Sports

ഇന്ത്യയുടെ സൂപ്പര്‍ ഹിറ്റ്മാന്‍



നാഗ്പൂര്‍: വീരേന്ദര്‍ സെവാഗിന് ശേഷം ഓപണിങില്‍ ഇന്ത്യക്ക് ലഭിച്ച വെടിക്കെട്ട് ബാറ്റ്‌സ്്മാനാണ് രോഹിത് ശര്‍മ. കൂറ്റന്‍ ഷോട്ടുകളോടെ ഇന്ത്യയുടെ 'ഹിറ്റ്മാന്‍' വിശേഷണം നേടിയെടുത്ത രോഹിതിന്റെ ബാറ്റിങ് മികവ് ആസ്‌ത്രേലിയക്കെതിരായ ഏകദിന പരമ്പരയിലും ആവര്‍ത്തിച്ചു. ചരിത്ര നേട്ടങ്ങള്‍ അക്കൗണ്ടിലാക്കിയാണ് രോഹിത് ഓസീസ് പര്യടനം പൂര്‍ത്തിയാക്കിയത്. ഏകദിനത്തില്‍ ഇന്ത്യന്‍ താരങ്ങളില്‍ വേഗതയില്‍ 2000 റണ്‍സ് നേടുന്ന താരമെന്ന് റെക്കോഡാണ് രോഹിത് സ്വന്തമാക്കിയത്. 42 ഇന്നിങ്‌സുകളില്‍ നിന്ന് 2000 റണ്‍സ് പൂര്‍ത്തിയാക്കിയ രോഹിത് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെയും (45 ) ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെയും (46) റെക്കോഡാണ് തിരുത്തി എഴുതിയത്. ആസ്‌ത്രേലിയക്കെതിരെ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടിയ താരമെന്ന നേട്ടവും ഓസീസ് പരമ്പരയിലൂടെ രോഹിത് നേടിയെടുത്തിരുന്നു. കൂടാതെ ഏകദിനത്തില്‍ 6000 റണ്‍സും രോഹിത് പൂര്‍ത്തിയാക്കി.ഓസീസിനെതിരായ അഞ്ചാം ഏകദിനത്തിലൂടെ തന്റെ 14ാം ഏകദിന സെഞ്ച്വറിയാണ് രോഹിത് സ്വന്തമാക്കിയത്. ഇതില്‍ ഒമ്പത് തവണ രോഹിത് സെഞ്ച്വറി നേടിയപ്പോഴും ഇന്ത്യ വിജയം സ്വന്തമാക്കിയിട്ടുണ്ട്. ഇത് കൂടാതെ ആസ്‌ത്രേലിയക്കെതിരെ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോഡും രോഹിത് നേടിയെടുത്തു. ആറ് സെഞ്ച്വറികളാണ് രോഹിത് ഓസീസിനെതിരെ അടിച്ചെടുത്തിട്ടുള്ളത്. ഒമ്പത് സെഞ്ച്വറികള്‍ നേടിയ ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍ക്കറാണ് ഈ നേട്ടത്തില്‍ രോഹിതിന് മുന്നിലുള്ളത്. ഈ വര്‍ഷത്തില്‍ രോഹിത് നാല് ഏകദിന സെഞ്ച്വറിയാണ് നേടിയിട്ടുള്ളത്. ആസ്‌ത്രേലിയക്കെതിരെ മികച്ച പ്രകടനം പുറത്തെടുക്കുന്ന രോഹിത് 28 ഏകദിനങ്ങളില്‍ നിന്ന് നിന്ന് 66. 37 ശരാശരിയില്‍ 1593 റണ്‍സാണ് ഇതുവരെ അക്കൗണ്ടിലാക്കിയത്. അഞ്ചാം ഏകദിനത്തില്‍ കളിയിലെ താരമായ രോഹിത് 10ാം തവണയാണ് മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരത്തിന് അര്‍ഹനാവുന്നത്.ഐസിസിയുടെ ഏറ്റവും പുതിയ ഏകദിന റാങ്കിങില്‍ അഞ്ചാം സ്ഥാനത്താണ് രോഹിത് ഉള്ളത്.
Next Story

RELATED STORIES

Share it