ഇന്ത്യയുടെ ശക്തി സഹിഷ്ണുത

നാഗ്പൂര്‍: ഇന്ത്യയുടെ ശക്തി സഹിഷ്ണുതയും ആത്മാവ് ബഹുമതവിശ്വാസവുമാണെന്ന് മുന്‍ രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രണബ് കുമാര്‍ മുഖര്‍ജി. ബഹുസ്വരതയാണ് രാജ്യത്തിന്റെ മുഖമുദ്രയെന്നും അദ്ദേഹം പറഞ്ഞു. നാഗ്പൂരിലെ ആര്‍എസ്എസിന്റെ സംഘ് ശിക്ഷാ വര്‍ഗില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യം, ദേശീയത, രാജ്യസ്‌നേഹം എന്നിവയെക്കുറിച്ച് കഴിഞ്ഞ 50 വര്‍ഷം കൊണ്ട് ആര്‍ജിച്ചെടുത്ത തന്റെ കാഴ്ചപ്പാടുകളെ കുറിച്ച് സംസാരിക്കാനാണ് ഈ വേദിയിലെത്തിയത്. അസഹിഷ്ണുതയാണ് ഇന്ത്യയുടെ വ്യക്തിത്വത്തെ ഇല്ലാതാക്കുന്നത്. വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്നത് അതിന്റെ സ്വത്വത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. രാജ്യത്തോടുള്ള സമര്‍പ്പണമാണ് ദേശസ്‌നേഹം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവര്‍ക്ക് വേണ്ടി ഇന്ത്യയുടെ വാതില്‍ എപ്പോഴും തുറന്നുകിടക്കുകയാണ്. മതേതരത്വമാണ് ഇന്ത്യയുടെ മതം. ഇതാണു നമ്മെ വിശിഷ്ടരും സഹിഷ്ണുതയുള്ളവരുമാക്കി മാറ്റുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
നിങ്ങള്‍ യുവാക്കളാണ്; കൃത്യമായി പരിശീലനം ലഭിച്ചവര്‍, ഉന്നത വിദ്യാഭ്യാസമുള്ളവര്‍. നിങ്ങള്‍ രാജ്യത്തിന്റെ സമാധാനത്തിനും ഐക്യത്തിനും വേണ്ടി പ്രവര്‍ത്തിക്കണം. നമ്മുടെ രാജ്യം ആഗ്രഹിക്കുന്നത് അതാണ്. മനുഷ്യന് ആവശ്യവും അതാണെന്ന് മുഖര്‍ജി ആര്‍എസ്എസ് കാഡര്‍മാരോട് പറഞ്ഞു.
ഇന്ത്യ സാമ്പത്തികമായി മുന്നേറുന്നുണ്ടെങ്കിലും ലോകത്ത് സന്തോഷം കുറഞ്ഞ രാജ്യങ്ങളിലാണ് നമ്മുടെ സ്ഥാനം. സര്‍ക്കാരിന്റെ ഏതു പദ്ധതിയുടെയും കേന്ദ്രബിന്ദു ജനങ്ങളായിരിക്കണം. അവരെ വിഭജിക്കുന്നതൊന്നും ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസിന്റെ ചടങ്ങില്‍ പങ്കെടുക്കുന്നതിനെതിരേ വിവിധ കോണുകളില്‍ നിന്ന് പ്രണബ് മുഖര്‍ജിക്ക് വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍, താനവിടെ പോകുന്നതല്ല, എന്താണ് പറയുന്നത് എന്നതാണ് പ്രധാനമെന്നാണ് അദ്ദേഹം വിമര്‍ശനങ്ങളോട് പ്രതികരിച്ചത്.
Next Story

RELATED STORIES

Share it