Flash News

ഇന്ത്യ-പാക് ക്രിക്കറ്റ് മല്‍സരം നടക്കില്ല: സുഷമ സ്വരാജ്‌

ന്യൂഡല്‍ഹി: അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യ-പാക് ക്രിക്കറ്റ് മല്‍സരം നടക്കില്ലെന്നു കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. നിഷ്പക്ഷമായ ഒരു വേദിയില്‍ പോലും നിലവിലെ സാഹചര്യത്തില്‍ ഇന്ത്യ-പാക് ക്രിക്കറ്റ് മല്‍സരം നടക്കില്ലെന്നു മന്ത്രി വ്യക്തമാക്കി. ഇപ്പോള്‍ ഒരു ക്രിക്കറ്റ് നയതന്ത്രത്തിനു പറ്റിയ സമയമല്ലെന്നാണ് വിദേശകാര്യങ്ങള്‍ക്കായുള്ള പാര്‍ലമെന്ററി സമിതി യോഗത്തില്‍ സുഷമ സ്വരാജ് അറിയിച്ചത്. ഇന്ത്യയിലെ പാകിസ്താന്‍ പ്രതിനിധിയെ കണ്ടു പാകിസ്താനില്‍ ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരുടെയും ഇന്ത്യയുടെ തടവില്‍ കഴിയുന്ന പാകിസ്താന്‍ സ്വദേശികളുടെയും മോചനം സംബന്ധിച്ചു ശുപാര്‍ശ നല്‍കിയിട്ടുണ്ടെന്നും സുഷമ വ്യക്തമാക്കി. ഇരുരാജ്യങ്ങളുടെയും തടവില്‍ കഴിയുന്ന 70 വയസ്സിനു മുകളിലുള്ളവരെയും സ്ത്രീകളെയും മാനസികാസ്വാസ്ഥ്യം ബാധിച്ചവരെയും മാനുഷിക പരിഗണനയുടെ പേരില്‍ വിട്ടയക്കണമെന്നാണ് ഇന്ത്യ മുന്നോട്ടുവച്ച ശുപാര്‍ശയിലുള്ളത്. അയല്‍പക്കവുമായുള്ള ബന്ധം എന്ന വിഷയത്തിലാണു വിദേശകാര്യങ്ങള്‍ക്കായുള്ള പാര്‍ലമെന്ററി സമിതിയുടെ യോഗം ചേര്‍ന്നത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം ജെ അക്ബര്‍, വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇരുരാജ്യങ്ങള്‍ക്കും തര്‍ക്കമില്ലാത്ത ഒരു നിഷ്പക്ഷ വേദിയില്‍ വച്ചു ക്രിക്കറ്റ് മല്‍സരം നടത്തുന്നത് സംബന്ധിച്ചു യോഗത്തിനിടെ ചോദ്യം ഉയര്‍ന്നിരുന്നു. അപ്പോഴാണ് അതിര്‍ത്തി കടന്നുള്ള ഭീകരവാദവും വെടിവയ്പും പാകിസ്താന്‍ അവസാനിപ്പിക്കാതെ ക്രിക്കറ്റ് മല്‍സരത്തിനു സാധ്യതയില്ലെന്നു സുഷമ സ്വരാജ് വ്യക്തമാക്കിയത്. ക്രിക്കറ്റും ഭീകരവാദവും കൈകോര്‍ത്തു പോവാനാവില്ലെന്നു സുഷമ വ്യക്തമാക്കി. 2012 ഡിസംബറിലാണ് മൂന്ന് ഏകദിനത്തിനും രണ്ടു 20 ട്വന്റി മല്‍സരങ്ങള്‍ക്കുമായി പാകിസ്താന്‍ ക്രിക്കറ്റ് ടീം ഇന്ത്യയിലെത്തിയത്. അതിനിടെ, അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായതോടെ ഇന്ത്യ പൂര്‍ണമായും പാകിസ്താനുമായുള്ള ക്രിക്കറ്റ് മല്‍സരങ്ങളില്‍ നിന്നു വിട്ടുനില്‍ക്കുകയാണ്. ആഗോള ടൂര്‍ണമെന്റുകളില്‍ രണ്ടു ടീമുകളെയും ഒരേ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തരുതെന്നു മുമ്പ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ഐസിസിയോട് ആവശ്യപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it