ഇന്ത്യയുടേത് വര്‍ഗീയതയെ സ്വീകരിക്കുന്ന മണ്ണല്ല: എ സഈദ്

കോഴിക്കോട്: ഇന്ത്യയുടേത് വര്‍ഗീയതയെ സ്വീകരിക്കുന്ന മണ്ണല്ലെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എ സഈദ്. വര്‍ഗീയ ഭീകരതയ്‌ക്കെതിരേ സംഘടിപ്പിച്ച 'നിവര്‍ന്നുനില്‍ക്കുക, മുട്ടിലിഴയരുത്' ദേശീയ കാംപയിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ മണ്ണ് വര്‍ഗീയതയെ സ്വീകരിക്കുന്ന മണ്ണല്ലെന്ന സന്ദേശമാണ് ബിജെപി അധികാരത്തിലേറിയ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പു പോലും നല്‍കുന്നത്. കാരണം അവര്‍ക്ക് വെറും 31 ശതമാനം വോട്ടുകളെ നേടാനായുള്ളൂ. ചില തെറ്റുകളാണ് ബിജെപിയെ അധികാരത്തിലേറ്റിയത്. 69 ശതമാനം തങ്ങളുടെ കൂടെയുണ്ടായിട്ടും ബിജെപിയെ തടയാനാവാതിരുന്ന പ്രതിപക്ഷ കക്ഷികളും ആ തെറ്റിന് ആക്കം കൂട്ടി.
100 വര്‍ഷത്തെ കഠിനപ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ഹിന്ദുത്വശക്തികള്‍ക്ക് അധികാരം ലഭിച്ചത്. ബിജെപിക്കു പകരം എന്‍ഡിഎ എന്ന പേരിലാണ് അവര്‍ മല്‍സരിച്ചു വിജയിച്ചത്. ഹിന്ദുത്വ വര്‍ഗീയ അജണ്ട ഒളിച്ചുവച്ച് വികസനമെന്ന മോഹനവാഗ്ദാനം മുന്നില്‍വച്ചാണ് നരേന്ദ്ര മോദി അധികാരത്തില്‍ വന്നത്. കോര്‍പറേറ്റുകള്‍ 30,000 കോടി മോദിക്കായി ചെലവഴിച്ചു. ഈ സംഖ്യയുടെ ഇരട്ടി തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് ഇന്ത്യന്‍ സാമ്പത്തിക രംഗത്തു കാണുന്നത്.
നമ്മുടെ നാട് വര്‍ഗീയതയുടെ മണ്ണല്ല. ചില തെറ്റുകളാണ് ബിജെപിയെ അധികാരത്തില്‍ എത്തിച്ചത്. ആയിരക്കണക്കിനു കലാപങ്ങള്‍ക്കു നേതൃത്വം നല്‍കിയ ബിജെപിയും ഗുജറാത്തില്‍ കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയ മോദിയും അധികാരത്തില്‍ വന്നത് വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിച്ചാണ്. വോട്ട് ചെയ്ത കര്‍ഷകരും സാധാരണക്കാരും ഇപ്പോള്‍ ഖേദിക്കുന്നു. മോദിയുടെ മനസ്സിലെ വികസനം കോര്‍പറേറ്റുകള്‍ക്കുള്ളതാണ്.
സാക്ഷി മഹാരാജ് ഉള്‍പ്പെടെയുള്ളവര്‍ പറയുന്നത് ഇന്ത്യന്‍ ജനത പുച്ഛത്തോടെ തള്ളും. രാജ്യത്തിന്റെ മാനവികതയ്ക്കു വേണ്ടി പ്രവര്‍ത്തിച്ച സാഹിത്യകാരന്മാരെയും പൊതുപ്രവര്‍ത്തകരെയും ഹിന്ദുത്വ ഭീകരര്‍ കൊല്ലുന്നു. വിവരാവകാശ പ്രവര്‍ത്തകരായ നിരവധി പേരാണു കൊല്ലപ്പെട്ടതെന്നും എ സഈദ് പറഞ്ഞു.
ഫാഷിസ്റ്റ് ഭരണകൂടത്തോടുള്ള വിയോജിപ്പ് സധൈര്യം രേഖപ്പെടുത്തി കേന്ദ്ര സാഹിത്യ അക്കാദമി അംഗത്വം രാജിവച്ച എഴുത്തുകാരന്‍ പി കെ പാറക്കടവിനെ ചടങ്ങില്‍ ആദരിച്ചു.സംസ്ഥാന സെക്രട്ടറി റോയ് അറക്കല്‍ പി കെ പാറക്കടവിന് മൊമെന്റോ നല്‍കി.സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ എം അഷ്‌റഫ് അധ്യക്ഷത വഹിച്ചു. പി കെ പാറക്കടവ്, ആലപ്പി രങ്കനാഥ്, കെ വി ഗണേഷ് (നാടക പ്രവര്‍ത്തകന്‍), കെ എച്ച് നാസര്‍ (ജനറല്‍ സെക്രട്ടറി, പോപുലര്‍ ഫ്രണ്ട്),അഡ്വ. ആനന്ദകനകം (സാമൂഹിക പ്രവര്‍ത്തക) പ്ര സംഗിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് സ്വാഗതവും കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി നന്ദിയും പറഞ്ഞു.
Next Story

RELATED STORIES

Share it