Cricket

ഇന്ത്യ-ന്യൂസിലന്‍ഡ് മൂന്നാം ട്വന്റി ട്വന്റി; ടീമുകള്‍ ഇന്നെത്തും

ഇന്ത്യ-ന്യൂസിലന്‍ഡ് മൂന്നാം ട്വന്റി ട്വന്റി; ടീമുകള്‍ ഇന്നെത്തും
X


മല്‍സരത്തിന് സജ്ജമായി ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം

എച്ച് സുധീര്‍

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന മൂന്നാം ടി-20 മല്‍സരത്തിനുള്ള ഇന്ത്യ, ന്യൂസിലന്‍ഡ് ടീമുകള്‍ ഇന്നു തലസ്ഥാനത്തെത്തും. രാത്രി 11.30ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന താരങ്ങള്‍ പ്രത്യേകം തയ്യാറാക്കിയ വാഹനത്തില്‍ താമസസ്ഥലമായ കോവളം ലീലാ ഹോട്ടലിലേക്കു പോവും. കനത്ത പോലിസ് സുരക്ഷയിലാവും ടീമംഗങ്ങളെ ഹോട്ടലിലേക്ക് കൊണ്ടുപോവുക. നാളെ ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ ഇരുടീമുകളും പരിശീലനം നടത്തും. 7ന് വൈകീട്ട് ഏഴിനാണ് മല്‍സരം. മികച്ച നിലവാരത്തിലുള്ള ഗ്രൗണ്ടാണ് മല്‍സരത്തിനായി തയ്യാറാക്കിയിട്ടുള്ളതെന്ന് ബിസിസിഐ മാച്ച് റഫറി പി രംഗനാഥന്‍ അറിയിച്ചു. രണ്ടു ടീമുകളും മികച്ച ഫോമിലാണ്. ബാറ്റ്‌സ്മാന്‍മാര്‍ക്ക് അനുകൂലമായ പിച്ചില്‍ റണ്‍സ് ഒഴുകുമെന്നാണു പ്രതീക്ഷ. കഴിഞ്ഞ ദിവസം നടന്ന പരിശീലന മല്‍സരത്തില്‍ കളിച്ച പ്രാദേശിക ടീമുകള്‍ മികവുറ്റ ബാറ്റിങ് പ്രകടനമാണു നടത്തിയത്. ഗ്രൗണ്ടില്‍ മികച്ച ഡ്രെയിനേജ് സംവിധാനം ഒരുക്കിയിട്ടുള്ളതിനാല്‍ മഴ പെയ്താലും കളി തടസ്സപ്പെടില്ല. മഴ പെയ്യില്ലെന്നാണു പ്രതീക്ഷിക്കുന്നത്. വേഗത്തില്‍ ഡ്രൈ ആവുന്ന ഗൗണ്ടിന്റെ ഔട്ട്ഫീല്‍ഡ് മികച്ചതായതിനാല്‍ യാതൊരു ആശങ്കയ്ക്കും വകയില്ല. കളിക്കാര്‍ക്കു വേണ്ട എല്ലാ സജ്ജീകരണങ്ങളും ഗ്രൗണ്ടിനുള്ളില്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മല്‍സരത്തിനുള്ള അന്തിമഘട്ട തയ്യാറെടുപ്പുകളിലാണ് ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയം. ഇന്നലെ ബിസിസിഐ ക്യുറേറ്ററുടെ നേതൃത്വത്തില്‍ പിച്ചിന്റെ അവസാനവട്ട മിനുക്കുപണികള്‍ പൂര്‍ത്തിയാക്കി. ടീമുകള്‍ എത്തുന്നതിനു മുമ്പ് എല്ലാ പണികളും പൂര്‍ത്തിയാക്കി സ്റ്റേഡിയം സജ്ജമാക്കാനാണ് കെസിഎയുടെ ശ്രമം. സ്‌റ്റേഡിയത്തിന്റെ മുന്‍വശത്ത് സ്ഥാപിച്ചിട്ടുള്ള കൂറ്റന്‍ നിലവിളക്ക് പ്രധാന ആകര്‍ഷണമാണ്. ആദ്യമായെത്തുന്ന രാജ്യാന്തര മല്‍സരം ആഘോഷമാക്കാനുള്ള ഒരുക്കങ്ങളും സ്‌റ്റേഡിയത്തില്‍ പുരോഗമിക്കുകയാണ്. സ്‌പോര്‍ട്‌സ് ഹബ്ബിന്റെ പേരു സ്ഥാപിക്കുന്ന ജോലികളാണു പുരോഗമിക്കുന്നത്. സ്‌റ്റേഡിയത്തിലെ ഒരുക്കങ്ങള്‍ വീക്ഷിക്കാന്‍ ആരാധകരും എത്തുന്നുണ്ട്.
അന്താരാഷ്ട്ര നിലവാരത്തിലുള്ള സുരക്ഷാക്രമീകരണങ്ങളാണ് മല്‍സരത്തിനായി തയ്യാറാക്കിയിട്ടുള്ളതെന്ന് ഐജി മനോജ് എബ്രഹാം അറിയിച്ചു. ഇന്നു ടീം എത്തുന്നതു മുതല്‍ ഏഴുവരെ നഗരം കനത്ത സുരക്ഷാവലയത്തിലായിരിക്കും. ദക്ഷിണ മേഖലാ എഡിജിപി ഡോ. ബി സന്ധ്യ, ഐജി മനോജ് എബ്രഹാം, സിറ്റി പോലിസ് കമ്മീഷണര്‍ പി പ്രകാശ്, ഡിസിപി ജി ജയദേവ് എന്നിവരുടെ നേതൃത്വത്തില്‍ ആറ് എസ്പി, 27 ഡിവൈഎസ്പി, 60 സിഐ, 240 എസ്‌ഐമാര്‍ ഉള്‍പ്പെടെ 2500 പോലിസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. ഇവരെ കൂടാതെ 500 സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരും സുരക്ഷാ ഡ്യൂട്ടിക്കായി എത്തും. പ്രവേശനടിക്കറ്റില്ലാതെ ആരെയും സ്റ്റേഡിയത്തിനുള്ളിലോ പരിസരത്തോ പ്രവേശിപ്പിക്കില്ല. പോലിസിന് ഉള്‍പ്പെടെ ഡ്യൂട്ടിക്കായി വരുന്നവര്‍ക്ക് പ്രത്യേക പാസ് നല്‍കിയിട്ടുണ്ട്. 7ന് വൈകീട്ട് നാലു മുതല്‍ കാണികളെ സ്റ്റേഡിയത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കും. മൊബൈല്‍ഫോണ്‍ ഒഴികെ മറ്റൊന്നും സ്‌റ്റേഡിയത്തിലേക്ക് കൊണ്ടുവരാന്‍ അനുവദിക്കില്ല. പ്രധാന കവാടത്തിലെ ആന്റി സബോട്ടേജ് ചെക്കിങിന് ശേഷമാവും കാണികളെ അകത്തേക്കു കടത്തിവിടുക. മദ്യപിച്ചോ ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗിച്ചോ എത്തുന്നവരെയും അകത്തേക്ക് കടത്തിവിടില്ല. ഭക്ഷണസാധനങ്ങളും വെള്ളവും സ്‌റ്റേഡിയത്തിനുള്ളില്‍ ലഭ്യമാക്കുമെന്ന് കെസിഎ ഭാരവാഹികള്‍ അറിയിച്ചു.

ക്യാപ്ഷന്‍
ബിസിസിഐ ക്യുറേറ്ററുടെ നേതൃത്വത്തില്‍ അവസാനവട്ട മിനുക്കുപണികള്‍ പുരോഗമിക്കുന്ന ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം
Next Story

RELATED STORIES

Share it