ഇന്ത്യയും സൗദിയും തൊഴില്‍-നിക്ഷേപ സഹകരണ കരാറുകളില്‍ ഒപ്പുവച്ചു

റഷീദ് ഖാസിമി

റിയാദ്: കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തികസഹായം നല്‍കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട രഹസ്യാന്വേഷണ വിവരങ്ങള്‍ കൈമാറുന്നതു സംബന്ധിച്ച സഹകരണ കരാറില്‍ ഇന്ത്യയും സൗദിയും ഒപ്പുവച്ചു. സാമ്പത്തിക കുറ്റകൃത്യവുമായി ബന്ധപ്പെട്ട് സംയുക്ത അന്വേഷണം നടത്താനും ഇരുരാജ്യങ്ങളും ധാരണയായി.
സൗദിയിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് വിവിധ മേഖലകളില്‍ സഹകരിക്കാന്‍ ഇരുരാജ്യങ്ങളും കരാറിലെത്തിയത്. യമാമ കൊട്ടാരത്തിലെത്തിയ മോദിയെയും സംഘത്തെയും സല്‍മാന്‍ രാജാവ് സ്വീകരിച്ചു.
ഇരുരാഷ്ട്രങ്ങളും തമ്മില്‍ മികച്ച സൗഹൃദബന്ധമാണുള്ളതെന്നും പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഈ ബന്ധത്തിനു കരുത്തു പകരുമെന്നും സല്‍മാന്‍ രാജാവ് പറഞ്ഞു. സാമ്പത്തിക രഹസ്യാന്വേഷണവിവരങ്ങള്‍ കൈമാറുന്നതു സംബന്ധിച്ച കരാറില്‍ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ഡോ. സുബ്രഹ്മണ്യം ജയശങ്കറും സൗദി സാമ്പത്തികാന്വേഷണവിഭാഗം മേധാവി മേജര്‍ ജനറല്‍ ഫഹദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍മഗ്‌ലൂത്തും ഒപ്പുവച്ചു.
തൊഴില്‍മേഖലയുമായി ബന്ധപ്പെട്ട കരാറില്‍ സൗദി തൊഴില്‍മന്ത്രാലയം അണ്ടര്‍ സെക്രട്ടറി സിയാദ് ബിന്‍ ഇബ്രാഹീം അല്‍ സായിഗും ഇന്ത്യന്‍ അംബാസഡര്‍ അഹ്മദ് ജാവേദും ഒപ്പുവച്ചു. നിക്ഷേപരംഗത്ത് കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കാന്‍ ഉഭയകക്ഷി സഹകരണത്തിനും ധാരണയായി.
Next Story

RELATED STORIES

Share it