ഇന്ത്യയില്‍ 1.38 കോടി ജനങ്ങള്‍ മലേറിയ ഭീഷണിയില്‍

പി വി വേണുഗോപാല്‍

ആലപ്പുഴ: ഘോര യുദ്ധങ്ങളും വന്‍ പ്രകൃതിദുരന്തങ്ങളും കഴിഞ്ഞാല്‍ മനുഷ്യരാശിയെ ഏറ്റവും കൂടുതല്‍ കൊന്നൊടുക്കിയ മലമ്പനി അഥവാ മലേറിയ ലോകത്ത് 106 രാജ്യങ്ങളിലായി 300 കോടിയിലേറെ പേരുടെ ജീവനു ഭീഷണി ഉയര്‍ത്തുന്നതായി ലോകാരോഗ്യ സംഘടന.ഇന്ത്യയില്‍ 1.38 കോടി ആളുകള്‍ മലേറിയ ഭീഷണിയിലാണെന്ന് നാഷനല്‍ വെക്ടര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ പ്രോഗ്രം ശേഖരിച്ച വിവരങ്ങള്‍ വെളിപ്പെടുത്തുന്നു.
2012 കാലഘട്ടത്തില്‍ രാജ്യത്ത് ഈരോഗം ബാധിച്ച് 519 പേര്‍ മരിച്ചെങ്കില്‍ 2014 എത്തിയപ്പോള്‍ 562 ആയി വര്‍ധിച്ചതായി റിപോര്‍ട്ടില്‍ പറയുന്നു. ത്രിപുരയിലും ഒഡീഷയിലുമാണ് രോഗബാധ ഏറ്റവുമധികം റിപോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മലമ്പനിയടക്കമുള്ള പകര്‍ച്ചവ്യാധികളെ കെട്ടുകെട്ടിച്ചതിന്റെ പേരിലാണ് കേരളമാതൃക വികസനം ലോക വ്യാപകമായി കൊട്ടിഘോഷിക്കപ്പെട്ടത്. എന്നാല്‍, കേരളത്തിലും മലേറിയ ഇപ്പോ ള്‍ പെരുകുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
കഴിഞ്ഞവര്‍ഷം മാത്രം 1128 കേസുകളാണ് സംസ്ഥാനത്ത് റിപോര്‍ട്ട് ചെയ്തത്. കൊല്ലം, ഇടുക്കി ജില്ലകളിലായി രണ്ടുപേര്‍ രോഗബാധിതരായി മരണടഞ്ഞു. കാസര്‍കോട്, എറണാകുളം, കണ്ണൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് കഴിഞ്ഞ വര്‍ഷം മലേറിയ ബാധ കൂടുതലായി റിപോര്‍ട്ട് ചെയ്യപ്പെട്ടത്, ഏറ്റവും കുറവ് പത്തനംതിട്ടയിലും. ഇതര സംസ്ഥാന തൊഴിലാളികളുടെ ബാഹുല്യമാണ് രോഗവര്‍ധനയ്ക്കു കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം. വിവിധ ആവശ്യങ്ങള്‍ക്കായി മറ്റു സംസ്ഥാനങ്ങളിലെത്തി തിരിച്ചെത്തിയവര്‍ക്കും രോഗം ബാധിച്ചതായി കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.ഏകകോശ ജീവികള്‍ ഉള്‍ക്കൊള്ളുന്ന ഫൈലം പ്രോട്ടോസോവ വിഭാഗത്തില്‍ പ്ലാസ്‌മോഡിയം ജനുസില്‍പ്പെട്ട പരാദങ്ങളാണ് ഈ രോഗമുണ്ടാക്കുന്നത്.
അനോഫിലിസ് ജെനുസില്‍പ്പെടുന്ന പെണ്‍കൊതുകുകളാണ് രോഗം പരത്തുന്നത്. മനുഷ്യരെ മാത്രമല്ല മൃഗങ്ങളെയും ഈരോഗം കൂട്ടത്തോടെ കൊന്നൊടുക്കാറുണ്ട്. മലേറിയയുടെ രണ്ടിനം പരാദങ്ങളും അവയുടെ വാഹകരായ കൊതുകുകളും ഉഷ്ണം വര്‍ധിക്കുന്നതനുസരിച്ച് പെരുകുന്നുവെന്ന ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്റ് ട്രോപ്പിക്കല്‍ മെഡിസിനിലെ വിദഗ്ധരുടെ പഠനവും ആഗോള താപനമുയര്‍ത്തുന്ന ഏറ്റവും വലിയ ഭീഷണി മാരകമായ സാംക്രമിക രോഗങ്ങളുടെ വ്യാപനമായിരിക്കുമെന്ന ഐക്യരാഷ്ട്ര സംഘടനയുടെയും ലോകാരോഗ്യ സംഘടനയുടെയും മുന്നറിയിപ്പുമാണ് മലമ്പനിക്കെതിരായി ലോക വ്യാപകമായി പോരാടുന്നവരില്‍ ആശങ്ക വിതയ്ക്കുന്നത്.ലോകത്തെ ദരിദ്ര ജനവിഭാഗങ്ങളാണ് ഈ മഹാമാരിയുടെ മുഖ്യ ഇരകള്‍.
പട്ടിണി മുഖമുദ്രയായിട്ടുള്ള ആഫ്രിക്കന്‍ രാജ്യങ്ങളിലെ കുഞ്ഞുങ്ങളുടെ ജീവനാണ് മലേറിയ എറ്റവും കൂടുതല്‍ വിഴുങ്ങുന്നത്. പട്ടിണിയുടെ പര്യായമായ എത്യോപ്യയില്‍ മാത്രം പ്രതിവര്‍ഷം 9 ദശലക്ഷം മലേറിയ ബാധകള്‍ ഉണ്ടാവുന്നുണ്ടെന്നും 70,000 മരണങ്ങള്‍ സംഭവിക്കുന്നുണ്ടെന്നുമാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഓരോ വര്‍ഷവും ലോകത്ത് 50 കോടി ആളുകള്‍ക്ക് കൊതുകുകടി മൂലം മലമ്പനി പിടിപെടുന്നുണ്ട്. അതില്‍ 20 ലക്ഷത്തോളം ആളുകള്‍ മരണപ്പെടുന്നുമുണ്ട്.
ലോകത്ത് ഈ രോഗം സ്ഥിരീകരിച്ചതില്‍ 80 ശതമാനവും ഇന്ത്യ, എതോപ്യ, പാകിസ്താ ന്‍, ഇന്തോനീസ്യ എന്നീ നാലു രാജ്യങ്ങളില്‍ നിന്നാണെന്ന് ലോകാരോഗ്യ സംഘടനയുടെ പഠനത്തില്‍ പറയുന്നു.
മലേറിയ രോഗപ്രതിരോധം, ചികില്‍സ തുടങ്ങിയവയെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിന് 2007ല്‍ നടന്ന ലോകാരോഗ്യ സമ്മേളനത്തിലാണ് ഏപ്രില്‍ 25 ലോക മലേറിയ ദിനമായി പ്രഖ്യാപിച്ചത്. ലിറ ാമഹമശമ ളീൃ ഴീീറ എന്നതാണ് ഇത്തവണത്തെ മലേറിയ ദിനത്തില്‍ ലോകാരോഗ്യ സംഘടന മുന്നോട്ടുവയ്ക്കുന്ന മുദ്രാവാക്യം. ലോകത്തിന്റെ നന്മയ്ക്കായി മലേറിയ എന്ന മഹാമാരിയെതുരത്താനുള്ള പോരാട്ടത്തില്‍ പങ്കാളികളാവാനാണ് ലോകാരോഗ്യ സംഘടനയുടെ ക്ഷണം.
Next Story

RELATED STORIES

Share it