Cricket

ഇന്ത്യ-ഓസിസ് നാലാം ഏകദിനം; ഇന്ത്യ പൊരുതി തോറ്റു

ഇന്ത്യ-ഓസിസ് നാലാം ഏകദിനം; ഇന്ത്യ പൊരുതി തോറ്റു
X
dhawan

[related]

കാന്‍ബറ: ഓസിസിനെതിരായ നാലാം ഏകദിനത്തിലും ഇന്ത്യയ്ക്ക് തോല്‍വി. വിരാട് കോഹ്‌ലിയുടെയും ശിഖര്‍ ധവാന്റെയും സെഞ്ചുറി പാഴായി പോയ മല്‍സരത്തില്‍  ഓസിസിന്റെ വിജയം 25 റണ്‍സിനായിരുന്നു.ഓസിസ് ഉയര്‍ത്തിയ 348 എന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ഇന്ത്യ നാലു ബോള്‍ ശേഷിക്കെ 323 റണ്‍സിന് പുറത്താവുകയായിരുന്നു. ഇന്ത്യയുടെ അഭിമാനപോരാട്ടമായ മല്‍സരത്തില്‍ ടോസ് നേടിയ ഓസിസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആരോണ്‍ ഫിഞ്ചിന്റെയും (107), ഡേവിഡ് വാര്‍ണറുടെയും (93) വെടിക്കെട്ട് ബാറ്റിങിലൂടെയാണ് കംഗാരുപ്പട എട്ടു വിക്കറ്റ് നഷ്ടത്തില്‍ 348 റണ്‍സ് നേടിയത്. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്(51), ഗ്ലെന്‍ മാക്‌സ്‌വെല്‍(41),  മിച്ചേല്‍ മാര്‍ഷ്(33) എന്നിവര്‍ മഞ്ഞപ്പടയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചു.
ഇന്ത്യന്‍ ബൗളര്‍മാരെ നിലംപരിശാക്കുന്ന പ്രകടനമായിരുന്നു ഓസിസ് പുറത്തെടുത്തത്. ആതിഥേയര്‍ക്ക് ആദ്യ വിക്കറ്റ് നഷ്ടമായത് തന്നെ സ്‌കോര്‍ 187ല്‍ എത്തിനില്‍ക്കുമ്പോഴാണ്. ഇന്ത്യയ്ക്കു വേണ്ടി ഇഷാന്ത് ശര്‍മ്മ നാലും ഉമേശ് യാദവ് മൂന്നും വിക്കറ്റ് നേടി.

മറുപടി ബാറ്റിങില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കമായിരുന്നു. ഓപ്പണര്‍ രോഹിത് ശര്‍മ്മ 41 റണ്‍സെടുത്ത് പുറത്തായെങ്കിലും ശിഖര്‍ ധവാനും കോഹ് ലിയും ചേര്‍ന്ന് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി. എന്നാല്‍ ഇരുവര്‍ക്കും ശേഷം വന്നവര്‍ക്ക് സ്‌കോര്‍ ബോര്‍ഡ് വേണ്ടത്ര ചലിപ്പിക്കാനായില്ല. ക്യാപ്റ്റന്‍ ധോണി റണ്‍സൊന്നുമെടുക്കാതെ പുറത്തായി. പുതുമുഖം ഗുര്‍കീര്‍ത്ത് സിങ് മാന്‍(5), അജിങ്ക്യ രഹാനെ (2), ഭുവനേശ്വര്‍ കുമാര്‍(2), റിഷി ധവാന്‍(9), ഇഷാന്ത് ശര്‍മ്മ(0) എന്നിവര്‍ക്കും ടീമിനെ വിജയത്തിലേക്കെത്തിക്കാനായില്ല. രവീന്ദ്ര ജഡേജ 24 റണ്‍സെടുത്തു.
ആസ്‌ത്രേലിയക്കു വേണ്ടി കാനെ റിച്ചാര്‍ഡ്‌സണ്‍ അഞ്ചു വിക്കറ്റ് വീഴ്ത്തി. ജോണ്‍ ഹാസ്റ്റിങ്‌സ്, മിച്ചല്‍ മാര്‍ഷ്(2) എന്നിവരും രണ്ടു വിക്കറ്റ് നേടി.  നേരത്തെ മൂന്നു മല്‍സരങ്ങള്‍ വിജയിച്ച ഓസിസ് പരമ്പര സ്വന്തമാക്കിയിരുന്നു.

kohli

ഓസീസിനെതിരേ പരമ്പര നഷ്ടമായതിനു പിന്നാലെ ഐസിസി ഏകദിന റാങ്കിങിലും ഇന്ത്യ ഭീഷണി നേരിട്ടു കൊണ്ടിരിക്കുകയാണ്. ഓസീസിനെതിരേ ശേഷിക്കുന്ന രണ്ടു മല്‍സരങ്ങളില്‍ ഒന്നിലെങ്കിലും ജയിച്ചാല്‍ മാത്രമേ ഏകദിന റാങ്കിങില്‍ ഇന്ത്യക്ക് രണ്ടാം സ്ഥാനം നിലനിര്‍ത്താനാവുകയുള്ളൂ.ഇതിനിടയ്ക്കാണ് ഇന്നത്തെ തോല്‍വിയും.  നിലവില്‍ രണ്ടാമതുള്ള ഇന്ത്യക്കും മൂന്നാമതുള്ള ദക്ഷിണാഫ്രിക്കയ്ക്കും 112 പോയിന്റ് വീതമാണുള്ളത്. ഓസീസിനെതിരേ ശേഷിക്കുന്ന ഒരു മല്‍സരത്തില്‍  തോല്‍ക്കുകയാണെങ്കില്‍ ഇന്ത്യയെ പിന്തള്ളി ദക്ഷിണാഫ്രിക്ക രണ്ടാംസ്ഥാനത്തേക്ക് കയറും.
129 പോയിന്റുമായി റാങ്കിങില്‍ ബഹുദൂരം മുന്നിലാണ് ഇന്ത്യയുടെ എതിരാളികളായ ആസ്‌ത്രേലിയ. ഓസീസ് മണ്ണില്‍ ബൗളര്‍മാര്‍ക്ക് ഒരു അനുകൂല്യവും ലഭിക്കാതെ പോവുന്നതാണ് ഇന്ത്യക്ക് തിരിച്ചടിയാവുന്നത്. പരമ്പരയിലെ ആദ്യ രണ്ടു മല്‍സരങ്ങളിലും 300ന് മുകളില്‍ സ്‌കോര്‍ ചെയ്ത ഇന്ത്യ മൂന്നാമങ്കത്തിലും 295 റണ്‍സെന്ന പൊരുതാവുന്ന സ്‌കോര്‍ നേടിയിരുന്നെങ്കിലും രക്ഷയുണ്ടായിരുന്നില്ല. മൂന്നു മല്‍സരങ്ങളിലും ഇന്ത്യ നല്‍കിയ വിജയലക്ഷ്യം ഓസീസ് അനായാസം മറികടക്കുകയായിരുന്നു.
ആദ്യ രണ്ട് ഏകദിനങ്ങളില്‍ സെഞ്ച്വറി നേടി രോഹിത് ശര്‍മയും മൂന്നാമങ്കത്തില്‍ ശതകം പൂര്‍ത്തിയാക്കി വിരാട് കോഹ് ലിയും ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.
സമീപ കാലത്തായി ധോണിക്ക് കീഴില്‍ ടീം ഇന്ത്യ മോശം പ്രകടനമാണ് നടത്തുന്നത്. നാട്ടില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയും ധോണിക്കു കീഴില്‍ ഇന്ത്യക്ക് പരമ്പര നേടാന്‍ സാധിച്ചിരുന്നില്ല. ഓസീസിനെതിരേ സമ്പൂര്‍ണ പരാജയമേറ്റുവാങ്ങുകയാണെങ്കില്‍ ധോണിക്കെതിരേ ഇപ്പോഴുള്ള വിമര്‍ശനങ്ങള്‍ക്ക് ശക്തി കൂടും.
ടെസ്റ്റിലെ നായകനായ കോഹ്‌ലിക്കു കീഴില്‍ ഇന്ത്യ വിജയങ്ങള്‍ നേടുന്നതും ധോണിയുടെ ഭാവി തുലാസിലാക്കുന്നുണ്ട്.
Next Story

RELATED STORIES

Share it