ഇന്ത്യയുടെ രാഷ്ട്രീയ, സാമ്പത്തിക വ്യവസ്ഥിതി നരേന്ദ്രമോദി തകര്‍ത്തു: എ സഈദ്‌

കൊച്ചി/ആലുവ: ഇന്ത്യയുടെ രാഷ്ട്രീയ, സാമ്പത്തിക വ്യവസ്ഥിതി നരേന്ദ്രമോദി തകര്‍ത്തുവെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എ സഈദ്. എസ്ഡിപിഐ സംസ്ഥാന നേതാക്കള്‍ക്ക് എറണാകുളം രാജേന്ദ്ര മൈതാനിയില്‍ ഒരുക്കിയ സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനാധിപത്യമെന്നത് പരസ്പര ധാരണയും വിശ്വാസവുമാണ്. അതു തകരുന്ന സ്ഥിതിയാണു രാജ്യത്തുള്ളത്. മുസ്‌ലിംകളും ദലിതുകളും ആദിവാസികളും അനുഭവിച്ചുകൊണ്ടിരിക്കുന്ന സ്വാതന്ത്ര്യം ഫാഷിസ്റ്റുകള്‍ തകര്‍ത്തുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പു സംവിധാനങ്ങള്‍ ഇന്ന് അപകടത്തിലാണ്. ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകള്‍ തകരാറിലാണെന്ന വ്യാപക പരാതി പരാജയം മറയ്ക്കാന്‍ പറയുന്ന ഒരു കാര്യം മാത്രമല്ല. ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളെക്കുറിച്ച് ഉയര്‍ന്ന പരാതികളെല്ലാം താമരയ്ക്ക് വോട്ട് കൂടുന്നുവെന്നതായിരുന്നുവെന്നത് മറന്നുപോവരുത്.
പരിഷ്‌കൃത രാജ്യങ്ങള്‍ മുഴുവന്‍ ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകള്‍ ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ കോടതികളും ഭരണസംവിധാനങ്ങള്‍ മുഴുവനും ഫാഷിസ്റ്റ് ശക്തികള്‍ക്കു വേണ്ടി സംസാരിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ സൈന്യവും ഇവരുടെ ചൊല്‍പ്പടിക്ക് നില്‍ക്കുകയാണ്. രാജ്യത്ത് മതേതരശക്തികള്‍ എന്നു പറയുന്നവരെല്ലാം പരാജയം സമ്മതിച്ചിരിക്കുകയാണ്. ഫാഷിസത്തിനെതിരേ മതേതരകക്ഷികള്‍ എന്നു പറയുന്നവര്‍ തിരഞ്ഞെടുപ്പുകളില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യുന്നില്ല. ലോക്‌സഭാ ഇലക്ഷനിലും ബിജെപിക്കെതിരേ വിശാല കാഴ്ചപ്പാട് ഉണ്ടാവുമെന്നു തോന്നുന്നില്ല.
ഇന്ത്യയുടെ രാഷ്ട്രീയ,  സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക മേഖലകള്‍ തകര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ ഒരു വെല്ലുവിളിയും എറ്റെടുക്കുക അസാധ്യമല്ലെന്ന് എസ്ഡിപിഐ പ്രഖ്യാപിക്കുന്നു. എസ്ഡിപിഐ  ഉയര്‍ത്തിപ്പിടിക്കുന്ന ലക്ഷ്യം നേടിയെടുക്കുന്നത് വിദൂരമാണെങ്കില്‍പ്പോലും ഇച്ഛാശക്തിയോടെ മുന്നോട്ടുപോവുമെന്നും ജനപക്ഷ ബദലിനായുള്ള എസ്ഡിപിഐയുടെ സന്ദേശം കൂടുതല്‍ പ്രസക്തമാവുന്നുവെന്നും എ സഈദ് പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി, എസ്ഡിടിയു സംസ്ഥാന ഖജാഞ്ചി നിസാമുദ്ദീന്‍ തച്ചോണം, വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ കെ സുഹറാബി, തുളസീധരന്‍ പള്ളിക്കല്‍, എം കെ മനോജ്കുമാര്‍, റോയ് അറക്കല്‍ സംസാരിച്ചു.മഴക്കാലരോഗങ്ങള്‍ തടയാ ന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണം, മദ്യത്തിന്റെ ലഭ്യത വ്യാപകമാക്കുന്ന സര്‍ക്കാര്‍ നയം തിരുത്തുക, ലൈഫ് മിഷന്‍ വഴി കേരളത്തെ കോളനിവല്‍ക്കരിക്കരുത്, പൈതൃക കേന്ദ്രങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്കു വില്‍പന നടത്തുമെന്ന സര്‍ക്കാര്‍ നയം തിരുത്തുക, എയ്ഡഡ് മേഖലകളിലെ നിയമനം പിഎസ്‌സിക്കു വിടുക, സംസ്ഥാനത്തെ പോലിസ്‌രാജ് അവസാനിപ്പിക്കണം, ഭൂരഹിതരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടണം, ഇന്ത്യന്‍ തൊഴില്‍നിയമ ഭേദഗതി നിയമം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കുക, സംവരണത്തെ അട്ടിമറിക്കാന്‍ ഭരണതലത്തില്‍ നീക്കം തുടങ്ങുന്നത് ഗൗരവപൂര്‍വം നിരീക്ഷിക്കപ്പെടണം എന്നീ വിഷയങ്ങളില്‍ പ്രമേയങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു.
ആലുവയില്‍ നിന്നു നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെയാണ് നേതാക്കളെ സ്വീകരണസമ്മേളന വേദിയായ രാജേന്ദ്ര മൈതാനിയിലേക്ക് ആനയിച്ചത്. സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് വി കെ ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. നേതാക്കള്‍ക്ക് ജില്ലാ കമ്മിറ്റിയുടെ ഉപഹാരവും ചടങ്ങില്‍ നല്‍കി. സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി, വൈസ് പ്രസിഡന്റുമാരായ എം കെ മനോജ്കുമാര്‍, മുവാറ്റുപുഴ അഷ്‌റഫ് മൗലവി, കെ കെ റൈഹാനത്ത് ടീച്ചര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി അബ്ദുല്‍ ഹമീദ്, തുളസീധരന്‍ പള്ളിക്കല്‍, റോയ് അറക്കല്‍, ഖജാഞ്ചി അജ്മല്‍ ഇസ്മായില്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഷമീര്‍ മാഞ്ഞാലി, ജില്ലാ സെക്രട്ടറി സുല്‍ഫിക്കര്‍ അലി സംസാരിച്ചു.
Next Story

RELATED STORIES

Share it