ഇന്ത്യയും ജപ്പാനും സൈനികേതര ആണവകരാറില്‍ ഒപ്പുവച്ചു

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: ഇന്ത്യയും ജപ്പാനും സൈനികേതര ആണവകരാറില്‍ ഒപ്പുവച്ചു. മൂന്നു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയിലാണ് കരാറില്‍ ഒപ്പുവച്ചത്. പ്രതിരോധ-ആണവോര്‍ജ മേഖലകളിലെ പ്രധാനപ്പെട്ട നിരവധി കരാറുകളിലാണ് ഇരുരാജ്യങ്ങളും ധാരണയിലെത്തിയത്.
ഏകദേശം 98,000 കോടി രൂപ ചെലവില്‍ മുംബൈക്കും അഹ്മദാബാദിനും ഇടയിലുള്ള ആദ്യ ബുള്ളറ്റ് ട്രെയിന്‍ പാത നിര്‍മാണം സംബന്ധിച്ച കരാറിലും ഇന്ത്യയും ജപ്പാനും ഒപ്പുവച്ചു. 505 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് 80,000 കോടി രൂപയുടെ സാമ്പത്തിക സഹായവും സാങ്കേതികവിദ്യയും ജപ്പാന്‍ നല്‍കും. 50 വര്‍ഷത്തേക്ക് കുറഞ്ഞ പലിശനിരക്കിലാണ് വായ്പ നല്‍കുക. പദ്ധതി യാഥാര്‍ഥ്യമായാല്‍ എട്ടു മണിക്കൂര്‍ യാത്രാദൂരമുള്ള അഹ്മദാബാദ്-മുംബൈ യാത്ര മൂന്നു മണിക്കൂറായി ചുരുങ്ങും.
നഗരവികസനം, അടിസ്ഥാനസൗകര്യ വികസനം, പ്രതിരോധ സാങ്കേതികവിദ്യാ കൈമാറ്റം, ആയുധ നിര്‍മാണം എന്നിവയ്ക്കായുള്ള കരാറുകളിലും ഒപ്പുവച്ചു. പത്തു വര്‍ഷത്തെ ചര്‍ച്ചകള്‍ക്കു ശേഷമാണ് ഇരുരാജ്യങ്ങളും തമ്മില്‍ സൈനികേതര ആണവകരാറിലെത്തുന്നത്. ഊര്‍ജോല്‍പാദന മേഖലയിലടക്കം സമാധാനമേഖലയിലാണ് സഹകരണം. ഇന്ത്യ ഇനിയും ആണവപരീക്ഷണം നടത്തരുതെന്ന ജപ്പാന്റെ ഉപാധിയില്‍ തീരുമാനമാവാതെ കിടന്ന ആണവോര്‍ജ കരാറാണ് ഉഭയകക്ഷി ചര്‍ച്ചയില്‍ യാഥാര്‍ഥ്യമായിരിക്കുന്നത്.
ഇന്ത്യയില്‍ നിര്‍മിക്കുന്ന മാരുതി കാറുകള്‍ ജപ്പാനിലേക്ക് കയറ്റിയയക്കും. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ജപ്പാന്‍ പങ്കാളിയാവും. ഇതിനായി 12 ബില്യന്‍ ഡോളര്‍ നിക്ഷേപിക്കും. നേരത്തേ 35 ബില്യന്‍ ഡോളര്‍ നിക്ഷേപം ജപ്പാന്‍ ഉറപ്പു നല്‍കിയിരുന്നതായി മോദി പറഞ്ഞു. വാരണാസിയില്‍ ജപ്പാന്റെ പങ്കാളിത്തത്തില്‍ കണ്‍വന്‍ഷന്‍ സെന്റര്‍ നിര്‍മിക്കും.
ഊര്‍ജ-വാണിജ്യരംഗത്തെ സഹകരണത്തിനു പുറമേ പരസ്പര വിശ്വാസവും സഹകരണവും ദൃഢപ്പെടുത്തുക എന്നതാണ് കരാര്‍ വഴി ലക്ഷ്യമിടുന്നതെന്ന് ഇരുരാജ്യങ്ങളും പ്രഖ്യാപിച്ചു. ഇന്തോ-പസഫിക് മേഖലയുടെ ഐശ്വര്യത്തിനും ലോകസമാധാനത്തിനും പ്രത്യേക നയതന്ത്രങ്ങളും ആഗോളപങ്കാളിത്തവും ഉറപ്പുവരുത്തുമെന്നു പ്രധാനമന്ത്രിമാര്‍ വ്യക്തമാക്കി. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായി കൂടിക്കാഴ്ച നടത്തിയ ആബേ വാരണാസി സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it