്നതായി സുഷമ അഫ്ഗാന്‍ സമ്മേളനത്തില്‍ പറഞ്ഞു. ഇരുരാജ്യങ്ങളും സഹകരണത്തിലും വാണിജ്യത്തിലും പക്വതയോടെയും ആത്മവിശ്വാസത്തോടെയും ഒന്നിച്ചു പ്രവര്‍ത്തിക്കേണ്ട സമയമാണിത്. അഫ്ഗാന്‍ വിഷയത്തില്‍ പ്രത്യേകമായ ഉത്തരവാദിത്തം ഇരുരാജ്യങ്ങള്‍ക്കുമുണ്ട്. അഫ്ഗാനിസ്താന്റെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിന് ആ രാജ്യവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഇന്ത്യ തയ്യാറാണ്.
'ഏഷ്യയുടെ ഹൃദയം' എന്നതിലൂടെ വിഭാവനം ചെയ്യുന്നത് അഫ്ഗാനിസ്താന്‍ കേന്ദ്രമാക്കി മേഖലയില്‍ വ്യാപാരം, ചരക്കുനീക്കം, ഊര്‍ജ-വിവരവിനിമയപാതകള്‍ എന്നിവ നടപ്പാക്കുകയാണ്. തീവ്രവാദത്തെ ചെറുക്കാന്‍ എല്ലാവരും തയ്യാറായാല്‍ മാത്രമേ അഫ്ഗാനിസ്താനില്‍ സമാധാനം നിലനില്‍ക്കുകയുള്ളൂ. 'ഏഷ്യയുടെ ഹൃദയം' സമ്മേളനത്തിന് അടുത്ത വര്‍ഷം ആതിഥ്യം വഹിക്കാന്‍ ഇന്ത്യ സന്നദ്ധമാണെന്നും സുഷമ പറഞ്ഞു.
Next Story

RELATED STORIES

Share it