ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചത് തങ്ങളല്ലെന്ന് ഉമറും അനിര്‍ബനും

മുഹമ്മദ് സാബിത്

ന്യൂഡല്‍ഹി: ജെഎന്‍യു കാംപസില്‍ അഫ്‌സല്‍ഗുരു അനുസ്മരണച്ചടങ്ങില്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചത് തങ്ങളല്ലെന്നു കഴിഞ്ഞദിവസം കീഴടങ്ങിയ ഉമര്‍ ഖാലിദും അനിര്‍ബന്‍ ഭട്ടാചാര്യയും പോലിസില്‍ മൊഴിനല്‍കി. ചില ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടത്.
പുറത്തുനിന്നു വന്നവരാണു പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കിയതെന്ന് ഇരുവരും വെളിപ്പെടുത്തി. പരിപാടി സംഘടിപ്പിക്കാന്‍ വെളിയില്‍ നിന്നു പണം ലഭിച്ചിട്ടില്ല. കാംപസിനകത്തുതന്നെയാണു പ്രചാരണ പോസ്റ്ററുകള്‍ തയ്യാറാക്കിയത്. പരിപാടിയുടെ ആശയം താനാണു മുന്നോട്ടുവച്ചതെന്നും പോസ്റ്ററുകളും മറ്റും തയ്യാറാക്കിയത് അനിര്‍ബനാണെന്നും ഉമര്‍ പറഞ്ഞു. അതേസമയം, അഫ്‌സല്‍ഗുരു അനുസ്മരണവുമായി ബന്ധപ്പെട്ട് അധ്യാപകര്‍ക്കെതിരേ കേസെടുക്കാന്‍ ഡല്‍ഹി പോലിസ് നീക്കം തുടങ്ങി. വിദ്യാര്‍ഥികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചെന്ന കുറ്റമാവും ഇവര്‍ക്കെതിരേ ചുമത്തുക. ഉത്തരവാദികളായ അധ്യാപകര്‍ നിരീക്ഷണത്തിലാണെന്നും ഇവരില്‍ ചിലര്‍ ഒളിവിലാണെന്നും പോലിസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
അതിനിടെ, ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി 29ലേക്ക് മാറ്റി. കനയ്യയെ വീണ്ടും കസ്റ്റഡിയില്‍ ലഭിക്കാന്‍ വിചാരണക്കോടതിയെ സമീപിക്കുമെന്ന് പോലിസ് അറിയിച്ചിരുന്നു.
അഫ്‌സല്‍ഗുരു അനുസ്മരണം സംഘടിപ്പിച്ചതില്‍ കനയ്യക്ക് പങ്കുണ്ടെന്ന് കോടതിയെ പോലിസ് ബോധിപ്പിച്ചു. പരിപാടിയില്‍ ചില വിദേശികളും പങ്കെടുത്തിട്ടുണ്ട്. തിരിച്ചറിയാതിരിക്കാന്‍ ഇവര്‍ മുഖം മറച്ചിരുന്നു. കേസന്വേഷണത്തിനു ഉപയോഗിക്കുന്നത് വ്യാജ വീഡിയോ അല്ല. എഡിറ്റ് ചെയ്യാത്ത ദൃശ്യങ്ങളാണെന്നും പോലിസ് പറഞ്ഞു. അതിനിടെ, ഉമറിന്റെയും അനിര്‍ബന്റെയും സുരക്ഷയില്‍ വീഴ്ചവരുത്തരുതെന്ന് കോടതി പോലിസിന് നിര്‍ദേശം നല്‍കി.
Next Story

RELATED STORIES

Share it