ഇന്ത്യാ-യുഎസ് സൈനിക കരാറിനെ എതിര്‍ത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെയും അമേരിക്കയുടെയും സൈനിക താവളങ്ങള്‍ പരസ്പരം ഉപയോഗിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവയ്ക്കാനുള്ള ഇന്ത്യയുടെ നീക്കത്തിനെതിരേ കോണ്‍ഗ്രസ്സും ഇടതുകക്ഷികളും പ്രതിഷേധിച്ചു. ലോജിസ്റ്റിക് സപ്പോര്‍ട്ട് എഗ്രിമെന്റ് ഒപ്പുവയ്ക്കാനുള്ള തീരുമാനം വിദേശനയം രൂപീകരിക്കുന്നതിലുള്ള ഇന്ത്യയുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിരോധ മന്ത്രിയുമായ എ കെ ആന്റണി പറഞ്ഞു. വിനാശകരമായ തീരുമാനമാണിത്.
കരാര്‍ ഒപ്പുവയ്ക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണം-അദ്ദേഹം ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ തീരുമാനം ആപല്‍ക്കരവും ദേശവിരുദ്ധവുമാണെന്ന് സിപിഎം ആരോപിച്ചു. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഒരു സര്‍ക്കാരും ഇത്തരമൊരു നീക്കം നടത്തിയിട്ടില്ല. രാജ്യത്തിന്റെ നയതന്ത്രത്തിലുള്ള സ്വയം നിര്‍ണയാവകാശം മോദി സര്‍ക്കാര്‍ വാഷിങ്ടണു മുമ്പില്‍ അടിയറ വച്ചിരിക്കുകയാണെന്ന് പാര്‍ട്ടി ആരോപിച്ചു. അമേരിക്കയുമായി പൂര്‍ണമായ സൈനിക പങ്കാളിത്തമുള്ള രാജ്യമാക്കി ഇന്ത്യയെ മാറ്റുകയാണെന്നും പാര്‍ട്ടി കുറ്റപ്പെടുത്തി. കാരാറിനെതിരേ സിപിഐയും പ്രതിഷേധിച്ചു.
നിര്‍ണായകമായ നയങ്ങളില്‍ സര്‍ക്കാരിന് സുതാര്യതയില്ലെന്ന് പാര്‍ട്ടി ദേശീയ സെക്രട്ടറി ഡി രാജ പറഞ്ഞു. ഇന്ത്യ സന്ദര്‍ശിക്കുന്ന യുഎസ് പ്രതിരോധ സെക്രട്ടറി ആഷ്ടണ്‍ കാര്‍ട്ടറുമായി കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ നടത്തിയ ചര്‍ച്ചയിലാണ് കരാര്‍ ഒപ്പിടാന്‍ തീരുമാനിച്ചത്. അമേരിക്കന്‍ സേനയുടെ വിന്യാസം ഇന്ത്യന്‍ മണ്ണില്‍ അനുവദിക്കുകയില്ലെങ്കിലും പോര്‍ വിമാനങ്ങള്‍ക്കും പടക്കപ്പലുകള്‍ക്കും സൈനികര്‍ക്കും യാത്രാവഴിയില്‍ ഇന്ത്യന്‍ സന്നാഹങ്ങള്‍ ഉപയോഗിക്കാന്‍ അവസരം നല്‍കുന്നതാണ് കരാര്‍.
Next Story

RELATED STORIES

Share it