ഇന്ത്യ-ചൈന വ്യാപാരബന്ധം സന്തുലിതമാവാന്‍

വ്യാപാര യുദ്ധത്തിന്റെ നിഴലില്‍- 2 -  ടി  ജി  ജേക്കബ്
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരബന്ധവും അസന്തുലിതമാണ്. കയറ്റുമതി ഇറക്കുമതിയേക്കാള്‍ കൂടുതലാണ്. പക്ഷേ, ചൈനയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതു വളരെ നിസ്സാരമാണ്. മാത്രമല്ല, ഇന്ത്യയുടെ കയറ്റുമതി മുഖ്യമായും അസംസ്‌കൃത വസ്തുക്കളാണ്. അവയുടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത് അമേരിക്കയിലാണ്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സാമ്പത്തികബന്ധങ്ങള്‍ ഭൂമിശാസ്ത്ര തൊഴില്‍ വിഭജനം അനുസരിച്ചുള്ള പിന്നാക്ക-മുന്നാക്ക ബന്ധങ്ങളാണ്. കയറ്റുമതി വര്‍ധന വളരെ വ്യക്തമായ പരിമിതികള്‍ക്കുള്ളിലാണ്. അമേരിക്ക-ചൈന വ്യാപാര ബന്ധങ്ങളിലെ അലോസരങ്ങള്‍ ഇന്ത്യയെ ഇതിനോടകം തന്നെ പ്രതികൂലമായി ബാധിക്കാന്‍ തുടങ്ങിയിട്ടുണ്ടുതാനും. ഇന്ത്യയില്‍ നിന്നും മൂലധനം പിന്‍വലിക്കുന്ന പ്രവണതയാണിപ്പോള്‍ മുന്നില്‍വന്നിരിക്കുന്നത്. അതായത്, മോദിയുടെ 'മെയ്ക്ക് ഇന്‍ ഇന്ത്യ' പരിപാടിക്ക് ഒരു തിരിച്ചടി കൂടി. ട്രംപിന്റെ 'ദേശാഭിമാനം' ഇന്ത്യയെ സഹായിക്കാന്‍ വേണ്ടിയല്ല; അമേരിക്കന്‍ സമ്പദ്ഘടനയെ പിടിച്ചുനിര്‍ത്താന്‍ വേണ്ടിയാണ്. സാമ്പത്തിക മാന്ദ്യത്തിനുള്ള ഒരു താല്‍ക്കാലിക പരിഹാരം മാന്ദ്യത്തിന്റെ കെടുതികള്‍ വിതരണം ചെയ്യുക എന്നതാണ്. ആഗോള മൂലധനവുമായി ഉള്ള ബന്ധങ്ങള്‍ എത്രമാത്രം വിപുലമാണോ അത്രതന്നെ ഈ കെടുതികള്‍ താങ്ങേണ്ടിവരും. ഈ പരിപാടിയില്‍ ഇന്ത്യക്കും ക്ഷതമേല്‍ക്കാതിരിക്കാന്‍ മാര്‍ഗമില്ല. ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരക്കമ്മി ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരക്കമ്മിയേക്കാള്‍ ഇരട്ടിയിലധികം ആണെന്ന വസ്തുത ഇവിടത്തെ 'ദേശാഭിമാനികള്‍' സൗകര്യപ്രദമായി മറന്നുപോവുന്നു. ഇന്ത്യയുടെ ചൈനയോടുള്ള കടബാധ്യത ഒട്ടും നിസ്സാരമല്ല. ഇതു ലഘൂകരിച്ചാലേ ഇന്ത്യ-ചൈന വ്യാപാരബന്ധങ്ങള്‍ സന്തുലിതമാവുകയുള്ളൂ. ഇതു മനസ്സിലാക്കാതെ വെറുതെ വിടുവായത്തം പുലമ്പുന്നത് വിചിത്രമെന്നല്ലാതെ വിശേഷിപ്പിക്കാന്‍ കഴിയില്ല.
സമ്പദ്ഘടനയെ ആഗോള മൂലധനത്തിനുള്ള കളരിയാക്കിയപ്പോള്‍ ചൈനീസ് ഭരണകൂടം മുതലാളിത്ത വിപണിവ്യവസ്ഥയുടെ ചാഞ്ചാട്ടങ്ങള്‍ക്കും തുറന്നുകൊടുക്കുകയായിരുന്നു. പ്രബലമായ ഒരു സര്‍ക്കാര്‍ മുതലാളിത്ത മേഖലയാണ് അവര്‍ പറയുന്ന 'ചൈനീസ്മുഖമുള്ള വിപണി വ്യവസ്ഥ.' പക്ഷേ, ഈ സര്‍ക്കാര്‍ മുതലാളിത്ത മേഖല തന്നെ അതിവേഗം ആഗോള കോര്‍പറേറ്റ് മൂല്യങ്ങളെ പൂര്‍ണമായും ഉള്‍ക്കൊള്ളേണ്ടിവന്നു. അങ്ങനെ സര്‍ക്കാര്‍ മുതലാളിത്തവും കോര്‍പറേറ്റ് മുതലാളിത്തവും തമ്മിലുള്ള ഔപചാരിക വേര്‍തിരിവ് അപ്രത്യക്ഷമായി. കമ്മ്യൂണുകളും കൂട്ടുകൃഷിയും അവ നടത്തിയിരുന്ന ഫാക്ടറികളും പിരിച്ചുവിട്ട് ഏറ്റവും വിലകുറഞ്ഞ അധ്വാനശക്തി വന്‍തോതില്‍ കോര്‍പറേറ്റ് മേഖലയിലേക്കു കുടികയറാനുള്ള സാഹചര്യം സൃഷ്ടിച്ചു. വിദേശമൂലധനം ഇതൊരു സുവര്‍ണാവസരമായി കണ്ടാണ് വന്‍തോതില്‍ അങ്ങോട്ടൊഴുകിയത്. കണക്കുകൂട്ടലുകള്‍ പിഴച്ചില്ല. ചൈന ജപ്പാനെ പിന്തള്ളി ലോക സാമ്പത്തികശക്തിയായി മാറി. മുതലാളിത്ത സാമ്പത്തിക നിയമങ്ങളനുസരിച്ച് അതിനുള്ളിലുള്ള ഒരു ഘടകമായാണ് ചൈന വളര്‍ന്നത്. ചൈനീസ് മൂലധനം ആഫ്രിക്കയിലും ഏഷ്യയിലുമുള്ള പിന്നാക്കരാജ്യങ്ങളില്‍ പുത്തന്‍ കൊളോണിയല്‍ രീതിയില്‍ തന്നെയുള്ള ചൂഷണവും നടത്തുന്നുണ്ട്. വര്‍ണവിവേചനം ഉള്‍പ്പെടെയുള്ള കൊളോണിയല്‍ ചൂഷക ഉപകരണങ്ങള്‍ അവര്‍ ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. ഈ വ്യാപനം ചൈനീസ് മുതലാളിത്ത വ്യവസ്ഥയുടെ സ്വാഭാവികമായ വളര്‍ച്ചയാണ് വെളിവാക്കുന്നത്. ഈ വ്യാപനം ഇല്ലെങ്കില്‍ ചൈനീസ് മുതലാളിത്ത വ്യവസ്ഥയ്ക്ക് മുന്നോട്ടുനീങ്ങാന്‍ കഴിയില്ല. പുത്തന്‍ കൊളോണിയല്‍ രീതിയിലായിരുന്നു ആഗോള മൂലധനം ചൈനയില്‍ കയറിയത്. അതേസമയം തന്നെ സര്‍ക്കാര്‍, സര്‍ക്കാരിതര മുതലാളിത്ത കൂട്ടുസംരംഭങ്ങള്‍ ഉപയോഗിച്ച്, വമ്പിച്ച മുതല്‍മുടക്കു വേണ്ടിവരുന്ന സാങ്കേതിക വിജ്ഞാനം സ്വന്തമാക്കി. ഇതവരുടെ തീക്ഷ്ണമായ ദേശീയബോധത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ഇതു മോഷണമായാണ് അമേരിക്ക കാണുന്നത്. ഈ 'മോഷണ'മാണ് ചൈനീസ് വളര്‍ച്ചയ്ക്കു പിന്നിലെന്ന് ട്രംപ് പറയുന്നു. ലോകവ്യാപാര സംഘടനയുടെ മുന്നില്‍ ചൈന ഇതിനു സമാധാനം ബോധിപ്പിക്കണമെന്നും ശിക്ഷിക്കപ്പെടണമെന്നുമാണ് അമേരിക്കന്‍ നിലപാട്.
സാങ്കേതികവിദ്യയുടെ മോഷണം മുതലാളിത്ത വ്യവസ്ഥയില്‍ സര്‍വസാധാരണമാണ്. ഇവിടത്തെ 'ഹരിതവിപ്ലവം' തന്നെ ഒരു വന്‍ മോഷണത്തിന്റെ കഥ പറയുന്നുണ്ട്. പല മോഷണങ്ങളും വളരെ വിപുലമായ ചാരശൃംഖലയില്‍ കൂടിയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ ചരിത്രത്തില്‍ വളരെ പ്രമാദമായ ഒരു സംഭവമാണ് സ്റ്റാലിന്റെ കാലത്ത് സോവിയറ്റ് യൂനിയന്റെ ചാര സംഘടനാ തലവന്‍ ബെറിയയുടെ നേതൃത്വത്തില്‍ ഒരു വന്‍ ചാരശൃംഖല അമേരിക്കയില്‍ നിന്ന് അണുബോംബിന്റെ സാങ്കേതികവിദ്യ ചോര്‍ത്തിയതും 1949ല്‍ സോവിയറ്റ് യൂനിയന്‍ ന്യൂക്ലിയര്‍ പരീക്ഷണം നടത്തിയതും. ബഹുരാഷ്ട്ര കോര്‍പറേഷനുകള്‍ക്കിടയില്‍ ചാരപ്പണി വളരെ സജീവമാണ്. ഇതിനുള്ള ചെലവ് അടിസ്ഥാന ചെലവിന്റെ ഭാഗമാണ്. ചൈന സാങ്കേതികവിദ്യകള്‍ 'മോഷണം' നടത്തുന്നതില്‍ യാതൊരു അസ്വാഭാവികതയുമില്ല. ഈ സമ്പ്രദായം ആഗോളതലത്തില്‍ മുതലാളിത്ത മല്‍സരത്തിന്റെ ഭാഗം തന്നെയാണ്. ചെയ്യാന്‍ കഴിവുള്ളവര്‍ അതു ചെയ്യുന്നു; അത്രമാത്രം.                                                  ി

(അവസാനിച്ചു)
Next Story

RELATED STORIES

Share it