Flash News

ഇന്ത്യയുമായുള്ള ഇടപാടുകള്‍ നിര്‍ത്തിവയ്ക്കണം; ആക്റ്റിവിസ്റ്റുകളുടെ അറസ്റ്റില്‍ യൂറോപ്യന്‍ പാര്‍ലമെന്റംഗങ്ങള്‍ പ്രതിഷേധിച്ചു

ന്യൂഡല്‍ഹി: മഹാരാഷ്ട്ര പോലിസ് അറസ്റ്റ് ചെയ്ത മനുഷ്യാവകാശ പ്രവര്‍ത്തകരെ വിട്ടയക്കുന്നതു വരെ ഇന്ത്യയുമായുള്ള ഇടപാടുകള്‍ നിര്‍ത്തിവയ്ക്കണമെന്ന് യൂറോപ്യന്‍ പാര്‍ലമെന്റംഗങ്ങള്‍ യൂറോപ്യന്‍ യൂനിയനോട് ആവശ്യപ്പെട്ടു. യൂറോപ്യന്‍ പാര്‍ലമെന്റിലെ ഒമ്പത് അംഗങ്ങള്‍ യൂറോപ്യന്‍ യൂനിയന്റെ ഉന്നത വിദേശ, സുരക്ഷാ നയരൂപീകരണ സമിതി മേധാവി ഫെഡറിക മുഗീനിക്ക് അയച്ച കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
ഇന്ത്യയുടെ പ്രധാന വ്യാപാരപങ്കാളിയാണ് യൂറോപ്യന്‍ യൂനിയന്‍. മനുഷ്യരെ വേര്‍തിരിക്കുകയും ദലിതരെയും ആദിവാസികളെയും മതന്യൂനപക്ഷങ്ങളെയും കൊലപ്പെടുത്തുകയും മനുഷ്യാവകാശ പ്രവര്‍ത്തകരെ ജയിലിലടയ്ക്കുകയും ചെയ്യുന്ന ഒരു സര്‍ക്കാരുമായി എങ്ങനെയാണ് യൂറോപ്യന്‍ കമ്മീഷന് ബന്ധപ്പെടാന്‍ കഴിയുകയെന്ന് കത്ത് ചോദിക്കുന്നു. അറസ്റ്റിലായവര്‍ക്കെതിരേ മുഴുവനും യുഎപിഎ നിയമം ചുമത്തിയിട്ടുണ്ട്. കൊളോണിയല്‍ കാലത്തെ നിയമചട്ടങ്ങളാണിത്. തീര്‍ത്തും കെട്ടിച്ചമച്ചുണ്ടാക്കിയ കുറ്റങ്ങളുടെ പേരിലാണ് അറസ്റ്റ്.
ജനാധിപത്യശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരായ നടപടിയെന്ന് കത്തില്‍ ആരോപിക്കുന്നു. ഇതിനകം തന്നെ ക്ഷീണിച്ച ഇന്ത്യന്‍ ജനാധിപത്യസംവിധാനത്തിനു നേര്‍ക്കുള്ള ഗുരുതര ആക്രമണമാണ് അറസ്റ്റ്. ഡല്‍ഹി യൂനിവേഴ്‌സിറ്റിയിലെ വികലാംഗനായ അധ്യാപകന്‍ പ്രഫ. ജി എന്‍ സായിബാബയെ അറസ്റ്റ് ചെയ്തു പീഡിപ്പിച്ചതുള്‍പ്പെടെയുള്ള സംഭവങ്ങളും കത്തില്‍ പരാമര്‍ശിക്കുന്നു. ഈ മാസം 12നാണ് കത്ത് പുറത്തുവിട്ടത്. മനുഷ്യാവകാശ പ്രവര്‍ത്തകരെ വിട്ടയക്കുകയും ആദിവാസി, ദലിത്, മതന്യൂനപക്ഷ വിഭാഗങ്ങളെയും കശ്മീര്‍, മണിപ്പൂര്‍ എന്നിവിടങ്ങളിലെ ജനങ്ങളെയും വേട്ടയാടുന്നത് അവസാനിപ്പിക്കുകയും ചെയ്യുന്നതുവരെ ഇന്ത്യയുമായുള്ള എല്ലാ കരാര്‍ ഇടപാടുകളും റദ്ദാക്കണമെന്നും കത്ത് ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം 20നാണ് വിപ്ലവകവി വരവരറാവു, സുധാ ഭരദ്വാജ്, ഗൗതം നവ്‌ലാഖ, വെര്‍ണന്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേറ എന്നിവരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
ക്ലാര അഗ്യൂലിറ, മരിയ ലിഡിയ സെര്‍ണ, ആന്‍ജലാ വല്ലിന, പലോമ ലോപസ് (നാലുപേരും സ്‌പെയിന്‍), ക്ലാഡൂ മൊറായിസ്, ജൂലീ വര്‍ഡ് (ഇരുവരും ഇംഗ്ലണ്ട്), മെര്‍ജ കില്ലോനെന്‍ (ഫിന്‍ലന്‍ഡ്), അനാ ഗോമസ് (പോര്‍ച്ചുഗല്‍), സൈപിരിന്‍ തന്‍സിക്യു (റുമാനിയ) എന്നിവരാണ് കത്തില്‍ ഒപ്പുവച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it