World

ഇന്ത്യയില്‍ മാധ്യമങ്ങള്‍ വേട്ടയാടപ്പെടുന്നു: യുഎസ് മനുഷ്യാവകാശ റിപോര്‍ട്ട്‌

വാഷിങ്ടണ്‍: ഇന്ത്യയില്‍ നരേന്ദ്ര മോദി ഭരണകൂടത്തെ വിമര്‍ശിക്കുന്ന മാധ്യമങ്ങളെ വേട്ടയാടുന്നതായി യുഎസ് വിദേശകാര്യ വിഭാഗത്തിന്റെ വാര്‍ഷിക മനുഷ്യാവകാശ റിപോര്‍ട്ട്. വാര്‍ത്തകള്‍ പുറത്തുകൊണ്ടുവന്നതിനെ തുടര്‍ന്ന് ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തകര്‍ ആക്രമണങ്ങളും പീഡനങ്ങളും നേരിട്ടതായി യുഎസ് റിപോര്‍ട്ടില്‍ പറയുന്നു.
1990 മുതല്‍ ഇന്ത്യയില്‍ 80 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്നും എന്നാല്‍, ഈ കേസുകളില്‍ ഒരാള്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടതെന്നുമുള്ള പ്രസ് കൗണ്‍സിലിന്റെ കണക്കും യുഎസ് റിപോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ഓണ്‍ലൈനിലൂടെയും മൊബൈല്‍ ഫോണുകളിലൂടെയുമുള്ള ഭീഷണികളും അധിക്ഷേപങ്ങളും ഇന്ത്യയിലെ സാമൂഹിക പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും നേരിടുന്നുണ്ട്. കൂടുതലായും വനിതകളാണ് ഇത്തരം പീഡനങ്ങള്‍ നേരിടുന്നത്. ട്രോളുകളുടെ രൂപത്തിലടക്കം ട്വീറ്റുകളായും മറ്റു സാമൂഹിക മാധ്യമ പരാമര്‍ശങ്ങളായും ഇത്തരത്തില്‍ ആയിരക്കണക്കിന് അധിക്ഷേപ പരാമര്‍ശങ്ങള്‍ ചിലര്‍ക്കെതിരേ പ്രചരിക്കുന്നതായും യുഎസ് വിദേശകാര്യവിഭാഗം റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാരിനു പുറമേ വിമതസായുധ വിഭാഗങ്ങളില്‍ നിന്നും ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു പീഡനമേല്‍ക്കുന്നതായും റിപോര്‍ട്ടില്‍ പറയുന്നു.
വിദേശഫണ്ട് സ്വീകരിക്കുന്ന സന്നദ്ധ സംഘടനകള്‍ക്കെതിരായ കേന്ദ്രസര്‍ക്കാര്‍ നടപടികളെയും റിപോര്‍ട്ടില്‍ വിമര്‍ശിക്കുന്നു. പോലിസും സൈന്യവും പങ്കാളികളായ കൊലപാതകങ്ങളടക്കമുള്ള കുറ്റകൃത്യങ്ങളെക്കുറിച്ചും റിപോര്‍ട്ട് പരാമര്‍ശിക്കുന്നു.ജുഡീഷ്യറിയുടെ അനുമതി നേടാതെ ജനങ്ങളുടെ മൊബൈല്‍, ഇന്റര്‍നെറ്റ് ആശയവിനിമയങ്ങള്‍ ഇന്ത്യയിലെ സര്‍ക്കാര്‍ ഏജന്‍സികള്‍ നിരീക്ഷിക്കുന്നതായും റിപോര്‍ട്ടില്‍ പറയുന്നു.
Next Story

RELATED STORIES

Share it