Editorial

ഇന്ത്യ-അമേരിക്ക ബന്ധങ്ങളിലെ പ്രശ്‌നങ്ങള്‍

ഈയാഴ്ച അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയും പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസും ഉന്നതതല ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ എത്തുകയാണ്. ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ എന്നിവരുമായി അവര്‍ നടത്തുന്ന ചര്‍ച്ചകള്‍ക്ക് വിദേശകാര്യവൃത്തങ്ങള്‍ വലിയ പ്രാധാന്യമാണ് നല്‍കിയിരിക്കുന്നത്. നരേന്ദ്ര മോദി അധികാരത്തില്‍ എത്തിയ ശേഷം അമേരിക്കയുമായുള്ള ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനു കേന്ദ്ര സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കുകയുണ്ടായി. മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനവും പ്രസിഡന്റ് ബറാക് ഒബാമയുമായും പിന്നീട് ഡോണള്‍ഡ് ട്രംപുമായും നടത്തിയ ചര്‍ച്ചകളും അന്താരാഷ്ട്രതലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിക്കുകയുണ്ടായി. ഇന്ത്യ തങ്ങള്‍ നേരത്തേ പിന്തുടര്‍ന്നുവന്ന ചേരിചേരാ നയത്തില്‍ നിന്നു വ്യതിചലിച്ച് അമേരിക്കന്‍ അനുകൂല നിലപാടിലേക്കു മാറുകയാണെന്ന പ്രതീതിയാണ് മോദി ഭരണത്തിലെത്തിയ ശേഷം നടത്തിയ നീക്കങ്ങള്‍ നല്‍കിയത്. അത്തരമൊരു നയംമാറ്റത്തിന് അനുകൂലമായ സാഹചര്യങ്ങള്‍ അന്താരാഷ്ട്ര ബന്ധങ്ങളില്‍ ഉയര്‍ന്നുവരുകയുമുണ്ടായി. ഏഷ്യയില്‍ ചൈനയുടെ വളര്‍ച്ച അമേരിക്കയടക്കമുള്ള വന്‍ശക്തികള്‍ക്ക് വലിയ ഉല്‍ക്കണ്ഠയാണ് സൃഷ്ടിച്ചത്. അതേസമയം, ഇന്ത്യയുടെ തൊട്ടയല്‍പക്ക രാജ്യങ്ങളില്‍ ചൈനയുടെ സ്വാധീനം വര്‍ധിച്ചതും ഇന്ത്യാ സമുദ്രത്തിലും തെക്കുകിഴക്കന്‍ ഏഷ്യന്‍ പ്രദേശങ്ങളിലും ചൈനയുടെ സൈനിക സാന്നിധ്യം വിപുലമായതും ഇന്ത്യന്‍ അധികൃതരുടെ ഉല്‍ക്കണ്ഠയും വര്‍ധിപ്പിച്ചു. അതിനാല്‍, ചൈനയുടെ വെല്ലുവിളി നേരിടാന്‍ ഇന്ത്യയുമായി കൈകോര്‍ക്കുകയെന്ന നയമാണ് അമേരിക്ക സ്വീകരിച്ചത്. അതിന് അനുകൂലമായ നീക്കങ്ങളാണ് ഇന്ത്യയും നടത്തിയത്. പക്ഷേ, അമേരിക്കയുമായുള്ള ബന്ധങ്ങളില്‍ വിചാരിച്ച പോലുള്ള ഊഷ്മളത കൈവരിക്കാന്‍ ഇന്ത്യക്കു സാധ്യമായില്ല എന്നതാണ് വാസ്തവം. അമേരിക്കയുടെ ഏകപക്ഷീയമായ നിലപാടുകളും തികഞ്ഞ സാമ്രാജ്യത്വ മനോഭാവവും ബന്ധത്തില്‍ വലിയ വിള്ളല്‍ വീഴ്ത്തിയതായാണ് സമീപകാല അനുഭവങ്ങളില്‍ നിന്നു വ്യക്തമാവുന്നത്. പതിറ്റാണ്ടുകളായി ഇന്ത്യ റഷ്യയില്‍ നിന്നു പ്രതിരോധ ആവശ്യത്തിന് ആയുധങ്ങള്‍ വാങ്ങുന്നുണ്ട്. ഇന്ത്യയുടെ ആണവശേഷിക്ക് പിന്തുണയായതും റഷ്യയാണ്. റഷ്യയുമായുള്ള ഇടപാടുകള്‍ അവസാനിപ്പിക്കണമെന്ന കര്‍ശനമായ നിലപാടാണ് ട്രംപ് ഭരണകൂടം സ്വീകരിക്കുന്നത്. അതേപോലെ ഇറാനില്‍ നിന്ന് ഇന്ത്യ വന്‍തോതില്‍ എണ്ണയും പ്രകൃതിവാതകവും ഇറക്കുമതി ചെയ്യാന്‍ കരാറായതാണ്. അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ ഇറാനുമായി ഏര്‍പ്പെട്ട ആണവ നിരോധന കരാറിന്റെ പിന്തുടര്‍ച്ചയായാണ് ഈ വന്‍ വ്യാപാരബന്ധങ്ങള്‍ക്ക് ഇന്ത്യ തയ്യാറായത്. ഇപ്പോള്‍ അമേരിക്ക ഏകപക്ഷീയമായി കരാറില്‍ നിന്നു പിന്‍മാറി. ഇറാനുമായുള്ള വ്യാപാരബന്ധങ്ങള്‍ ഉപേക്ഷിക്കണമെന്ന് ട്രംപ് ഭരണകൂടം ഇന്ത്യയെ നിര്‍ബന്ധിക്കുന്നു. ഇത്തരം നിരവധി പ്രശ്‌നങ്ങള്‍ സമീപകാലത്ത് രണ്ടു രാജ്യങ്ങള്‍ക്കുമിടയില്‍ ഉടലെടുത്തിട്ടുണ്ട്. അമേരിക്കന്‍ നേതൃത്വത്തിന്റെ ധിക്കാരപരമായ നീക്കങ്ങളാണ് അതില്‍ പലതിനും കാരണമെന്നതും വസ്തുതയാണ്. ഈ സാഹചര്യത്തില്‍ അമേരിക്കന്‍ ഭരണകൂടത്തിലെ പ്രമുഖര്‍ നടത്തുന്ന ചര്‍ച്ചകള്‍ എത്രത്തോളം പ്രയോജനകരമാവും എന്ന കാര്യം സംശയമാണ്. അമേരിക്കയുടെ അമിതാധികാര പ്രവണതകളെ ശക്തിയുക്തം ചെറുക്കാന്‍ മോദി ഭരണകൂടത്തിനു സന്നദ്ധത കാണില്ല. എന്നാല്‍, കേന്ദ്രം ട്രംപിന്റെ ഭീഷണികള്‍ക്കു മുമ്പില്‍ മുട്ടുമടക്കാന്‍ തയ്യാറാവരുത് എന്നാണ് രാഷ്ട്രം ആഗ്രഹിക്കുന്നത്.

Next Story

RELATED STORIES

Share it