ഇന്ത്യ-ആഫ്രിക്ക ഉച്ചകോടിക്ക് ഡല്‍ഹിയില്‍ തുടക്കം

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ അതീവ സുരക്ഷാവലയത്തിലാക്കി നാലു ദിവസം നീണ്ടു നില്‍ക്കുന്ന ഇന്ത്യ-ആഫ്രിക്ക ഉച്ചകോടിക്കു തുടക്കമായി. 54 ആഫ്രിക്കന്‍ രാജ്യങ്ങളിലെ തലവന്മാരാണ് ഉച്ചകോടിയില്‍ സംബന്ധിക്കുന്നത്. ആരോഗ്യ, വാണിജ്യ മേഖലയില്‍ ആഫ്രിക്കന്‍ രാജ്യങ്ങളുമായുള്ള ബന്ധം ശക്തമാക്കുന്ന വേദിയാവും ഉച്ചകോടി.
ഇന്ത്യ-ആഫ്രിക്ക ഉച്ചകോടിക്ക് കേന്ദ്ര സര്‍ക്കാര്‍ വലിയ പ്രാധാന്യമാണു നല്‍കുന്നത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നടത്തിയ റേഡിയോ പ്രഭാഷണത്തിലും ഉച്ചകോടിയെക്കുറിച്ച് പരാമര്‍ശം ഉണ്ടായിരുന്നു. ആഫ്രിക്കയ്ക്കു പുറത്തുനടക്കുന്ന ഏറ്റവും വലിയ സമ്മേളനമായിരിക്കും ഈ ഉച്ചകോടിയെന്നായിരുന്നു പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നത്. വിവിധ രാജ്യങ്ങളുടെ പ്രസിഡന്റുമാരും രാജാക്കന്മാരുമടക്കം 2000 പേരാണ് ഇന്നലെ ഡല്‍ഹിയില്‍ എത്തിച്ചേര്‍ന്നത്. ആരോഗ്യരംഗം, ഭീകരവാദം, കാലാവസ്ഥാ വ്യതിയാനം, വാണിജ്യബന്ധം എന്നീ വിഷയങ്ങളില്‍ ചര്‍ച്ചകളുണ്ടാവും. നിരവധി കരാറുകള്‍ പരിഗണനയിലുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഉച്ചകോടിക്കു മുന്നോടിയായി രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. 300 സിസിടിവി കാമറകള്‍ സുരക്ഷയുടെ ഭാഗമായി പ്രത്യേകം സ്ഥാപിച്ചിട്ടുണ്ട്. ഡല്‍ഹി പോലിസ് സംഘത്തിലെ നാലില്‍ ഒന്ന് അംഗങ്ങളെയും സമ്മേളന സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉച്ചകോടി ഉദ്ഘാടനം ചെയ്തത്. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ചര്‍ച്ചയാണ് ഇന്നലെ നടന്നത്. വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ചകളാണ് ഇന്നു നടക്കുക. വ്യാഴാഴ്ചയാണ് പ്രധാന സമ്മേളനം.
Next Story

RELATED STORIES

Share it