Kollam Local

ഇന്ത്യയിലേത് അപകടകരമായ രാഷ്ട്രീയ കാലാവസ്ഥ:ശശികുമാര്‍

കൊല്ലം: സോഷ്യലിസത്തിന് പകരം കാട്ടാളത്തം നടപ്പാക്കാനാണ് കേന്ദ്രം ഭരിക്കുന്ന വര്‍ഗീയ ഫാഷിസ്റ്റുകള്‍ ശ്രമിക്കുന്നതെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകനും ഏഷ്യന്‍ കോളജ് ഓഫ് ജേണലിസം ചെയര്‍മാനുമായ ശശികുമാര്‍ അഭിപ്രായപ്പെട്ടു.
എസ്എഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ആശ്രാമം യൂനുസ് കണ്‍വന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാട്ടാളത്തം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ആള്‍ക്കൂട്ട-ദുരഭിമാന കൊലപാതകങ്ങള്‍ അരങ്ങേറുന്നത്.
എന്ത് ധരിക്കണം, എന്ത് കഴിക്കണം, എന്തൊക്കെ കാണണം, ഏത് മതവിശ്വാസത്തെ പിന്തുടരണം എന്നൊക്കെ തീരുമാനിക്കുന്നത് അവരാണ്. 31 ശതമാനം വോട്ട് മാത്രമാണ് ഉള്ളതെങ്കിലും പാര്‍ലമെന്റിനെ കൈപ്പിടിയിലൊതുക്കി ജനാധിപത്യ പ്രക്രിയയെ അവര്‍ ഹൈജാക്ക് ചെയ്യുന്നു.
ഭരണഘടനാസ്ഥാപനങ്ങള്‍ പോലും ആക്രമണങ്ങളില്‍ നിന്ന് മുക്തമല്ല. കേന്ദ്രസര്‍ക്കാരിന്റെ കോര്‍പറേറ്റ്-ഫാഷിസ്റ്റ് നയങ്ങളെ എതിര്‍ക്കാന്‍ കോണ്‍ഗ്രസില്‍ കഴിയില്ലെന്നും ശശികുമാര്‍ പറഞ്ഞു. അവരുടെ സിരകളില്‍ ചുകപ്പ് രക്തമല്ല, കാവിനിറമാണ് തൊലിയ്ക്കടിയിലെന്ന് വ്യക്തമായി കഴിഞ്ഞു.
അതുകൊണ്ടാണ് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി നാഗ്പൂരില്‍ പോയി ആര്‍എസ്എസ് സ്ഥാപകനെ രാജ്യത്തിന്റെ ധീരനായ പുത്രന്‍ എന്ന് വിശേഷിപ്പിച്ചത്.എഴുപതുകളിലെപ്പോലെ അപകടകരമായ രാഷ്ട്രീയ കാലാവസ്ഥയാണ് ഇന്ത്യയില്‍ ഇന്നുള്ളത്.
അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. ജനാധിപത്യ വാദികളെയും ജനാധിപത്യ സംവിധാനങ്ങളെയും ഇല്ലായ്മ ചെയ്യാനാണ് ശ്രമം.
കാംപസുകളില്‍ രാഷ്ട്രീയം നിരോധിക്കാനുള്ള നീക്കവും ഇതിന്റെ ഭാഗമായാണെന്ന് ശശികുമാര്‍ പറഞ്ഞു.സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി തോമസ് അധ്യക്ഷത വഹിച്ചു.
സ്വാഗതസംഘം ചെയര്‍മാന്‍ കെ എന്‍ ബാലഗോപാല്‍, സംസ്ഥാന സെക്രട്ടറി എം വിജില്‍, ജനറല്‍ സെക്രട്ടറി വിക്രം സിങ്, സിപിഎം ജില്ലാ സെക്രട്ടറി എസ് സുദേവന്‍, സൂസന്‍കോടി പങ്കെടുത്തു.
Next Story

RELATED STORIES

Share it