ഇന്ത്യയെ മതാധിഷ്ഠിത രാജ്യമാക്കുകയാണ് ആര്‍എസ്എസ് ലക്ഷ്യം: മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ത്യയെ മതാധിഷ്ഠിത രാജ്യമാക്കി മാറ്റാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎം ജില്ലാ സമ്മേളന സമാപനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി സര്‍ക്കാര്‍ ആര്‍എസ്എസ് നയങ്ങളാണ് നടപ്പാക്കുന്നത്. മതനിരപേക്ഷതയും ഫെഡറല്‍ സംവിധാനവും കേന്ദ്രസര്‍ക്കാര്‍ തകര്‍ക്കുകയാണ്. പകയും വിദ്വേഷവും ചേരിതിരിവും ഉണ്ടാക്കി കലാപം സൃഷ്ടിക്കാനാണ് ആര്‍എസ്എസ് ശ്രമം. മതന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുന്നു. ഗാന്ധിജിയെ വെടിവച്ചുകൊന്നവരുടെ പിന്‍ഗാമികള്‍ ഗോഡ്‌സെയെ ദൈവമായി കാണുന്നു. രാജ്യത്തിന്റെ നിലനില്‍പ്പാണു പ്രധാനം. ആര്‍എസ്എസിനെയും ബിജെപിയെയും പരാജയപ്പെടുത്താന്‍ വേണ്ടത് വിപുലമായ യോജിപ്പും ഇടതുപക്ഷ ഐക്യവുമാണെങ്കിലും അതിനൊക്കെ അടിസ്ഥാനം സിപിഎമ്മിന്റെ കരുത്താണെന്നും അദ്ദേഹം പറഞ്ഞു. ജനജീവിതം മോദി സര്‍ക്കാര്‍ ദുസ്സഹമാക്കുകയാണ്. കാര്‍ഷികമേഖല തകര്‍ന്നടിഞ്ഞു. കോര്‍പറേറ്റുകള്‍ക്കു വേണ്ടിയാണ് കേന്ദ്രഭരണം. നികുതി ചുമത്തുന്ന സര്‍വ അധികാരവും കേന്ദ്രസര്‍ക്കാര്‍ എടുത്തിരിക്കുകയാണ്. അതാണ് ജിഎസ്ടി. കേന്ദ്രസര്‍ക്കാരിന്റെ പിടിപ്പുകെട്ട ഭരണമാണ് ഇതിനു കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it