Cricket

ഇന്ത്യ തകര്‍ന്നു; റൂട്ട് തെറ്റാതെ ഇംഗ്ലണ്ടിന് ജയം

ഇന്ത്യ തകര്‍ന്നു; റൂട്ട് തെറ്റാതെ ഇംഗ്ലണ്ടിന് ജയം
X

ലണ്ടന്‍: ആദ്യ ഏകദിനത്തിന്റെ പരാജയത്തില്‍ നിന്ന്  പാഠമുള്‍ക്കൊണ്ട് രണ്ടാം ഏകദിനത്തിലിറങ്ങിയ ആതിഥേയരായ ഇംഗ്ലണ്ടിന് വമ്പന്‍ ജയം. 86 റണ്‍സിനാണ് ഇന്ത്യയെ ഇംഗ്ലണ്ട് മുട്ടുകുത്തിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 322 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യയുടെ പോരാട്ടം 50 ഓവറില്‍ 236 റണ്‍സില്‍ അവസാനിച്ചു. ജോ റൂട്ടിന്റെ (113) സെഞ്ച്വറിയും നാല് വിക്കറ്റ് വീഴ്ത്തിയ ലിയാം പ്ലക്കറ്റിന്റെ ബൗളിങുമാണ് ഇംഗ്ലണ്ടിന് കരുത്തായത്.
പരമ്പര പിടിക്കാന്‍ ജയം നിര്‍ണായകമായ മല്‍സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇംഗ്ലണ്ട് നായകന്‍ മോര്‍ഗന്റെ തീരുമാനം ശരിവെക്കുന്ന തുടക്കമാണ് ഓപണര്‍മാര്‍ ടീമിന് സമ്മാനിച്ചത്. ഒന്നാം വിക്കറ്റില്‍ ജേസണ്‍ റോയ് (40), ജോണി ബെയര്‍സ്‌റ്റോ (38) ചേര്‍ന്ന് 69 റണ്‍സാണ് ഇംഗ്ലണ്ട് സ്‌കോര്‍ബോര്‍ഡിന് സമ്മാനിച്ചത്. എന്നാല്‍ അഞ്ച് ഫോറും ഒരു സിക്‌സറും പറത്തി മികച്ച ഫോമില്‍ ബാറ്റുവീശിയ ബെയര്‍‌സ്റ്റോയെ മടക്കി കുല്‍ദീപ് യാദവ് കൂട്ടുകെട്ട് പൊളിച്ചു. അധികം വൈകാതെ റോയിയെയും മടക്കി കുല്‍ദീപ് ഇംഗ്ലണ്ടിനെ ഞെട്ടിച്ചെങ്കിലും മൂന്നാം വിക്കറ്റിലെ റൂട്ട് - മോര്‍ഗന്‍ കൂട്ടുകെട്ട് ഇംഗ്ലണ്ട് ഇന്നിങ്‌സിന് അടിത്തറപാകുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 103 റണ്‍സാണ് ഇംഗ്ലണ്ട് സ്‌കോര്‍ബോര്‍ഡിനോട് ചേര്‍ത്തത്. അര്‍ധ സെഞ്ച്വറിക്ക് പിന്നാലെ കുല്‍ദീപിന്റെ ഫുള്‍ട്ടോസിനെ സിക്‌സര്‍ പായിക്കാനുള്ള മോര്‍ഗന്റെ ശ്രമം ശിഖര്‍ ധവാന്റെ കൈകളില്‍ സുരക്ഷിതമായി അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് സ്‌കോര്‍ബോര്‍ഡ് 30.3 ഓവറില്‍ മൂന്ന് വിക്കറ്റിന് 189 റണ്‍സെന്ന മികച്ച നിലയിലായിരുന്നു. പിന്നീട് ഇംഗ്ലണ്ടിന്റെ മധ്യനിരയെ പിടിച്ചുകെട്ടി ഇന്ത്യന്‍ ബൗളര്‍മാര്‍ കരുത്തുകാട്ടി. ബെന്‍ സ്റ്റോക്‌സിനെ (5) ഹര്‍ദിക് പാണ്ഡ്യ എം എസ് ധോണിയുടെ കൈകളിലെത്തിച്ചപ്പോള്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ജോസ്് ബട്‌ലറെ (4) ഉമേഷ് യാദവും പുറത്താക്കി.  മോയിന്‍ അലിയെ (13) യുസ്‌വേന്ദ്ര ചാഹലും മടക്കിയതോടെ ഇംഗ്ലണ്ട് സ്‌കോര്‍ബോര്‍ഡ് 41.4 ഓവറില്‍ ആറ് വിക്കറ്റിന് 239 എന്ന നിലയിലേക്ക് തകര്‍ന്നു. എന്നാല്‍ ഒരു വശത്ത് പതറാതെ ബാറ്റുവീശിയ ജോ റൂട്ട് സെഞ്ച്വറിയോടെ ഇംഗ്ലണ്ട് സ്‌കോര്‍ബോര്‍ഡിനെ മുന്നോട്ട് നയിച്ചു. 116 പന്തുകള്‍ നേരിട്ട് എട്ട് ഫോറും ഒരു സിക്‌സറും ഉള്‍പ്പെടെയായിരുന്നു റൂട്ടിന്റെ സെഞ്ച്വറി പ്രകടനം. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ഡേവിഡ് വില്ലിയാണ് (50*) ഇംഗ്ലണ്ട് സ്‌കോര്‍ബോര്‍ഡിനെ 322 എന്ന സ്‌കോറിലേക്കെത്തിച്ചത്. 31 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സറുമാണ് വില്ലിയുടെ ബാറ്റില്‍ നിന്ന് പിറന്നത്. ഇന്ത്യക്കുവേണ്ടി കുല്‍ദീപ് മൂന്ന് വിക്കറ്റുകള്‍ പിഴുതപ്പോള്‍ ഉമേഷ് യാദവ്, ഹര്‍ദിക് പാണ്ഡ്യ, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു.
323 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യന്‍ നിരയില്‍ സുരേഷ് റെയ്‌ന (46), വിരാട് കോഹ്‌ലി (45), എം എസ് ധോണി (37), ശിഖര്‍ ധവാന്‍ എന്നിവര്‍ക്ക് മാത്രമാണ് അല്‍പമെങ്കിലും പിടിച്ചുനില്‍ക്കാനായത്.  ഇംഗ്ലണ്ടിന് വേണ്ടി ലിയാം പ്ലക്കറ്റ് നാല് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ആദില്‍ റഷീദ്, ഡേവിഡ് വില്ലി എന്നിവര്‍ രണ്ടും മാര്‍ക്ക് വുഡ് മോയിന്‍ അലി എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു.
ജയത്തോടെ മൂന്ന് മല്‍സര പരമ്പരയില്‍ ഇംഗ്ലണ്ട് 1-1 ഒപ്പമെത്തി.
Next Story

RELATED STORIES

Share it