Cricket

ഇന്ത്യ - ആസ്‌ത്രേലിയ ഒന്നാം ട്വന്റി ഇന്ന് ( 07-10-2017)

ഇന്ത്യ - ആസ്‌ത്രേലിയ ഒന്നാം ട്വന്റി ഇന്ന് ( 07-10-2017)
X


മല്‍സരം വൈകീട്ട് 6.50 മുതല്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1 ല്‍ തല്‍സമയം

റാഞ്ചി: ഇന്ത്യ - ആസ്‌ത്രേലിയ ഒന്നാം ട്വന്റി മല്‍സരം ഇന്ന് റാഞ്ചിയില്‍. ഏകദിനത്തിലെ വെടിക്കെട്ട് ജയത്തിന്റെ ആവേശത്തില്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ തോല്‍വികളുടെ ഭാരമിറക്കി ട്വന്റി പരമ്പര നേടാനുറച്ചാവും കംഗാരുക്കള്‍ കളത്തിലിറങ്ങുക.
ഏകദിന പരമ്പരയിലെ ടീമിനെ ഏറെക്കുറെ നിലനിര്‍ത്തിയാണ് ഇന്ത്യ ട്വന്റി പരമ്പരയ്ക്കിറങ്ങുന്നത്. വെടിക്കെട്ട് ഓപണര്‍ ശിഖാര്‍ ധവാന്‍ ടീമിലേക്ക് മടങ്ങിയെത്തിയപ്പോള്‍ ഏകദിനത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത അജിന്‍ക്യ രഹാനെയ്ക്ക് പുറത്തിരിക്കേണ്ടി വന്നു. ബൗളിങ് നിരയില്‍ പരിചയ സമ്പന്നനായ ആശിഷ് നെഹ്‌റയും ടീമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ടെങ്കിലും കളിക്കുന്ന കാര്യം സംശയമാണ്. ബാറ്റിങ് നിരയില്‍ ഓപണര്‍ രോഹിത് ശര്‍മയുടെ ഫോം ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നതാണ്. മധ്യനിരയില്‍ കേദാര്‍ ജാദവ്, മനീഷ് പാണ്ഡെ എന്നിവര്‍ക്കൊപ്പം സൂപ്പര്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയും അണിനിരക്കുമ്പോള്‍ ഇന്ത്യയെ വെല്ലാന്‍ കംഗാരുക്കള്‍ക്ക് നന്നായി തന്നെ വിയര്‍ക്കേണ്ടി വരും.
ബൗളിങ് നിരയില്‍ കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചാഹലും സ്പിന്‍ നിരയില്‍ ഇറങ്ങുമെന്നാണ് റിപോര്‍ട്ടുകള്‍. അങ്ങനെ വന്നാല്‍ അക്‌സര്‍ പട്ടേലിന് കരക്കിരിക്കേണ്ടി വരും. ഫാസ്റ്റ് ബൗളിങില്‍ ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബൂംറയും തന്നെയാവും പ്ലേയിങ് ഇലവനില്‍ ഇറങ്ങുക.
അതേ സമയം ഓപണര്‍മാരായ ഡേവിഡ് വാര്‍ണറുടെയും ആരോണ്‍ ഫിഞ്ചിന്റെയും ബാറ്റിങിലാവും ഓസീസിന്റെ വിജയ സാധ്യത. നായകന്‍ സ്റ്റീവ് സ്മിത്തിന് ഫോം കണ്ടെത്താനാവാത്തതാണ് ടീമിന്റെ പ്രധാന തലവേദന. മധ്യ നിരയില്‍ ഗ്ലെന്‍ മാക്‌സ് വെല്ലും ട്രവിസ് ഹെഡും മികവിനൊത്ത് ഉയര്‍ന്നാല്‍ ഓസീസിന് വിജയം കിട്ടാക്കനിയല്ല. ഓള്‍റൗണ്ടര്‍ മോയിസസ് ഹെന്റിക്വസും ഓസീസ് നിരയില്‍ ഇറങ്ങുമെന്നാണ് റിപോര്‍ട്ടുകള്‍. ബൗളിങ് നിരയില്‍ കോള്‍ട്ടര്‍നെയ്‌ലിന്റെയും റിച്ചാര്‍ഡ്‌സണിന്റെയും ബൗളിങ് ഇന്ത്യക്ക് വെല്ലുവിളി ആയേക്കും. മൂന്ന് മല്‍സരങ്ങളാണ് ട്വന്റി പരമ്പരയിലുള്ളത്. ഏകദിന പരമ്പര 4-1നാണ് ഇന്ത്യ സ്വന്തമാക്കിയത്.
Next Story

RELATED STORIES

Share it