Flash News

ഇന്ത്യയില്‍ പ്രതിദിനം 3,600 ബാലവിവാഹങ്ങള്‍

ഭുവനേശ്വര്‍: ബാലവിവാഹങ്ങള്‍ തടയാന്‍ കര്‍ക്കശ നടപടി സ്വീകരിക്കണമെന്നു ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. 18 വയസ്സിനു താഴെയുള്ള കുട്ടികളുടെ വിവാഹം വലിയ ദേശീയ പ്രശ്‌നമാണെന്നു കമ്മീഷന്‍ സെക്രട്ടറി ജനറല്‍ അംബുജ് ശര്‍മ പറഞ്ഞു. ബാലവിവാഹം സംബന്ധിച്ച മേഖലാ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലോകത്തു നടക്കുന്ന ബാലവിവാഹങ്ങളില്‍ 40 ശതമാനത്തിലധികവും ഇന്ത്യയിലാണ്. രാജ്യത്തു ഓരോ ദിവസവും 3,600 ബാലവിവാഹങ്ങള്‍ നടക്കുന്നു. എന്നാല്‍ ഏതാനും കേസുകള്‍ മാത്രമാണു റിപോര്‍ട്ട് ചെയ്യുന്നത്. ബാലവിവാഹ നിരോധന നിയമപ്രകാരം 2015, 2016 വര്‍ഷങ്ങളില്‍ യഥാക്രമം 293ഉം 326ഉം ബാലവിവാഹങ്ങള്‍ മാത്രമാണു നടന്നതെന്നാണു നാഷനല്‍ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കെന്നും ജനറല്‍ അംബുജ് ശര്‍മ  പറഞ്ഞു. ദേശീയ കുടുംബക്ഷേമ ആരോഗ്യ സര്‍വേ-4 ന്റെ കണക്കു പ്രകാരം പശ്ചിമ ബംഗാളിലെ മൊത്തം വിവാഹങ്ങളില്‍ 40.7 ശതമാനം ബാലവിവാഹങ്ങളാണ്. 39.1 ശതമാനത്തോടെ ബിഹാര്‍ തൊട്ടു പിന്നിലുണ്ട്. ജാര്‍ഖണ്ഡില്‍ 38 ശതമാനവും രാജസ്ഥാനില്‍ 35.4 ശതമാനവും ബാലവിവാഹങ്ങള്‍ നടക്കുന്നു. പഞ്ചാബും കേരളവുമാണ് ഏറ്റവും പിന്നില്‍. ഇവിടങ്ങളില്‍ മൊത്തം വിവാഹങ്ങളുടെ 7.6 ശതമാനമാണു ബാലവിവാഹം. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ബാലവിവാഹത്തില്‍ പഞ്ചാബില്‍ 61.42 ശതമാനവും കേരളത്തില്‍ 50 ശതമാനവും കുറവു വന്നിട്ടുണ്ടെന്നും ശര്‍മ പറഞ്ഞു.
Next Story

RELATED STORIES

Share it