Flash News

ഇന്ത്യയുടെ സമുദ്രോല്‍പന്ന കയറ്റുമതി സര്‍വകാല റെക്കോഡില്‍



കൊച്ചി: ഇന്ത്യയില്‍ നിന്നുള്ള ചെമ്മീനിനും മല്‍സ്യത്തിനും വിദേശത്ത് പ്രിയമേറിയതോടെ രാജ്യത്തിന്റെ സമുദ്രോല്‍പന്ന കയറ്റുമതി 2016-17ല്‍ 37,870 കോടി രൂപ (5.78 ബില്യണ്‍ യുഎസ് ഡോളര്‍)യുടെ സര്‍വകാല റെക്കോഡിലെത്തി. ആകെ കയറ്റുമതിയുടെ അളവില്‍ 38.28 ശതമാനവും ഡോളര്‍ കണക്കിലെ ആകെ വരുമാനത്തില്‍ 64.50 ശതമാനം ചെമ്മീനാണ്. ചെമ്മീന്‍ കയറ്റുമതി അളവില്‍ 16.21 ശതമാനവും ഡോളര്‍ മൂല്യത്തില്‍ 20.33 ശതമാനവും വര്‍ധിച്ചു. കയറ്റുമതിയുടെ അളവില്‍ 26.15 ശതമാനവും വരുമാനത്തില്‍ 11.64 ശതമാനവുമായി രണ്ടാം സ്ഥാനത്തുള്ളത് മല്‍സ്യമാണ്. ഈ കാലയളവില്‍ ഇത് 26.92 ശതമാനത്തിന്റെ മൂല്യവര്‍ധന രേഖപ്പെടുത്തി. അമേരിക്ക, ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങള്‍ എന്നിവയാണ് ഇന്ത്യയില്‍ നിന്നുള്ള പ്രധാന ഇറക്കുമതിക്കാര്‍. യൂറോപ്യന്‍ യൂനിയനില്‍ നിന്നുള്ള ആവശ്യക്കാരും ഈ കാലയളവില്‍ ഗണ്യമായി  വര്‍ധിച്ചിട്ടുണ്ട്. 1,88,617 ടണ്‍ ഇന്ത്യന്‍ സമുദ്രോല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്ത അമേരിക്കയാണ് ആകെ ഇറക്കുമതി മൂല്യത്തില്‍ 29.98 ശതമാനവുമായി മുന്നില്‍. ആകെ കയറ്റുമതിയുടെ ഡോളര്‍ വിലയില്‍ 29.91 ശതമാനം വിഹിതവുമായി ദക്ഷിണ പൂര്‍വേഷ്യയാണ് ഇന്ത്യയുടെ രണ്ടാമത്തെ വലിയ വിപണി. യൂറോപ്യന്‍ യൂനിയന്‍ (17.98 ശതമാനം), ജപ്പാന്‍ (6.83 ശതമാനം), മധ്യപൂര്‍േവഷ്യ (4.78 ശതമാനം), ചൈന (3.50 ശതമാനം), മറ്റ് രാജ്യങ്ങള്‍ (7.03 ശതമാനം) എന്നിങ്ങനെയാണ് കയറ്റുമതി വിഹിത കണക്കുകള്‍. ദക്ഷിണ പൂര്‍വേഷ്യയിലേക്കുള്ള കയറ്റുമതി അളവില്‍ 47.41 ശതമാനവും രൂപയിലെ വിലയില്‍ 52.84 ശതമാനവും ഡോളര്‍ വരുമാനത്തില്‍ 49.90 ശതമാനവും വര്‍ധിച്ചു. വനാമി ചെമ്മീനിന്റെ ഉല്‍പാദന വര്‍ധന, ജലകൃഷിവര്‍ഗങ്ങളുടെ വൈവിധ്യവല്‍ക്കരണം, ഗുണമേന്മ ഉറപ്പുവരുത്തുന്നതിനുള്ള സുസ്ഥിര നടപടികള്‍, മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വര്‍ധന എന്നിവയാണ് സമുദ്രോല്‍പന്ന കയറ്റുമതിയിലെ ഇന്ത്യയുടെ മികച്ച വളര്‍ച്ചയ്ക്ക് കാരണമായതെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. 2016-17 വര്‍ഷത്തില്‍ ചെമ്മീനിന്റെ ആകെ കയറ്റുമതി അളവ് 4,34,484 ടണ്ണും മൂല്യം 3,726.36 മില്യണ്‍ യുഎസ് ഡോളറുമാണ്. ചെമ്മീനും മല്‍സ്യവും കൂടാതെ ഇന്ത്യയുടെ പ്രധാന സമുദ്ര ഭക്ഷ്യോല്‍പന്നമായ കൂന്തള്‍ കയറ്റുമതി അളവില്‍ 21.50 ശതമാനവും രൂപയിലെ മൂല്യത്തില്‍ 59.44 ശതമാനവും ഡോളര്‍ മൂല്യത്തില്‍ 57 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി. കണവ കയറ്റുമതി അളവിന്റെ കാര്യത്തില്‍ ഇടിവ് രേഖപ്പെടുത്തിയെങ്കിലും രൂപയിലെ മൂല്യത്തില്‍ 18.85 ശതമാനവും ഡോളര്‍ മൂല്യത്തില്‍ 16.95 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി. ഉണക്കിയ ഉല്‍പന്നങ്ങള്‍ കയറ്റുമതി അളവില്‍ 40.98 ശതമാനവും രൂപയിലെ മൂല്യത്തില്‍ 20.14 ശതമാനവും ഡോളര്‍ മൂല്യത്തില്‍ 79.05 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി. ഇന്ത്യന്‍ തുറമുഖങ്ങള്‍ 2016-17ല്‍ 37,870.90 കോടി രൂപ (5,777.61 മില്യണ്‍ ഡോളര്‍) മൂല്യമുള്ള 11,34,948 ടണ്‍ സമുദ്രോല്‍പന്നങ്ങളുടെ ചരക്ക് കൈകാര്യം ചെയ്തു. 2015-16ല്‍ ഇത് 30,420.83 കോടി രൂപ (4,687.94 മില്യണ്‍ ഡോളര്‍) മൂല്യമുള്ള 9,45,892 ടണ്‍ സമുദ്രോല്‍പന്നങ്ങളായിരുന്നു. വിശാഖപട്ടണം, കൊച്ചി, കൊല്‍ക്കത്ത, പിപവാവ്, ജവഹര്‍ലാല്‍ നെഹ്‌റു പോര്‍ട്ട്, മുംബൈ (ജെഎന്‍പി) എന്നിവയാണ് 2016-17ല്‍ സമുദ്രോല്‍പന്ന ചരക്ക് കൈകാര്യം ചെയ്ത പ്രധാന തുറമുഖങ്ങള്‍. വിശാഖപട്ടണം, കൊച്ചി, കൊല്‍ക്കത്ത. പിപവാവ്, ജെഎന്‍പി, കൃഷ്ണപട്ടണം, തൂത്തുക്കുടി എന്നിവിടങ്ങളിലെ കയറ്റുമതി 2015-16 വര്‍ഷത്തെ അപേക്ഷിച്ച് മെച്ചപ്പെട്ടു.
Next Story

RELATED STORIES

Share it