ഇന്ത്യയും ചൈനയും ചര്‍ച്ച നടത്തി

ന്യൂഡല്‍ഹി: അതിര്‍ത്തി പ്രശ്‌നത്തിന് അന്തിമ പരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമായി ഇന്ത്യയും ചൈനയും ചര്‍ച്ച നടത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും ചൈനീസ് സ്‌റ്റേറ്റ് കൗണ്‍സിലര്‍ യാങ് ജിച്ചിയും തമ്മിലായിരുന്നു കൂടിക്കാഴ്ച. അതിര്‍ത്തി പ്രശ്‌നം സംബന്ധിച്ച് ചര്‍ച്ചയ്ക്കായി നിയോഗിക്കപ്പെട്ട പ്രത്യേക പ്രതിനിധികളാണവര്‍.അതിര്‍ത്തി പ്രശ്‌നത്തിന് ശാശ്വത പരിഹാരം തേടുന്നതിന് അതിര്‍ത്തിയില്‍ സമാധാനവും ശാന്തിയും നിലനിര്‍ത്തേണ്ടത് അനിവാര്യമാണെന്ന് ഇരുവിഭാഗവും അംഗീകരിച്ചു. ഇതിനായി ആത്മവിശ്വാസമുണര്‍ത്തുന്ന നടപടികള്‍ സംബന്ധിച്ച ആശയങ്ങള്‍ ഇരു വിഭാഗവും കൈമാറി. ദോക്‌ലാം പ്രതിസന്ധി കഴിഞ്ഞ അധ്യായമായി പിന്തള്ളാനാണ് ചര്‍ച്ചയില്‍ ഇരുപക്ഷവും ശ്രമിച്ചത്. ചര്‍ച്ച ക്രിയാത്മകമായിരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.73 ദിവസം നീണ്ട ദോക്‌ലാം സംഘര്‍ഷത്തിനു ശേഷം ഇതാദ്യമായിട്ടാണ് ഇന്ത്യയും ചൈനയും ചര്‍ച്ച. ഭിന്നതകള്‍ അവസാനിപ്പിക്കുന്നതിന് ആദരവോടെ പരസ്പര സ്വീകാര്യമായ പരിഹാരത്തിനാണ് ചര്‍ച്ച ഊന്നല്‍ നല്‍കിയത്.ദോക്‌ലാം പ്രതിസന്ധി ചര്‍ച്ച ചെയ്തുവെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ വാര്‍ത്താകുറിപ്പിലില്ല. ദോക്‌ലാം പ്രശ്‌നം ചര്‍ച്ച ചെയ്തുവോ എന്ന ചോദ്യത്തില്‍ നിന്ന് ചൈനീസ് വിദേശ മന്ത്രാലയത്തിന്റെ വക്താവ് ഒഴിഞ്ഞുമാറി.
Next Story

RELATED STORIES

Share it