World

ഇന്ത്യയുമായി ചര്‍ച്ച നടത്താത്തതില്‍ നിരാശയില്ലെന്ന് പാകിസ്താന്‍

ഇസ്‌ലാമാബാദ്: ഇന്ത്യയുമായുള്ള സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കാത്തതില്‍ പാകിസ്താന് നൈരാശ്യമില്ലെന്ന് പാക് വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ്. ചര്‍ച്ച നടക്കാത്തതില്‍ പാകിസ്താന് അസ്വാസ്ഥ്യമില്ലെന്നും സര്‍താജ് അസീസിനെ ഉദ്ധരിച്ച് ഡോണ്‍ പത്രം റിപോര്‍ട്ട് ചെയ്തു.
പാകിസ്താനുമായുള്ള സുഹൃദ് ബന്ധത്തിനോ സമാധാനചര്‍ച്ചകള്‍ക്കോ ഇന്ത്യ ഒരിക്കലും വാതില്‍ തുറന്നിട്ടില്ലെന്നും സര്‍താജ് അസീസ് ആരോപിച്ചു. ദക്ഷിണേഷ്യയില്‍ സമാധാനം കൊണ്ടുവരണമെങ്കില്‍ ഏകോപനമാണ് ആദ്യം വേണ്ടത്. ചര്‍ച്ചകള്‍ തുടരുമെന്നാണ് ഡിസംബറില്‍ തീരുമാനിച്ചത്. എന്നാല്‍, ജനുവരിയില്‍ പത്താന്‍കോട്ട് വ്യോമ ആസ്ഥാനത്തുണ്ടായ ആക്രമണത്തെത്തുടര്‍ന്ന് അതു മുടങ്ങി. അതുവരെയുണ്ടായ പുരോഗതി കാറ്റില്‍ പറന്നു.
പാകിസ്താനുമായുള്ള സൗഹൃദത്തിന്റെയും സമാധാനചര്‍ച്ചയുടെയും വാതില്‍ അടയുകയാണെന്ന കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറുടെ പ്രസ്താവനയ്ക്ക് മറുപടിയായാണ് അസീസിന്റെ പരാമര്‍ശം. ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരായി നടപടികള്‍ കൈക്കൊണ്ടാല്‍ ചര്‍ച്ച നടത്താമെന്നാണ് ഇന്ത്യ പറയുന്നത്.
ഭീകരവാദത്തെ പൂര്‍ണമായും തുടച്ചുനീക്കാന്‍ ഏതു രാജ്യത്തിനാണു കഴിയുകയെന്നും അദ്ദേഹം ചോദിച്ചു. കശ്മീര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഇന്ത്യ ചര്‍ച്ച ചെയ്യണമെന്നാണ് പാകിസ്താന്‍ ആവശ്യപ്പെടുന്നത്.
വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ പാക് സന്ദര്‍ശനത്തോടെ ആരംഭിച്ച ഇന്തോ- പാക് ചര്‍ച്ചകള്‍ പത്താന്‍കോട്ട് ആക്രമണത്തോടെയാണു മുടങ്ങിയത്. ആക്രമണത്തിനു പിന്നില്‍ പാക് സായുധസംഘമായ ജയ്‌ശെ മുഹമ്മദ് ആണെന്നാണ് ഇന്ത്യ ആരോപിക്കുന്നത്.
Next Story

RELATED STORIES

Share it