Flash News

ഇന്ത്യയ്ക്ക് എന്‍എസ്ജി അംഗത്വമില്ല, മോഡിക്ക് തിരിച്ചടി

സോള്‍: 48 രാജ്യങ്ങളുടെ കൂട്ടായ്മയായ ആണവ ദാതാക്കളുടെ സംഘത്തില്‍ (എന്‍എസ്ജി) അംഗത്വം ലഭിക്കില്ല. ദക്ഷിണകൊറിയന്‍ തലസ്ഥാനമായ സോളില്‍ ചേര്‍ന്ന എന്‍എസ്ജി അംഗരാജ്യങ്ങളുടെ യോഗത്തില്‍ ഇന്ത്യക്ക് അംഗത്വം നല്‍കുന്നതിനെതിരേ കൂടുതല്‍ രാഷ്ട്രങ്ങള്‍ രംഗത്തെത്തിയതോടെ അംഗത്വക്കാര്യത്തില്‍ തീരുമാനമാകാതെ യോഗം പിരിയുകയായിരുന്നു.ആണവ നിര്‍വ്യാപനക്കരാറില്‍ ഒപ്പുവയ്ക്കാത്തതാണ് ഇന്ത്യയ്ക്ക് എന്‍എസ്ജി അംഗത്വം ലഭിക്കാതിരിക്കാന്‍ പ്രധാന തടസമായത്. ആണവ നിര്‍വ്യാപനക്കരാര്‍ ഒപ്പുവെക്കാത്ത രാജ്യങ്ങളുടെ എന്‍എസ്ജി അംഗത്വം സംബന്ധിച്ച് പൊതുധാരണയുണ്ടാകണമെന്ന് യോഗത്തില്‍ ആവശ്യം ഉയര്‍ന്നുവന്നത് ഇന്ത്യയുടെ അംഗത്വമോഹങ്ങള്‍ക്ക് തടസമാവുകയായിരുന്നു. എന്‍എസ്ജി അംഗത്വം വേണമെങ്കില്‍ ഇന്ത്യ ആദ്യം ആണവനിര്‍വ്യാപനക്കരാറില്‍ ഒപ്പുവെയ്ക്കണമെന്ന നിലപാടില്‍ ചൈന ഉറച്ചു നിന്നു.
അംഗത്വത്തിനു ശ്രമിക്കുന്ന പാകിസ്താനെ അനുകൂലിക്കുന്ന ചൈന ഇന്ത്യക്കെതിരായ നിലപാടാണു തുടക്കംമുതല്‍ സ്വീകരിച്ചത്. ചൈനയ്ക്ക് പുറമെ, ബ്രസീല്‍, ഓസ്ട്രിയ, ന്യൂസിലന്റ്, തുര്‍ക്കി, ദക്ഷിണാഫ്രിക്ക, അയര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളും യോഗത്തില്‍ ഇന്ത്യക്കെതിരായ നിലപാടെടുത്തു. അതേസമയം, യുഎസും ഫ്രാന്‍സും മെക്‌സിക്കോയും ഇന്ത്യക്ക് അനുകൂലമായി പ്രതികരിച്ചു.  ഗ്രൂപ്പില്‍ അംഗമാവാനുള്ള പാകിസ്താന്റെ നീക്കം ചര്‍ച്ചയായില്ല.
ആണവനിര്‍വ്യാപന കരാറില്‍ ഒപ്പുവയ്ക്കാത്ത രാജ്യമാണ് ഇന്ത്യയെന്ന് പലരും ചൂണ്ടിക്കാട്ടി. ഇന്ത്യക്ക് അംഗത്വം നല്‍കുന്നുണ്ടെങ്കില്‍ പാകിസ്താനും അതിന് അര്‍ഹതയുണ്ടെന്നാണ് ചൈനയുടെ നിലപാട്. കസാക്കിസ്താനിലെ തഷ്‌കന്റില്‍ ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സിഒ) യോഗത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി സോളില്‍ ഇന്ത്യക്ക് അനുകൂലമായ നിലപാടെടുക്കാന്‍ ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങിനോട് ആവശ്യപ്പെട്ടിരുന്നു. എന്‍എസ്ജി അംഗത്വം സംബന്ധിച്ചാണ് തഷ്‌കന്റിലെ യോഗത്തിലും ചര്‍ച്ച ചെയ്തത്.
എന്‍എസ്ജി അംഗത്വം ലഭിക്കുക വഴി കുറഞ്ഞ ചെലവില്‍ ആണവോര്‍ജം ലഭ്യമാവുകയും സാമ്പത്തികവളര്‍ച്ച നേടുകയും ചെയ്യാമെന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് സോളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത്. അതേസമയം എന്‍എസ്ജി അംഗത്വം നേടാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ ഫലംകാണാത്തത് പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് കടുത്ത തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. മോഡിയുടെ വിദേശയാത്രകള്‍ ഇക്കാര്യത്തില്‍ അനുകൂല സാഹചര്യനൊരുക്കുമെന്ന് പ്രചരിപ്പിക്കപ്പെട്ടിരുന്നുവെങ്കിലും അതുണ്ടാകാത്തത് മോഡിയുടെ പ്രതിച്ഛായയ്‌ക്കേറ്റ കടുത്ത തിരിച്ചടിയായി.

[related]
Next Story

RELATED STORIES

Share it