ഇന്ത്യയില്‍ ആദായനികുതിദായകര്‍ ഒരു ശതമാനം മാത്രം

ന്യൂഡല്‍ഹി: ശതകോടിയിലധികം ജനസംഖ്യയുള്ള ഇന്ത്യയില്‍ ആദായനികുതി അടയ്ക്കുന്നത് ഒരുശതമാനം പേര്‍ മാത്രമാണെന്നു കേന്ദ്രസര്‍ക്കാര്‍ രേഖകള്‍. സുതാര്യത ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രം പുറത്തുവിട്ട രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കഴിഞ്ഞ 15 വര്‍ഷത്തെ നികുതി വിവരങ്ങളാണ് പഠനവിധേയമാക്കിയതെങ്കിലും 2012-13 സാമ്പത്തിക വര്‍ഷത്തിലെ നികുതിദായകരുടെ വിവരങ്ങള്‍ മാത്രമേ പുറത്തുവിട്ട രേഖകളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളു. പ്രസ്തുത സാമ്പത്തിക വര്‍ഷം ആദായനികുതിയിനത്തില്‍ ഒരു കോടിയിലധികം രൂപ അടച്ചത് 5430 പേരാണ്.
2.87 കോടി പേര്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും ഇവരില്‍ 1.62 കോടി പേര്‍ ആദായനികുതി അടച്ചിട്ടില്ല. 123 കോടി ജനസംഖ്യയുള്ള രാജ്യത്ത് നികുതിയടച്ച 1.25 കോടിയാളുകളുടെ എണ്ണം ആകെ ജനസംഖ്യയുടെ ഒരു ശതമാനം മാത്രമാണ്. നികുതിദായകരില്‍ 89 ശതമാനം(1.11 കോടി പേര്‍) പേരും 1.5 ലക്ഷം രൂപയില്‍ താഴെ ആദായനികുതി അടയ്ക്കുന്നവരാണ്. ഈ 1.11 കോടിയാളുകള്‍ നല്‍കുന്ന ശരാശരി ആദായനികുതി 21,000 രൂപ.
100 കോടി രൂപയിലധികം പ്രതിവര്‍ഷം ആദായ നികുതി അടയ്ക്കുന്നത് മൂന്നുപേര്‍ മാത്രമാണെന്നും രേഖകള്‍ വ്യക്തമാക്കുന്നു. 2000-01 സാമ്പത്തിക വര്‍ഷം 31764 കോടി രൂപയാണ് ആദായനികുതിയായി സര്‍ക്കാരിന് ലഭിച്ചത്.
2015-16 സാമ്പത്തിക വര്‍ഷമിത് 9 മടങ്ങായി വര്‍ധിച്ചു. 2.86 ലക്ഷം കോടി. 2012-13 സാമ്പത്തിക വര്‍ഷം ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചവരുടെ വാര്‍ഷിക ശമ്പളം 5.5 ലക്ഷത്തിനും 9.5 ലക്ഷത്തിനും ഇടയിലാണെന്നും സര്‍ക്കാര്‍ രേഖകളിലുണ്ട്. 11 ലക്ഷം പേര്‍ മാത്രമാണ് വാര്‍ഷിക ശമ്പളം 10 ലക്ഷത്തിന് മുകളിലാണെന്ന് സമ്മതിച്ചിട്ടുള്ളത്.
മഹാരാഷ്ട്രയാണ് ആദായ നികുതി വരുമാനത്തില്‍ മുന്നില്‍. 2014-15 സാമ്പത്തിക വര്‍ഷം 2,77,720.11 കോടിയാണ് മഹാരാഷ്ട്രയില്‍ നിന്നുള്ള ആദായനികുതി വിഹിതം. ഇത് മൊത്തം വരുമാനത്തിന്റെ 40 ശതമാനമാണ്.
2013-14 സാമ്പത്തിക വര്‍ഷത്തില്‍ നിന്നും 2012-13ലേക്കെത്തിയപ്പോള്‍ ആദായനികുതി അടയ്ക്കുന്നവരുടെ എണ്ണം 3.7 ലക്ഷമായി കുറഞ്ഞു. 2013-14 കാലയളവില്‍ 4.87 കോടി നികുതിദായകരാണ് ഉണ്ടായിരുന്നത്. 2012-13ല്‍ 4.9 കോടി പേരും.
Next Story

RELATED STORIES

Share it