Flash News

ഇന്ത്യ അണ്ടര്‍ 19 ടീം പരിശീലകനായി ദ്രാവിഡ് തുടരും



മുംബൈ: ഇന്ത്യ അണ്ടര്‍ 19 ക്രിക്കറ്റ് ടീം പരിശീലകനായി മുന്‍ ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡ് തുടരും. സചിന്‍ ടെണ്ടുല്‍ക്കറും വിവിഎസ് ലക്ഷ്മണും സൗരവ് ഗാംഗുലിയും അടങ്ങുന്ന ബിസിസിഐ ഉപദേശക സമിതിയാണ് രാഹുല്‍ ദ്രാവിഡിന്റെ കരാര്‍ നീട്ടി നല്‍കുന്നത്് സംബന്ധിച്ച് തീരുമാനമെടുത്തത്. കരാര്‍ പ്രകാരം രണ്ട് വര്‍ഷത്തേക്കുകൂടി ദ്രാവിഡ് ഇന്ത്യന്‍ അണ്ടര്‍ 19 ടീം പരിശീലകനായി തുടരും. എന്നാല്‍ ദ്രാവിഡിന്റെ പ്രതിഫലത്തെക്കുറിച്ചുള്ള കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ദ്രാവിഡിന് പകരം പുതിയ പരിശീലകനെ നിയമിക്കാന്‍ ബിസിസിഐ പദ്ധതിയിട്ടിരുന്നെങ്കിലും ദ്രാവിഡുമായി നേരത്തെ ഉണ്ടാക്കിയ കരാറില്‍ കാലാവധി നീട്ടിനല്‍കണമെന്ന നിബന്ധനയുണ്ടായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ഉപദേശക സമിതി ദ്രാവിഡിന്റെ കരാര്‍ നീട്ടി നല്‍കാന്‍ തീരുമാനിച്ചത്.നേരത്തെ 10 മാസത്തെ കരാറിലാണ് ദ്രാവിഡ് ഇന്ത്യയുടെ യുവനിരയെ പരിശീലിപ്പിച്ചത്. ഇതിന് നാല് കോടി രൂപയായിരുന്നു ലഭിച്ച പ്രതിഫലം. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ അണ്ടര്‍ 19 ടീമിനെ തിരഞ്ഞെടുക്കാന്‍ ബിസിസിഐ ദ്രാവിഡിനെ ക്ഷണിച്ചിരുന്നെങ്കിലും കരാര്‍ അവസാനിച്ചതിനാല്‍ ക്ഷണം ദ്രാവിഡ് നിരസിച്ചിരുന്നു. ബിസിസിഐയുടെ താല്‍ക്കാലിക ഭരണസമിതി മുന്‍ അംഗമായ രാമചന്ദ്ര ഗുഹ ദ്രാവിഡിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ഇന്ത്യന്‍ അണ്ടര്‍ 19 ടീമിന്റെ പരിശീലകനായിരിക്കെ ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ പരിശീലകനായിപ്പോയത് തെറ്റാണെന്നായിരുന്നു ഗുഹയുടെ വിമര്‍ശനം. ഒമ്പത് കോടി രൂപയാണ് ഐപിഎല്ലില്‍ ഡെല്‍ഹി ദ്രാവിഡിന് നല്‍കിയ പ്രതിഫലം.
Next Story

RELATED STORIES

Share it